ഇന്ത്യ വിരുദ്ധത പാകിസ്താനെ വീണ്ടും പട്ടാളഭരണത്തിലെത്തിക്കുമോ? അസിം മുനീർ ഫീൽഡ് മാർഷലാകുമ്പോൾ..

ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തി അശാന്തമായിരിക്കുക എന്നത് ചൈനയുടെ കൂടി ആവശ്യമാണ്. മേഖലയിലെ ഏത് അസ്ഥിരതയും ചൈനയ്ക്ക് ഗുണം ചെയ്യും.

പാകിസ്താൻ സൈനിക മേധാവിയായ അസിം മുനീറിനെ പരമോന്നത പദവിയായ ഫീൽഡ് മാർഷലിലേക്ക് ഉയർത്തിയതാണ് പാകിസ്താനില്‍ നിന്നുള്ള പുതിയ വാര്‍ത്ത. ഇന്ത്യ-പാക് സംഘർഷ പശ്ചാത്തലത്തിൽ നടന്ന ഓപ്പറേഷൻ സിന്ദൂരിൽ വലിയ തിരിച്ചടി പാകിസ്താൻ നേരിട്ടപ്പോൾ അസിം മുനീറിനെ സൈനിക മേധാവി സ്ഥാനത്ത് നിന്നും സ്ഥാനഭ്രഷ്ടനാക്കുമെന്ന റിപ്പോർട്ടുകൾ വന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ച് പാക് ഗവൺമെന്റിന്റെ അസാധാരണ പ്രമോഷൻ നീക്കം നടന്നത്. യുദ്ധവെറിയനായ അസിമിനെ നീക്കണമെന്ന് രാജ്യത്തിന്റെ പലകോണിൽ നിന്നും മുറവിളി ഉയരുന്നതിനിടെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയ ഈ നീക്കത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളും ട്രോളുകളുമാണ് ഉയരുന്നത്.

This is how Pakistan's General Asim Munir won the race to the post of Field Marshal.#Munir #AsimMunir #fieldmarshal #Pakistan #PakistanArmy pic.twitter.com/XNfrH7BQ5g

പലരും ഏകാധിപതിയായ മുനീറിനെ ദി ഡിക്റ്റാറ്റർഷിപ്പ് എന്ന സിനിമയിലെ സച്ചാ ബാരൺ കോഹന്റെ കഥാപാത്രത്തോടാണ് ഉപമിച്ചത്. 100 മീറ്റർ സ്പ്രിന്റ് ഓട്ട മത്സരത്തില്‍ പങ്കെടുക്കുന്ന രാജ്യ തലവൻ, കൂടെ ഓടുന്ന മറ്റ് മത്സരാർത്ഥികളെ വെടിവച്ചിട്ട് ഒന്നാമതെത്തുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. എന്നാൽ ട്രോളുകൾക്കും പരിഹാസങ്ങൾക്കുമപ്പുറം ഇന്ത്യയ്‌ക്കെതിരെ ഏത് സമയത്തും ഒരു യുദ്ധത്തിന് കോപ്പ് കൂട്ടുന്ന പാകിസ്താന്റെ ഗൂഢാലോചന സിദ്ധാന്തവും പരിശോധിക്കപ്പെടേണ്ടതുണ്ട്.

General #AsimMunir ’s Acceptance Speech addressed to the Government of Pakistan as his audience after being made FIELD MARSHAL!!🤭 pic.twitter.com/GEltVI8GCH

പാക് സൈന്യത്തെ മതാധിഷ്ഠിതമാക്കിയ സേനമേധാവിയെന്ന നിലയിൽ ജിഹാദി ആശയമുള്ള ഭീകരസംഘടനകൾക്ക് ഏറെ പ്രിയമുള്ള നേതാവാണ് അസിം. അതിർത്തിയിലെ സമാധാനാന്തരീക്ഷം തകർക്കാനും സംഘർഷാവസ്ഥ നിലനിർത്താനും ഇതിലൂടെ പാകിസ്താന് കഴിയും. അസിം നടത്തിയ പ്രകോപന പ്രസംഗത്തിന് ശേഷമാണ് പഹൽഗാമിൽ വിനോദ സഞ്ചാരികൾക്കെതിരെ ഭീകരാക്രണം നടക്കുന്നത്. 1947 ൽ ഇന്ത്യ രാജ്യം ഇന്ത്യയും പാകിസ്താനുമായി പിളരാൻ കാരണമായ ഹിന്ദു-മുസ്ലിം ദ്വിരാഷ്ട്ര വാദം വരെ വീണ്ടുമുയർത്തിയായിരുന്നു ആ പ്രകോപനം.

അസിമിന് കൂടുതൽ അധികാരങ്ങൾ നൽകുന്നത് വഴി ഭരണകൂടത്തേക്കാൾ അതിർത്തിയിലെയും സൈനിക നീക്കങ്ങളിലെയും തീരുമാനങ്ങൾ എടുക്കാനുള്ള കൂടുതൽ അവകാശം അസിമിൽ വന്നുചേരും. അസിമിന്റെ ഫീൽഡ് മാർഷൽ പദവിയില്‍ ചൈനയ്ക്കുമുള്ള താല്പര്യവും അതാണ്.

ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തി അശാന്തമായിരിക്കുക എന്നത് ചൈനയുടെ കൂടി ആവശ്യമാണ്. മേഖലയിലെ ഏത് അസ്ഥിരതയും ചൈനയ്ക്ക് ഗുണം ചെയ്യും. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുറയും. അതിര്‍ത്തിയിലെ പ്രദേശങ്ങളിൽ കൂടുതൽ അവകാശവാദം ഉന്നയിക്കാൻ ചൈനയ്ക്ക് സാധിക്കും. അതുകൊണ്ട് തന്നെ ഇന്ത്യയെ നിരന്തരം അസ്വസ്ഥപ്പെടുത്തുന്ന ഉപകരണമായാവും ചൈന അസിമിനെ കാണുക. 60 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി കൂടുതൽ ഊട്ടിയുറപ്പിക്കുകയും അതിലൂടെ ഇന്ത്യയുടെ വെല്ലുവിളി തടയുകയും ഇവരുടെ ലക്ഷ്യമാണ്.

ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ച പാകിസ്താൻ ഉപയോഗിച്ച നൂതന പി എൽ 15 മിസൈലുകൾ ഉൾപ്പെടെ പാകിസ്താന്റെ സൈനിക ഉപകരണങ്ങളുടെ 80 ശതമാനവും നൽകിയത് ചൈനയാണ് എന്നത് അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്. ഐക്യരാഷ്ട്രസഭയിൽ ജെയ്‌ഷെ മുഹമ്മദിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ചൈന നിരന്തരം തടഞ്ഞത് ചരിത്രത്തിലെ അതിന്റെ മറ്റൊരു ഉദാഹരണം.

എന്നാൽ ഇതെല്ലാം എത്രമാത്രം പാകിസ്താൻ ഉദ്ദേശിച്ച രീതിയിലാവും എന്ന് കണ്ടറിയണം. കാരണം ഇതിന് മുമ്പ് പാകിസ്താനിൽ ഫീൽഡ് മാർഷലായി ഒരു സൈനിക മേധാവി വന്നത് 1959 ലായിരുന്നു. അന്ന് പട്ടാളഭരണത്തിലേക്കാണ് ആ നീക്കം അവസാനിച്ചത്. അന്ന് ഇടയ്ക്കിടെയുള്ള രാജ്യത്തെ ജനങ്ങളുടെ പ്രതിഷേധ ശബ്‌ദങ്ങളിൽ അസ്വസ്ഥനായിരുന്ന പ്രസിഡന്‍റ് ഇസ്‌കന്ദർ മിർസ പട്ടാള ഭരണം പ്രഖ്യാപിച്ച് ജനറൽ അയൂബ് ഖാനെ ചീഫ് പട്ടാള നിയമ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. 1947 ലെ രൂപീകരണ ശേഷം നിരന്തരമുള്ള അവിശ്വാസ പ്രമേയങ്ങൾ, തകർന്നുകൊണ്ടിരിക്കുന്ന സഖ്യകക്ഷികൾ, അസ്ഥിരമായ പാർലമെന്ററി സംവിധാനം തുടങ്ങി വിവിധ പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്ന നിലയിൽ കൂടിയാണ് മിർസ ആ നീക്കം നടത്തിയത്.

അയൂബ് ഒരു വിശ്വസ്തനായ കീഴുദ്യോഗസ്ഥനായി തുടരുമെന്ന് മിര്‍സ കരുതിയെങ്കിലും, അയാള്‍ തന്റെ അധികാരമുപയോഗിച്ച് സ്വയം ഫീൽഡ് മർഷലാവുകയും രാജ്യത്തെ തനിക്ക് തോന്നുന്ന രീതിയിൽ നിയന്ത്രിക്കുകയും പാക് ഗവണ്‍മെന്‍റിനെ അസ്ഥിരപ്പെടുത്തുകയും ചെയ്തു. 1969 വരെ അത് തുടർന്നു. 65 വർഷങ്ങൾക്കിപ്പുറം പാകിസ്താന് വീണ്ടും ഒരു ഫീൽഡ് മാർഷൽ ഉണ്ടാവുകയാണ്.

പാകിസ്താന്‍ പോലൊരു രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനേക്കാള്‍ സൈനികശക്തിക്കാണ് എന്നും മുന്‍തൂക്കം ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് കടുത്ത യുദ്ധവെറിയനും വർഗീയ വാദിയുമായ ഒരാളെ ആണവായുധങ്ങൾ അടക്കമുള്ള ആയുധ ശേഖരത്തിന്റെ സമ്പൂർണ നിയന്ത്രണങ്ങൾ ഏൽപ്പിക്കുക വഴി അതിർത്തി രാജ്യമായ ഇന്ത്യയെ മാത്രമല്ല, ലോക രാജ്യങ്ങളെ മുൾമുനയിൽ നിർത്തുകയും കടുത്ത അരക്ഷിതാവസ്ഥ നിറഞ്ഞ ഒരു സ്വേച്ഛാധിപത്യ ഭരണത്തിലേക്ക് ജനങ്ങളെ ഇട്ടുകൊടുക്കുകയുമാണ് ഷഹബാസിന്റെ ഭരണകൂടം ചെയ്യുന്നത്. അതിന് ലോകത്തിന് മുന്നിൽ പാകിസ്താന് വലിയ വില കൊടുക്കേണ്ടി വരും.

Content Highlights: akistani government betrays its own people When will Asim muneer become a Field Marshal

To advertise here,contact us