ബിഹാര് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ബാക്കിയുള്ളത് വെറും മാസങ്ങള് മാത്രം. അതിനിടയില് വോട്ടര് പട്ടിക പുതുക്കാനുളള നടപടികളുമായി മുന്നോട്ടുപോവുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. എന്നാല്, വോട്ടറാണെന്ന് തെളിയിക്കാനായി കമ്മീഷന് ആവശ്യപ്പെടുന്നതോ, പാസ്പോര്ട്ടും മെട്രിക്കുലേഷനും അടക്കമുള്ള, സാധാരണക്കാരുടെ കയ്യിലൊന്നുമില്ലാത്ത രേഖകള്. കോടിക്കണക്കിന് ജനങ്ങള്ക്ക് അവരുടെ വോട്ടവകാശം നിഷേധിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നീക്കത്തിനെതിരെ വ്യാപക വിമര്ശനമാണ് ഉയര്ന്നുവരുന്നത്. തങ്ങളുടെ വോട്ട്ബാങ്കില് പെടുന്നവരല്ലെന്ന് ഭരണപക്ഷം തിരിച്ചറിയുന്ന വിഭാഗങ്ങളെ കൃത്യമായി ലക്ഷ്യം വെച്ച്, വോട്ടിംഗില് നിന്ന് പുറത്താക്കാനുള്ള തന്ത്രമാണിതെന്ന് പ്രതിപക്ഷ പാര്ട്ടികള് ആരോപണം ഉന്നയിക്കുന്നുണ്ട്.
എന്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനത്തിനു പിന്നില്? വോട്ടര് പട്ടിക പുതുക്കിയാല് പിന്നീട് എന്താണ് ബിഹാറില് സംഭവിക്കുക?
ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില് 2003-ലെ വോട്ടര്പട്ടികയാണ് ആധികാരികമെന്നും ആ പട്ടികയില് ഉള്പ്പെടാത്ത എല്ലാവരും രേഖകള് സമര്പ്പിച്ച് വോട്ടറാണെന്ന് തെളിയിക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ദേശം. എന്നാല്, വോട്ടറാണെന്ന് തെളിയിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെടുന്ന രേഖകള് ഏതൊക്കെയാണെന്നതാണ് വിചിത്രം.
ആധാര് കാര്ഡോ, വോട്ടര് ഐഡിയോ, തൊഴിലുറപ്പ് കാര്ഡോ ഒന്നും കാണിച്ചാല് വോട്ടറാണെന്ന് തെളിയിക്കാനാവില്ല. പകരം, വേണ്ടത് പാസ്പോര്ട്ട്, മെട്രിക്കുലേഷന് സര്ട്ടിഫിക്കറ്റ്, പെര്മനന്റ് റെഡിഡന്റ്സ് സര്ട്ടിഫിക്കറ്റ്, ഫോറസ്റ്റ് റൈറ്റ് സര്ട്ടിഫിക്കറ്റ്, ഒബിസി - എസ് സി - എസ് ടി സര്ട്ടിഫിക്കറ്റ്, ഫാമിലി രജിസ്റ്റര്, ലാന്ഡ് സര്ട്ടിഫിക്കറ്റ് എന്നിവയൊക്കെയാണ്. കൂലിപ്പണിക്കാരും കര്ഷകരും ചെറുകിട തൊഴിലാളികളുമൊക്കെയായ, ബിഹാറിലെ ഗ്രാമങ്ങളിലെ, സ്കൂള് വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത അതിസാധാരണക്കാര്, വോട്ട് ചെയ്യണമെങ്കില് പാസ്പോര്ട്ടും, മെട്രിക്കുലേഷന് സര്ട്ടിഫിക്കറ്റുമെല്ലാം ഹാജരാക്കണമെന്ന അതി വിചിത്ര വാദം.
ജൂലൈ 25-നകം വോട്ടര്പട്ടികയില് പേരുചേര്ക്കാന് ആഗ്രഹിക്കുന്നവര് അപേക്ഷ സമര്പ്പിച്ച് ഈ രേഖകള് ഹാജരാക്കണമെന്നതാണ് നിര്ദേശം. ഭരണകൂടം നടത്തുന്ന സെലക്ടീവ് എക്സ്ക്ലൂഷന് ആണിതെന്ന് പ്രതിപക്ഷം ശക്തമായി ആരോപിക്കുന്നുണ്ട്.
പുതിയ നിര്ദേശ പ്രകാരം രണ്ടുകോടിയിലധികം ജനങ്ങളാണ് വോട്ടര്പട്ടികയില് നിന്ന് പുറത്താകാന് പോകുന്നത്. വോട്ടവകാശം ലഭിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന് ഹാജരാക്കണമെന്ന് നിര്ദേശിച്ച ഈ രേഖകള് ബിഹാറിലെ ഭൂരിപക്ഷം ജനങ്ങള്ക്കും സര്ക്കാര് തന്നെ നല്കിയിട്ടില്ലെന്നതാണ് യാഥാര്ത്ഥ്യം.
ബിഹാറില് കുറഞ്ഞത് രണ്ടുകോടി ജനങ്ങളുടെ കൈവശം ഈ രേഖകളൊന്നും ഇല്ലെന്നാണ് 'ദി ഹിന്ദു'വിന്റെ കണ്ടെത്തല്. ഈ ഡോക്യുമെന്റുകളില് ആറെണ്ണം ബിഹാറില് സര്ക്കാര് വിതരണം പോലും ചെയ്യാത്തതോ വളരെ കുറച്ച് ആളുകളുടെ കൈവശം മാത്രമുളളതോ ആയ രേഖകളാണ്. ജനന സര്ട്ടിഫിക്കറ്റും പാസ്പോര്ട്ടുമെല്ലാം തുച്ഛമായ ആളുകള്ക്ക് മാത്രമാണുളളത്. സംസ്ഥാനത്തെ 7.9 കോടി വോട്ടര്മാരില് 4.74 കോടി പേര് തങ്ങളുടെ സര്ട്ടിഫിക്കറ്റ് കാണിച്ച് വോട്ടറാണെന്ന് തെളിയിക്കണം. പൗരന് ആവശ്യമായ രേഖകള് രാജ്യം നല്കാത്തതിന്റെ പേരില് വോട്ടര്പട്ടികയില് നിന്ന് പുറത്തുപോകുന്നത് രണ്ടരക്കോടിയിലധികം ജനങ്ങളായിരിക്കും. ഇവരില് ഏറെയും ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളായിരിക്കും എന്നതാണ് വിവാദ തീരുമാനത്തിന് പിന്നിലെ മറ്റൊരു പ്രശ്നം.
ഉത്തര്പ്രദേശ്, ജാര്ഖണ്ഡ്, പശ്ചിമബംഗാള് എന്നീ സംസ്ഥാനങ്ങളുമായി അതിര്ത്തി പങ്കിടുന്ന സംസ്ഥാനമാണ് ബിഹാര്. ഇതില് യുപിയുമായി ചേര്ന്നുനില്ക്കുന്ന പട്നയുള്പ്പെടെയുളള നഗര പ്രദേശങ്ങളിലെ മധ്യവര്ഗ ഉന്നത വിഭാഗത്തില് പെട്ട വോട്ടര്മാരെ ഇത് കാര്യമായി ബാധിക്കില്ല. ബിഹാറിലെ മധ്യവര്ഗ വോട്ടുകള് ഭരണമുന്നണിയെ സംബന്ധിച്ച് തങ്ങള്ക്കനുകൂലമായ വോട്ടുകളുമാണ്.
എന്നാല്, ബിഹാറിന്റെ തെക്കുകിഴക്കന് മേഖലകളിലുള്ള യാദവരടക്കമുള്ള ഒബിസി വിഭാഗങ്ങളും ദളിതരും ആദിവാസികളും മുസ്ലിങ്ങളുമെല്ലാം അടങ്ങുന്ന ന്യൂനപക്ഷങ്ങളും ഭരണമുന്നണിയുടെ റഡാറിന് പുറത്തുള്ളവരാണ്. ആര്ജെഡിക്കും കോണ്ഗ്രസിനും സിപിഐഎംഎല്ലിനും തൃണമൂല് കോണ്ഗ്രസിനുമെല്ലാം സ്വാധീനമുള്ള ഈ മേഖലകളില് നിന്നുള്ളവരെ വോട്ടര് പട്ടികയില് നിന്ന് പുറത്താക്കാനുള്ള ഗൂഢലക്ഷ്യമാണ് ഈ തീരുമാനത്തിലെന്ന വിമര്ശനം ശക്തമായി ഉയരുന്നുണ്ട്.
കൃത്യമായി പറഞ്ഞാല് ബിഹാറിന്റെ ജനവിന്യാസത്തിന്റെ രാഷ്ട്രീയാഭിമുഖ്യങ്ങളെ പരിഗണിച്ച് നിതീഷ്കുമാറിന്റെ ജെഡിയുവിനും ബിജെപിക്കും ഗുണം നല്കുന്ന വിധത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനമെന്നാണ് ഉയരുന്ന വിമര്ശനം.പിന്വാതില് എന്ആര്സിയാണ് ഇവിടെ സര്ക്കാര് നടപ്പാക്കുന്നതെന്നും പ്രതിപക്ഷം ശക്തമായി ആരോപിക്കുന്നു.
ഭരണവര്ഗത്തിന്റെ രാഷ്ട്രീയമായ നേട്ടങ്ങള്ക്കായി രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം എടുത്തുകളയാനുളള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം അപലപനീയമാണെന്നും ജനാധിപത്യത്തിന്റെ ആണിക്കല്ലിളക്കുന്ന തീരുമാനമാണെന്നും വിമര്ശനമുയരുന്നുണ്ട്.
Content Highlights: Passport and metriculation certificate need to prove they are voter: what is happening in bihar