'എല്ലാ പെണ്ണുപിടിയന്മാർക്കും ഞാനെതിരാ'; അതിജീവിതമാരുടെ കാവലാളായ വിഎസ്

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ തന്റെ കാർക്കശ്യം വിടാതെ അയാൾ അതിജീവിതകൾക്ക് വേണ്ടി പ്രതികരിച്ചു

'സ്ത്രീ പീഡകരെ കയ്യാമം വച്ച് നടത്തിക്കും, എല്ലാ പെണ്ണുപിടിയന്മാർക്കും ഞാനെതിരാ…' സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിട്ടുവീഴ്ച്ചകളില്ലാതെ പോരാടിയ നേതാവ്, അതായിരുന്നു വിഎസ് അച്യുതാനന്ദൻ. സൂര്യനെല്ലിയും വിതുരയും കവിയൂരും കിളിയൂരുമൊക്കെ പലരും മറന്നപ്പോൾ വിഎസിന്റെ മനസിൽ ആ പെൺകുട്ടികളുടെ ദയനീയമായ തേങ്ങൽ മാത്രമായിരുന്നു, അയാൾ അത് മറക്കാൻ തയ്യാറായില്ല. കാലം മാറി, പദവികൾ മാറി എന്നിട്ടും കാർക്കശ്യക്കാരനായ വിഎസിന്റെ സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന്, ആ ശബ്ദത്തിന് ഒരിക്കലും മാറ്റമുണ്ടായില്ല. തന്റെ നിലപാടിൽ നിന്ന് കടുകിട മാറാതെ അയാൾ ഉറച്ചു നിന്നു, കേരളത്തിന്റെ ഒരേയൊരു വിഎസ്. എന്തുകൊണ്ട് വിഎസ് ഇത്ര ജനകീയനാകുന്നു, എന്തുകൊണ്ട് കർക്കശ്യക്കാരനായ ഈ സഖാവിന് ഇത്രയധികം സ്ത്രീ പിന്തുണ ലഭിക്കുന്നു? ഒറ്റ ഉത്തരം പീഡിപ്പിക്കപ്പെട്ട സ്ത്രീകൾക്ക് വേണ്ടി കൈക്കൊണ്ട നിലപാട്. ജനപ്രിയ നേതാവായി തുടരുമ്പോഴും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ തന്റെ കാർക്കശ്യം വിടാതെ അയാൾ അതിജീവിതകൾക്ക് വേണ്ടി പ്രതികരിച്ചു.

ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസ് പോലെ അവസാനിക്കാത്ത പല നിയമപോരാട്ടങ്ങൾക്കും വിഎസ് നേതൃത്വം നൽകിയിട്ടുണ്ട്. തെളിവില്ലെന്ന് പറഞ്ഞ് നീതിപീഠം തള്ളിക്കളഞ്ഞ നിരവധി കേസുകളിൽ പുനരന്വേഷണ സാധ്യതകൾ തിരഞ്ഞ് ഹർജികളെത്തി. തടയിടാൻ പലഘടകങ്ങൾ പല രീതിയിൽ ശ്രമിച്ചെങ്കിലും അതിലൊന്നും വഴങ്ങാതെ ഉറച്ച പാറക്കല്ല് പൊലെ വിഎസ് നിലകൊണ്ടു. കിളിരൂർ കേസിലെ വിഐപി വിവാദത്തിൽ പാർട്ടി തള്ളിപ്പറഞ്ഞിട്ടും വിഎസ് പതറിയില്ല. സ്ത്രീപീഡകരെ കയ്യാമം വച്ച് നടത്തിക്കും എന്ന നിലപാടിൽ ഉറച്ചുനിന്നും, അന്നത്തെ അദ്ദേഹത്തിന്റെ ആ തീരുമാനത്തിന് പിന്തുണയായി നിന്നത് കേരളത്തിലെ പൊതുജനമായിരുന്നു.

പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലും, മനസാക്ഷി മരവിപ്പിച്ച വാളയാർ കേസിലും തുടങ്ങി കേരളത്തിലെ അതിജീവിതകൾക്ക് വേണ്ടി വിഎസിന്റെ ഉറച്ച ശബ്ദം മുഴങ്ങി കേട്ടു. പാർട്ടി നോക്കിയായിരുന്നില്ല വിഎസിന്റെ പ്രതികരണം, സിപിഎം നേതാക്കൾക്കെതിരെയും വിഎസ് ആഞ്ഞടിച്ചു. ആ ചൂട് പൊള്ളിച്ചവരുടെ കൂട്ടത്തിൽ പി ശശിയും ഉണ്ടായിരുന്നു.

ആലപ്പുഴ പീഡനക്കേസ്

1970 നവംബർ രണ്ടിന് നടന്ന പൊലീസ് പ്രതികളായ ബലാത്സംഗക്കേസായിരുന്നു ആലപ്പുഴ പീഡനക്കേസ്. ആരും അറിയാതെ, കേരളജനത ഉണരും മുൻപ് ഒതുക്കിത്തീർക്കാൻ ശ്രമിച്ച പീഡനക്കേസ് വിഎസ് ഒറ്റരാത്രി ഇരുട്ടി വെളുക്കും മുൻപ് മലയാളിക്ക് മുന്നിൽ തുറന്നുവച്ചു. നെഹ്‌റു ട്രോഫി വാർഡിൽ നാല് കർഷകത്തൊഴിലാളി യുവതികളെ എട്ട് പൊലീസുകാർ ചേർന്ന് ബലാത്സംഗം ചെയ്‌തെന്ന വാർത്ത കേരളമറിഞ്ഞത് വിഎസ് വഴിയായിരുന്നു. അവര്‍ക്ക് നീതി നേടിക്കൊടുക്കാൻ വിഎസ് അശ്രാന്തം പരിശ്രമിച്ചു. ആലപ്പുഴ പീഡനക്കേസിനെക്കുറിച്ച് വിഎസ് അറിഞ്ഞത് ടെലിഗ്രാം വഴിയായിരുന്നു. ടെലിഗ്രാം കയ്യിൽ കിട്ടുമ്പോൾ സമയം പുലർച്ചെ ഒന്നരമണി. പക്ഷെ നേരം വെളുക്കും വരെ കാത്തുനിൽക്കാൻ വിഎസിന് സമയമുണ്ടായിരുന്നില്ല. ഒരു സെക്കന്റ് പോലും വൈകിപ്പിക്കാതെ ഉടൻ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് തിരിച്ചു. സംഭവസ്ഥലത്തെത്തി അതിജീവിതരായ സ്ത്രീകളോട് സംസാരിക്കുകയും, വിവരങ്ങൾ ശേഖരിക്കുകയും ചെയ്ത ശേഷം അപ്പോൾ തന്നെ വീണ്ടും തിരുവനന്തപുരത്തേക്ക്. പിറ്റേന്ന് നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കുക എന്നതായിരുന്നു ലക്ഷ്യം.

നവംബർ രണ്ടിന് നടന്ന പീഡനം, നവംബർ മൂന്നിന് തന്നെ അടിയന്തര പ്രമേയമായി വിഎസ് നിയമസഭയിലെത്തിച്ചു. 'ഇന്നലെ രാത്രി ഏതാണ്ട് ഒരു മണിയോടുകൂടി കിട്ടിയ ടെലിഗ്രാം അനുസരിച്ച് ഞാൻ ആലപ്പുഴയിൽ പോയി നേരിട്ട് അന്വേഷിച്ചതിൽ എനിക്ക് കിട്ടിയ വിവരങ്ങൾ' എന്ന് തുടങ്ങിയ അവതരണം സഭാംഗങ്ങൾ ഞെട്ടലോടെ കേട്ടിരുന്നു. സർക്കാർ ഇതിനെ ഗൗരവമായി കണ്ട് അടിയന്തര പ്രമേയത്തിന് മറുപടി നൽകുമെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി സിഎച്ച് മുഹമ്മദ് കോയ മറുപടി നൽകി. ഒടുവിൽ എട്ട് പൊലീസുകാരുടെ പേരിൽ കേസെടുത്തു. അന്ന് തുടങ്ങിയ പോരാട്ടം പിന്നീട് കേരളത്തിലെ സ്ത്രീകളുടെ, അതിജീവിതമാരുടെ കണ്ണീരൊപ്പാൻ വിഎസിന്റെ കൈകൾ സദാ ഒരുങ്ങിയിരുന്നു.

സൂര്യനെല്ലി കേസ്

കേരളത്തെ വിറങ്ങലിപ്പിച്ച ബലാത്സംഗ കേസുകളിൽ ഒന്നായിരുന്നു സൂര്യനെല്ലി കൂട്ടബലാത്സംഗക്കേസ്. 1996-ൽ നടന്ന കേസിൽ 16 വയസുള്ള പെൺകുട്ടിയെ 40-ൽ അധികം ആളുകൾ ചേർന്ന് 40 ദിവസത്തോളം വിവിധ ഇടങ്ങളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ കേസിൽ പ്രമുഖരടക്കം ഉണ്ടായിരുന്നതിനാൽ ഇടപെടാൻ പലരും അറച്ച് നിന്നപ്പോൾ വിഎസ് അവിടേയും ഉറച്ച നിലപാടെടുത്തു.

അതിജീവിതയ്ക്ക് എല്ലാ പിന്തുണയും നൽകി കൂടെ നിൽക്കാൻ വിഎസ് ഉണ്ടായിരുന്നു. സമൂഹത്തിന്റെ തുറിച്ച് നോട്ടങ്ങൾക്കും, ഭാഷണികൾക്കും പാത്രമാകേണ്ടി വന്ന പെൺകുട്ടിയെ നേരിൽ കാണാനും തന്റെ പിന്തുണ അറിയിക്കാനും വിഎസ് തയ്യാറായി. കേസിൽ ഉൾപ്പെട്ടിരുന്നു എന്ന് ആരോപണ വിധേയരായ പ്രമുഖരെയും, ഉന്നതരെയും നിയമത്തിന് മുന്നിലെത്തിക്കാൻ വിഎസ് നിരന്തരം ആവശ്യപ്പെട്ടു.

സൂര്യനെല്ലി കേസിനെ ആസ്പദമാക്കി, കേരളത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ സുരക്ഷയും സംരക്ഷണവും ഏർപ്പെടുത്തണമെന്ന് വിഎസ് നിരന്തരം ഊന്നിപ്പറഞ്ഞു. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കിളിരൂർ കേസ്

2003-04 കാലഘട്ടത്തിലായിരുന്നു സംസ്ഥാനത്ത് വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ച കിളിരൂർ കേസ് നടക്കുന്നത്. സീരിയലിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനങ്ങൾ നൽകി ഒരു വർഷക്കാലത്തോളം വിവിധ സ്ഥലങ്ങളിൽ വച്ച് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തെത്തുടർന്ന് ഗർഭിണിയായ യുവതി പെൺകുഞ്ഞിന് ജന്മം നൽകി, എന്നാൽ പിന്നീടുണ്ടായ അണുബാധയെ തുടർന്ന് അവർ മരണത്തിന് കീഴടങ്ങി. അതിജീവിതയുടെ മരണത്തിന് ശേഷം കേരള രാഷ്ട്രീയത്തെ കീഴ്‌മേൽ മറിക്കുന്ന പ്രസ്താവനയായിരുന്നു വിഎസ് നടത്തിയത്. മരണത്തിൽ ഒരു വിഐപിയ്ക്ക് പങ്കുണ്ടെന്ന് അദ്ദേഹം ആഞ്ഞടിച്ചു. എന്നാൽ കേസിൽ താഴെ തട്ടിലുണ്ടായിരുന്നവർക്ക് മാത്രം കഠിനമായ ശിക്ഷ വിധിച്ച് കോടതി കേസ് പൂർത്തിയാക്കി.

ഐസ്‌ക്രീം പാർലർ പെൺവാണിഭക്കേസ്

കേരളത്തിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി തെളിച്ച സംഭവമായിരുന്നു ഐസ്‌ക്രീം പാർലർ പെൺവാണിഭക്കേസ്. കോഴിക്കോട് ബീച്ചിൽ പ്രവർത്തിച്ചിരുന്ന കെ.ആർ.എസ് ഐസ്ക്രീം പാർലർ കേന്ദ്രീകരിച്ച് ശ്രീദേവി എന്ന സ്ത്രീയുടെ നേതൃത്വത്തിൽ നടന്നിരുന്ന സെക്‌സ് റാക്കറ്റ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പെൺവാണിഭത്തിനായി പ്രേരിപ്പിക്കുന്നു എന്ന വിവരം റൊമീള സുഖ്ദേവ് എൻ.ജി.ഒയായ അന്വേഷിയെ അറിയിച്ചതോടെയാണ് കേസിന്റെ തുടക്കം. ശേഷം അന്വേഷി നടത്തിയ പരിശോധനയിൽ വ്യക്തമായ തെളിവുകൾ ലഭിച്ചതോടെ, പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്‌തു. പാർലറും ശ്രീദേവിയുടെ വീടുമടക്കം റെയ്‌ഡ് ചെയ്യപ്പെട്ടെങ്കിലും, ആദ്യ ഘട്ടം മുതൽ ഉന്നതരുടെ ഇടപെടൽ പ്രകടമായിരുന്നു.

അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടിയും മുൻ മേയർ രാജഗോപാലുമടക്കമുള്ള രാഷ്ട്രീയപ്രവർത്തകർ ഉൾപ്പട്ട കേസിൽ പീഢനത്തിനിരയായ സ്ത്രീകളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടിക തയ്യാറാക്കിയത്. ശ്രീദേവി, അബ്ദുൾ റഹ്മാൻ, ടി.പി. ദാസൻ, രാജഗോപാൽ എന്നിവരടക്കമുള്ളവരെ പ്രതിചേർത്തെങ്കിലും, മൊഴിയിലുൾപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ പേര് പട്ടികയിലുൾപ്പെട്ടിരുന്നില്ല.

പിന്നീട് വർഷങ്ങളോളം അന്വേഷി പോരാട്ടവുമായി മുന്നോട്ട് പോയെങ്കിലും പെൺകുട്ടികൾ കൂട്ടത്തോടെ മൊഴിമാറ്റിയതുകൊണ്ട് സുപ്രീം കോടതി കേസ് തള്ളുകയായിരുന്നു. പെൺകുട്ടികളുടെ മൊഴികളിൽ കുഞ്ഞാലിക്കുട്ടി എന്ന പേരുണ്ടായിട്ടും മുൻ മന്ത്രി എന്നാണ് മാധ്യമങ്ങൾ അന്ന് വിശേഷിപ്പിച്ചത്. ആദ്യഘട്ടത്തിൽ ഗൗരവകരമായി മുന്നോട്ട് പോയ കേസ് പിന്നീട് കുഞ്ഞാലിക്കുട്ടി പണമെറിഞ്ഞ് ഇല്ലാതാക്കുകയായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടിയുടെ മുൻസഹായി റൗഫ് വെളിപ്പെടുത്തുകയായിരുന്നു.

റൗഫിൻ്റെ വെളിപ്പെടുത്തൽ വന്നതോടെ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന വി.എസ്. അച്യുതാനന്ദൻ കേസിൽ പുനരന്വേഷണം വേണമെന്നാവശ്വപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഐസ്ക്രീം പാർലർ കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള പൊലീസ് റിപ്പോർട്ട് കീഴ്‌ക്കോടതി സ്വീകരിച്ചതിനെതിരെയായിരുന്നു വി.എസ് കോടതി സമീപിച്ചത്.

Content Highlight; VS Achuthanandan: A Voice of Support for Rape Survivors in Kerala

To advertise here,contact us