ഇന്ദിരാ ഗാന്ധിയുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി.സി.അലക്സാണ്ടർ, എയിംസിൽ അമ്മയുടെ മൃതദേഹത്തിനരികെ രാജീവ് ഗാന്ധിയെ കണ്ടതിനെക്കുറിച്ച് എഴുതുന്നുണ്ട്. 'അവര് നിങ്ങളെയും കൊല്ലും' എന്നുപറഞ്ഞ് പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നതില് നിന്ന് രാജീവ് ഗാന്ധിയെ വിലക്കുന്ന സോണിയാഗാന്ധിയോട് 'എന്തായാലും അവർ എന്നെ കൊല്ലും, എന്നാൽ അതിന് മുമ്പ് എനിക്ക് അമ്മയ്ക്ക് നൽകിയ വാക്കുപാലിക്കണം' എന്നുപറഞ്ഞ് ആശ്വസിപ്പിക്കുന്ന രാജീവ് ഗാന്ധിയെയാണ് അദ്ദേഹം ഓര്മിക്കുന്നത്.
അമ്മ ഇന്ദിരാ ഗാന്ധിക്കുണ്ടായ വിധിതന്നെയാണ് പ്രധാനമന്ത്രി പദത്തിലേറി ഏഴ് വർഷങ്ങൾക്ക് ശേഷം രാജീവ് ഗാന്ധിയെയും കാത്തിരുന്നത്.1991 മെയ് മാസത്തിലാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. 2025 ലെ മോദി കാലത്തെത്തുമ്പോൾ രാജീവിന്റെ രക്തസാക്ഷിത്വത്തിന് 34 വയസ്സ് തികയുന്നു.
1984 മുതൽ 1989 വരെ നീണ്ടുനിന്ന അദ്ദേഹത്തിന്റെ പ്രധാനമന്ത്രി പദത്തെക്കുറിച്ചോ 1981 മുതല് 1991 വരെയുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെയോ വലിയ അഭിപ്രായപ്രകടനങ്ങളോ വിലയിരുത്തലുകളോ മോദി ഭരണകാലത്തുണ്ടായിരുന്നില്ല. അവരെപ്പോഴും ശ്രദ്ധ ചെലുത്തിയത് രാജീവിന്റെ മുത്തച്ഛന് നെഹ്റുവിലും അമ്മ ഇന്ദിരയിലുമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആ പ്രധാനമന്ത്രി എങ്ങനെയായിരുന്നുവെന്നും ആ ദിവസങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് എങ്ങനെയായിരുന്നുവെന്നും ആരും ഓർക്കുന്നുപോലുമില്ല. രാജ്യം ഭരിക്കുന്ന ബിജെപിക്കും അവരുടെ പരിവാരങ്ങൾക്കും രാജീവിന്റെ നേട്ടങ്ങൾ സ്മരിക്കുന്നത് ഗുണം ചെയ്യില്ലെങ്കിലും ഭാര്യയും മകനും അടങ്ങുന്ന കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അതൊരു രാഷ്ട്രീയ ഉത്തരവാദിത്തം കൂടിയാണ്.
അംഗരക്ഷകരാല് കൊല്ലപ്പെട്ട അമ്മയും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധിയുടെ ചിതയ്ക്ക് അഗ്നി പകരുംമുന്പേ ആയിരുന്നു ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി പ്രഥമ പ്രധാനമന്ത്രി ജവാഹര് ലാല് നെഹ്റുവിന്റെ കൊച്ചുമകന് ആരോഹണം. സയൻസ്- എൻജിനീയറിങ്-സംഗീതം തുടങ്ങിയവയിൽ താല്പര്യം കാണിച്ചിരുന്ന ഒടുവിൽ എയര് ഇന്ത്യയില് പൈലറ്റായി ജോലി ചെയ്തു തുടങ്ങിയ രാജീവ് ഒരിക്കലും രാഷ്ട്രീയ മേഖലയിലേക്ക് പ്രവേശിക്കണമെന്ന് കരുതിയിരുന്നതല്ല. രാഷ്ട്രീയ ചിന്താഗതിക്കാരനായ മകൻ സഞ്ജയ് അപ്രതീക്ഷിതമായി വെറും 33-ാം വയസ്സിൽ വിമാനാപകടത്തിൽ മരിച്ചതിനെത്തുടർന്നുണ്ടായ വിടവ് നികത്താൻ അമ്മ ഇന്ദിരാഗാന്ധി രാജീവിനെ തിരഞ്ഞെടുക്കുകയായിരുന്നു.
അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ഡല്ഹിയില് ദേശീയ കര്ഷക റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് 1981 ഫെബ്രുവരി 16-നായിരുന്നു രാജീവിന്റെ രാഷ്ട്രീയപ്രവേശം. സഞ്ജയിന്റെ മരണത്തെ തുടര്ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന അമേഠിയില് രാജീവ് കോണ്ഗ്രസ് സ്ഥാനാര്ഥിയായി. ലോക്ദളിന്റെ ശരത് യാദവിനെ 2,37,000 വോട്ടിന്റെ ഭൂരിപക്ഷത്തില് പരാജയപ്പെടുത്തി ലോക്സഭയിലെത്തി. പിന്നാലെ ഇന്ത്യന് യൂത്ത് കോണ്ഗ്രസിന്റെ ചുമതലയും ഏറ്റെടുത്തു.
പത്ത് വർഷമെങ്കിലും അപ്പോൾ 62 വയസ്സുള്ള ഇന്ദിര ഗാന്ധി രാജ്യം ഭരിക്കുകയോ രാജ്യത്തിന്റെ രാഷ്ട്രീയ കേന്ദ്രങ്ങൾ നിയതന്ത്രിക്കുകയോ ചെയ്യുമെന്ന് കരുതിയ സമയത്താണ് 1984 ഒക്ടോബര് 31-ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വധിക്കപ്പെടുന്നത്. സുവര്ണക്ഷേത്രത്തിലെ സൈനിക നടപടിയില് പ്രകോപിതരായ സിഖ് അംഗരക്ഷകരായിരുന്നു ഇതിന് പിന്നിൽ. അങ്ങനെ ഇന്ദിരയ്ക്ക് പിൻഗാമിയായി പ്രധാനമന്ത്രി പദം ഏൽക്കാൻ കോൺഗ്രസിൽ നിന്നും സമ്മർദ്ദമുണ്ടായി. ഒടുവിൽ പാരമ്പര്യം സംരക്ഷിക്കാൻ ആ പദം ഏറ്റെടുത്ത രാജീവ് ലോക്സഭ കാലം തീരാനായി എന്ന് മനസ്സിലാക്കി ലോക്സഭ പിരിച്ചുവിടാനും പുതിയ തിരഞ്ഞെടുപ്പ് നടത്താനും രാഷ്ട്രപതിയോട് അഭ്യര്ഥിച്ചു. ഇന്ദിരയുടെ അപ്രതീക്ഷിത മരണമുണ്ടാക്കിയ സഹതാപ തരംഗം വോട്ടായപ്പോൾ രാജീവ് വലിയ ഭൂരിപക്ഷത്തിൽ വീണ്ടും ജയിച്ചുകയറി. രാജീവിന്റെ ആദ്യ രാഷ്ട്രീയ തന്ത്രം അതായിരുന്നു.
ഇന്ദിരാഗാന്ധിയിൽ നിന്ന് വ്യത്യസ്തമായ ഒരു ഭരണ രീതിക്കായിരുന്നു രാജീവിന്റെ കാലത്ത് ഇന്ത്യ സാക്ഷ്യം വഹിച്ചത്. അധികാരത്തിലേറിയ ഉടനെ ആഭ്യന്തര പടല പിണക്കങ്ങൾ ഒഴിവാക്കുകയാണ് അദ്ദേഹം ചെയ്തത്. കേന്ദ്രത്തിന്റെ അധികാരത്തിനെതിരെ മത്സരിച്ചവരുമായി അദ്ദേഹം കരാറുകളിൽ ഒപ്പുവച്ചു. അസം, മിസോറാം, നാഗാലാൻഡ് എന്നിവിടങ്ങളിൽ സമാധാനം തിരിച്ചുവന്നു. കൂടുതൽ സമയമെടുത്തെങ്കിലും ഒടുവിൽ പഞ്ചാബിലും സ്ഥിതിഗതികൾ ശാന്തമായി.
അമ്മയിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയ്ക്ക് സ്വന്തമായി ഒരു സാമ്പത്തിക മാതൃക ആവശ്യമാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. രാജീവ് വിപണിയിൽ വിശ്വസിച്ചു. സമൂഹത്തിന്റെ അരികുകളിലാണ് അദ്ദേഹം ആഴത്തിലുള്ള ബന്ധം പുലർത്തിയതെങ്കിലും മധ്യവർഗത്തിന്റെ താല്പര്യത്തിനൊപ്പം നിന്നു. ഇന്ത്യ 21-ാം നൂറ്റാണ്ടിലേക്ക് കടക്കണമെങ്കിൽ ആദ്യം മധ്യവർഗത്തെ ശാക്തീകരിക്കേണ്ടതുണ്ടെന്ന രാജീവിന്റെ തിരിച്ചറിവ് സ്വന്തം ജീവിതത്തിൽ നിന്നുള്ളതായിരുന്നു. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ശമ്പളത്തിന് ജോലി ചെയ്തിരുന്ന, തന്റെ ശമ്പളത്തിൽ നിന്ന് ആദായനികുതി അടച്ചിരുന്ന പ്രൊവിഡന്റ് ഫണ്ട് സംഭാവനകൾ നൽകിയിരുന്ന ഒരു മധ്യവർഗ പ്രതിനിധിയായിരുന്നു അദ്ദേഹം.
ഇന്ത്യ തങ്ങളുടെ വ്യാവസായിക വിപ്ലവത്തിനുള്ള അവസരം നഷ്ടപ്പെടുത്തിയ പോലെ ഒരിക്കലും ഇലക്ട്രോണിക് വിപ്ലവത്തിനുള്ള അവസരം നഷ്ടപ്പെടുത്തില്ലെന്ന് പ്രഖ്യാപിച്ച രാജീവ് ശാസ്ത്ര സാങ്കേതിക രംഗം, കമ്പ്യൂട്ടര്, എയര്ലൈന്സ്, പ്രതിരോധം, കമ്യൂണിക്കേഷന് തുടങ്ങി വിവിധ മേഖലകള്ക്ക് പ്രാധാന്യം നല്കി. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ നയം രൂപീകരിച്ചു. ടെലികോം വിപ്ലവം സാധ്യമായി. ഫാദര് ഓഫ് ഇന്ഫര്മേഷന് ടെക്നോളജി ആന്ഡ് ടെലികോം റെവല്യൂഷന് ഓഫ് ഇന്ത്യ എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.
ഇക്കാലയളവിൽ അയൽരാജ്യങ്ങളുമായും മികച്ച ബന്ധം സൂക്ഷിച്ചു. 1986 ൽ സീഷെല്സിലെയും 1988 ൽ മാലെ ദ്വീപിലെയും പട്ടാള അട്ടിമറികളെ പ്രതിരോധിക്കാന് സൈന്യത്തെ അയച്ചു സഹായിച്ച രാജീവ് 1987 ൽ സിയാച്ചിന് മേഖലയിലെ കൈ്വയ്ദ് പോസ്റ്റ് പാകിസ്താനിൽ നിന്ന് തിരിച്ചുപിടിക്കുകയും ചെയ്തു. ഇതിനിടയിൽ ശ്രീലങ്കയിലെ ആഭ്യന്തര സംഘർഷത്തിലും ഇടപ്പെട്ടു പ്രദേശത്തെ മധ്യസ്ഥ റോളെടുത്തു.
എന്നാൽ ആദ്യ അഞ്ചുവർഷങ്ങൾക്കൊടുവിൽ എല്ലാവരെയും പോലെയും രാജീവിന്റെ പ്രധാനമന്ത്രി പദത്തിന്റെയും ശോഭ കുറഞ്ഞു. ഷാ ബാനു കേസും ബൊഫോഴ്സ് അഴിമതിയുമായിരുന്നു അതിൽ പ്രധാനപ്പെട്ടത്. സിഖ് കൂട്ടക്കൊലയെ ന്യായീകരിച്ചുള്ള പരാമർശങ്ങളും വിനയായി. ഷാ ബാനു കേസില് സുപ്രീം കോടതി വിധിയെ അസാധുവാക്കും വിധത്തിലുള്ള നിയമം പാര്ലമെന്റ് പാസാക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു.
എന്നാൽ രാജീവിനെ അടിപതറിച്ചത് പക്ഷെ ബൊഫോഴ്സ് അഴിമതി വിവാദമായിരുന്നു. 1986 മാര്ച്ച് 18-നാണ് സ്വീഡിഷ് ആയുധനിര്മാതാക്കളായ എ.ബി. ബൊഫോഴ്സുമായി ഇന്ത്യ 1437 കോടിയുടെ ആയുധകരാര് ഒപ്പിടുന്നത്. പട്ടാളത്തിന് 155 എം.എമ്മിന്റെ 400 ഹൗവിറ്റ്സര് ഗണ്ണുകള് വാങ്ങാനുള്ളതായിരുന്നു കരാര്. എന്നാൽ കരാര് ലഭിക്കുന്നതിന് ബൊഫോഴ്സ് കമ്പനി ഇന്ത്യയിലെ രാഷ്ട്രീയ-പ്രതിരോധ മേഖലയിലെ ഉന്നതര്ക്ക് കൈക്കൂലി നല്കിയെന്ന് ആരോപണം ഉയർന്നു. ഇത് തെളിയുകയും ബൊഫോഴ്സിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തേണ്ടി വരികയും ചെയ്തു. പക്ഷെ കമ്പനിയുടെ ഇടനിലക്കാരന് ഒക്ടോവിയോ ക്വാത്റോച്ചിക്ക് രാജീവിന്റെ കുടുംബവുമായുള്ള ബന്ധവും മറ്റും വലിയ വാര്ത്തകളായി.
തുടർന്ന് 1989ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ രാജീവിന് തോൽവി വഴങ്ങേണ്ടി വന്നു. വിവിധ പ്രതിപക്ഷ പാര്ട്ടികള് ചേര്ന്ന് നാഷണല് ഫ്രണ്ട് രൂപവത്കരിച്ച് വി പി സിങിന്റെ കീഴിൽ കോൺഗ്രസ് ഇതര ഗവണ്മെന്റുണ്ടായി. എന്നാൽ ഒരു വർഷത്തിനിടെ വിപി സിങ് മന്ത്രിസഭ താഴെ വീണു. ശേഷം 1991ലാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാൻ രാജ്യവ്യാപകമായി ശക്തമായ പ്രചാരണമായിരുന്നു രാജീവും കോണ്ഗ്രസും നടത്തിയത്.
അതിന്റെ ഭാഗമായി തമിഴ്നാട്ടിലെ പെരുമ്പത്തൂരില് നടത്തിയ റാലിയിലായിരുന്നു രാജീവ് കൊല്ലപ്പെടുന്നത്. ശ്രീലങ്കയിൽ ഒരു പ്രത്യേക തമിഴ് രാഷ്ട്രത്തിനായി പോരാടുന്ന തീവ്രവാദ സംഘടനയായ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം സംഘടനയ്ക്കെതിരെ ശ്രീലങ്കൻ ഗവൺമെന്റിന് സൈനിക സഹായം നൽകിയതായിരുന്നു വധത്തിന് പിന്നിലെ കാരണം. പ്രസംഗത്തിന് ശേഷം വേദിയിലേക്ക് മാലയുമായി വന്ന സ്ത്രീക്കൊപ്പം പൊട്ടിച്ചിതറുകയായിരുന്നു രാജീവും. ശേഷം ഇന്ദിര കൊല്ലപ്പെട്ടപ്പോഴുണ്ടായ സഹതാപ തരംഗത്തിൽ നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ സഖ്യകക്ഷികളുടെ സഹകരണത്തോടെ കോൺഗ്രസ് വീണ്ടും അധികാരത്തിലേറി.
Content Highlights: rajiv gandhi life and political journey