ജവഹര്ലാല് നെഹ്റു എന്നുപരാമര്ശിക്കാതെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഒരു വരിപോലും എഴുതാനാകില്ല. പക്ഷെ, നെഹ്റുവില്ലാത്ത ഇന്ത്യയാണ് ബിജെപിയുടെ ലക്ഷ്യം. അതുകൊണ്ടാണ് രാജ്യം 75-ാം സ്വതന്ത്ര്യവാര്ഷികം ആഘോഷിക്കുന്ന വേളയില് ഇന്ത്യന് കൗണ്സില് ഫോര് ഹിസ്റ്ററിക്കല് റിസര്ച്ച് പുറത്തിറക്കിയ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം എന്ന പോസ്റ്ററില് നിന്ന് നെഹ്റുവിനെ അവരങ്ങ് ഒഴിവാക്കിയത്. 'കോണ്ഗ്രസ് മുക്ത് ഭാരത്' എന്ന് പുറമേയ്ക്ക് പറയുമെങ്കിലും ഉള്ളിന്റെ ഉള്ളില് ബിജെപി ലക്ഷ്യമിടുന്നത് 'നെഹ്റു മുക്ത ഭാരത'മാണ്. പൂജ്യത്തില് നിന്ന് ഇന്നുകാണുന്ന ഇന്ത്യയിലേക്കുള്ള രാജ്യത്തിന്റെ വളര്ച്ചയ്ക്ക് അടിസ്ഥാനശില പാകിയ ദീര്ഘദര്ശിയെ മായ്ക്കാനുള്ള ബാലിശ ശ്രമങ്ങള് അവര് നടത്തുന്നതും അതുകൊണ്ടുതന്നെ! അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 53 വര്ഷം പ്രവര്ത്തന പാരമ്പര്യമുള്ള നെഹ്റു യുവഭാരതിന്റെ പേര് മേരാ യുവ ഭാരത് എന്നാക്കി മാറ്റിയത്. രാജ്യത്തെ 623 ജില്ലകളിലായി പ്രവര്ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ യുവജനസംഘടനയുടെ പേരുമാറ്റത്തിനുള്ള ശ്രമങ്ങള് രണ്ടുവര്ഷങ്ങള്ക്ക് മുന്പേ ബിജെപി ആരംഭിച്ചിരുന്നു.
തീന്മൂര്ത്തി ഭവനില് സ്ഥിതി ചെയ്യുന്ന നെഹ്റു സ്മാരക മ്യൂസിയം ആന്ഡ് ലൈബ്രറിയുടെ പേര് പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആന്ഡ് ലൈബ്രറിയെന്നാക്കിയതും കേന്ദ്രീയ വിദ്യാലയം നടത്തിവന്നിരുന്ന ജവഹര്ലാല് നെഹ്റു നാഷ്നല് സയന്സ്, മാത്തമാറ്റിക്സ്, ആന്ഡ് എന്വയേണ്മെന്റ് എക്സിബിഷന് എന്ന പേര് രാഷ്ട്രീയ ബാല് വൈജ്ഞാനിക് പ്രദര്ശനി എന്നാക്കിയതും അതിന്റെയെല്ലാം ഭാഗമായിരുന്നു. ചൈന അതിര്ത്തിയില് പ്രകോപനമുണ്ടാക്കുമ്പോഴും കശ്മീരില് പ്രശ്നങ്ങള് ഉണ്ടാകുമ്പോഴും ഇന്നും ബിജെപിക്കാര് പഴിക്കുന്നത് നെഹ്റുവിനെ മാത്രമാണ്. ഇന്ത്യന് രാഷ്ട്രീയത്തിന്റെ മാന്യതകളെല്ലാം കാറ്റില് പറത്തി സ്റ്റേറ്റ്മാന് എന്ന വിശേഷണത്തിന് അര്ഹനായ നെഹ്റുവിനെ സഹോദരിക്കും അനന്തരവള്ക്കുമൊപ്പം ഇരിക്കുന്ന ചിത്രം പ്രചരിപ്പിച്ച് സ്ത്രീലമ്പടനാക്കാനും ശ്രമിച്ചിട്ടുണ്ട് ബിജെപി. ഹിന്ദുത്വ തീവ്രവാദിയായ നാഥുറാം ഗോഡ്സെ കൊലപ്പെടുത്തിയ മഹാത്മാഗാന്ധിയെയും സര്ദാര് വല്ലഭായ് പട്ടേലിനെയും സുഭാഷ് ചന്ദ്രബോസിനെയും എന്തിന് അംബേദ്കറെ പോലും ചേര്ത്തുപിടിക്കാന് ബോധപൂര്വ ശ്രമം നടത്തുന്നവര്ക്ക് ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയായ ജവഹര്ലാല് നെഹ്റുവിനോട് തീര്ത്താല് തീരാത്ത പക എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ബിജെപിയും ആര്എസ്എസും നെഹ്റുവിനെ ഇത്രമേല് ഭയക്കുന്നതും അദ്ദേഹത്തിനെതിരെ തിരിയുന്നതും?
ആര്എസ്എസ് എന്നും വെറുത്ത രാഷ്ട്രീയ നേതാക്കളില് ഒരാളായിരുന്നു നെഹ്റു. ഇന്ത്യ-പാകിസ്താന് വിഭജനത്തിന് കാരണക്കാരനെന്ന് നെഹ്റുവിനെ ചിത്രീകരിക്കുന്നവര്ക്ക് വിഭജനത്തോടെ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായി മാറണം എന്നായിരുന്നു ആഗ്രഹം. പക്ഷെ നെഹ്റു വിഭാവനം കണ്ടത് മതേതര-ജനാധിപത്യ രാഷ്ട്രത്തെയായിരുന്നു. 1948 ഓഗസ്റ്റ് 24 ന് ശ്യാമപ്രസാദ് മുഖര്ജിക്ക് എഴുതിയ കത്തില് ഹിന്ദുത്വ ശക്തികളോടുള്ള അദ്ദേഹത്തിന്റെ എതിര്പ്പ് വ്യക്തമാണ്. ആര്എസ്എസിന്റെ താല്പര്യങ്ങളെ എതിര്ത്തവരുടെ പട്ടികയില് ഇന്നവര് ചേര്ത്തുപിടിക്കാന് തങ്ങളുടേതാക്കാന് ശ്രമിക്കുന്ന പട്ടേലും ഹിന്ദുത്വ തീവ്രവാദി ഗോഡ്സെ കൊലപ്പെടുത്തിയ ഗാന്ധിജിയുമുണ്ട്. പക്ഷെ എതിര്ത്തവരുടെ പക്ഷത്തെ തീരുമാനങ്ങള് പ്രാവര്ത്തികമാക്കിയത് നെഹ്റുവായിരുന്നു.
ഫാസിസ്റ്റ്-ഏകാധിപത്യശക്തികളുമായി ഒരുതരത്തിലും സഹകരിക്കാന് നെഹ്റു ഒരുക്കമായിരുന്നില്ല. നെഹ്റുവിന്റെ ദീര്ഘവീക്ഷണത്തില്, പട്ടിണിയും അസമത്വവും നിലനിന്നിരുന്ന രാജ്യത്തുയര്ന്ന സ്റ്റീല് പ്ലാന്റുകളും ഐഐടികളും ജലവൈദ്യുത പദ്ധതികളും ഉയിര്ത്തെഴുന്നേല്ക്കുന്ന ഇന്ത്യയുടെ പ്രതീകമെന്ന് വിശേഷിപ്പിക്കപ്പെട്ട ഭക്രാനംഗലുമെല്ലാം ബോധപൂര്വം വിസ്മരിച്ച് നെഹ്റു പ്രധാനമന്ത്രിയായതുകൊണ്ടുമാത്രമാണ് ഇങ്ങനെയെല്ലാം സംഭവിച്ചതെന്നും പട്ടേലായിരുന്നെങ്കില് കാണാമായിരുന്നു എന്ന് പറഞ്ഞുകൊണ്ട് സ്വതന്ത്രഇന്ത്യയില് നെഹ്റു ചെയ്ത ഓരോന്നിനെയും എടുത്തുപറഞ്ഞ് ബിജെപി വിമര്ശിക്കുന്നത്. ആര്എസ്എസ് ഭാഷ്യത്തില് ഒരു കാര്യം പോലും നേരാംവണ്ണം ചെയ്യാത്ത നേതാവായിരുന്നു. നെഹ്റുവിനെ ഇകഴ്ത്തിക്കാട്ടാനുള്ള ഏറ്റവും കരുത്തുറ്റ വാദമായി ബിജെപി എന്നും ഉയര്ത്താറുള്ളത് കശ്മീരിനെയാണ്. കശ്മീരിന്റെ പ്രത്യേക അധികാരങ്ങള് എടുത്തുകളയുന്ന ആര്ട്ടിക്കിള് 370 റദ്ദാക്കിയ വേളയില് അമിത് ഷാ പറഞ്ഞ ഒരു കാര്യമുണ്ട്.
സര്ദാര് വല്ലഭായ് പട്ടേലാണ് പ്രധാനമന്ത്രിയായിരുന്നതെങ്കില് കശ്മീര് മുഴുവന് ഇന്ത്യന് അധീനതയിലിരുന്നേനെ എന്ന് അമിത് ഷാ ആര്ട്ടിക്കിള് 370 റദ്ദാക്കല് സമയത്ത് പറഞ്ഞത് ഓര്ക്കുന്നുണ്ടാകും. കശ്മീര് എന്ന തര്ക്കവിഷയം ഐക്യരാഷ്ട്രസഭയില് എത്തിക്കുന്നതില് ഒരുപക്ഷെ നെഹ്റു പരാജയപ്പെട്ടേക്കാം. പക്ഷെ നെഹ്റുവിന് ശേഷം വന്ന കോണ്ഗ്രസ് ഇതര പ്രധാനമന്ത്രിമാരടക്കമുള്ളവരുടെ ഒരു നിരതന്നെയുണ്ട്. നെഹ്റുവിന്റെ കാലശേഷം കശ്മീര് വിഷയം രൂക്ഷമായപ്പോഴും അദ്ദേഹത്തിന് ശേഷം വന്ന രാജീവ് ഗാന്ധി, വി പി സിംഗ്, നരസിംഹ റാവു, അടല് ബിഹാരി വാജ്പേയി, ഐ കെ ഗുജ്റാള്, ദേവഗൗഡ, മന്മോഹന് സിങ് തുടങ്ങി ആര്ക്കും ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താന് സാധിച്ചിട്ടില്ലെന്നിരിക്കേ പ്രഥമപ്രധാനമന്ത്രിയായിരുന്നു എന്ന ഒറ്റക്കാരണത്താല് നെഹ്റുവിന്റെ ശിരസ്സില് മാത്രം ആ ഭാരം കയറ്റിവയ്ക്കുന്നതില് ശരികേടുണ്ട്.
1962-ലെ ഇന്ത്യ-ചൈന യുദ്ധമാണ് മറ്റൊരു നെഹ്റുവിന് മേല് ആരോപിക്കപ്പെടുന്ന മറ്റൊരു പോരായ്മ. ഇന്ത്യ-ചൈന യുദ്ധം ലോകയുദ്ധമായി മാറുമെന്നാണ് നെഹ്റു കരുതിയത് അതുകൊണ്ട് ഒരു യുദ്ധ സാധ്യതയില്ലെന്നായിരുന്നു നെഹ്റു കണക്കുകൂട്ടിയതും. പക്ഷെ അത് ഇന്ത്യയെ നയിച്ചത് ഒരു ദുരന്തത്തിലേക്കാണ്. ഇന്ത്യയേക്കാള് വലിയ ശക്തിയായിരുന്നില്ല 62ല് ചൈന. രാജ്യത്തിന്റെ അവ്വാതെ മറ്റൊരു സൈനിക കരുത്തിന്റെ പിന്തുണ ആവശ്യമുണ്ടെന്നും കരുതിയില്ല. പക്ഷെ ചൈനയുടെ പോരാളികള് അനുഭവസമ്പത്തുള്ളവരായിരുന്നു. അയല്ക്കാരുടെ കരുത്തിനെ വിലകുറച്ച് കാണരുത് എന്ന പാഠമാണ് ആ യുദ്ധം ഇന്ത്യക്ക് നല്കിയത്. സ്വന്തം കരുത്തിനെ കുറിച്ചുള്ള തെറ്റിദ്ധാരണയാണ് 62-ല് നെഹ്റുവിന്റെ തീരുമാനങ്ങള്ക്ക് തിരിച്ചടിയായത്. പോര്ച്ചുഗീസ് ഭരണത്തിന് കീഴില് നിന്ന് ഗോവയെ മോചിപ്പിക്കാന് വൈകി, പുറത്തുപോയി പഠിച്ചതിനാല് നെഹ്റു പാശ്ചാത്യവത്കരിക്കപ്പെട്ടുവെന്നും പാശ്ചാത്യവത്കരണം സംസ്കാരികവും സാമൂഹികമവുമായ നെഹ്റുവിന്റെ കാഴ്ചപ്പാടിനെ മലീമസമാക്കി. ഹിന്ദുത്വ പൈതൃകത്തെ അവഗണിക്കാന് അദ്ദേഹത്തെ പ്രേരിപ്പിച്ചതിന് ഒഅതാണ് പ്രധാനകാരണമെന്ന കുറ്റപ്പെടുത്തല്, എഡ്വിന മൗണ്ട് ബാറ്റണുമായുള്ള പ്രണയത്തെ മുന്നിര്ത്തി നെഹ്റു സ്ത്രീലമ്പടനാണെന്നുള്ള വാദം തുടങ്ങി നെഹ്റുവിനെ താറടിക്കാനുള്ള ശ്രമങ്ങള് മാത്രമേ ബിജെപിയില് നിന്നും ആര്എസ്എസില് നിന്നും ഉണ്ടായിട്ടുള്ളൂ. കോണ്ഗ്രസിനേക്കാള് കോണ്ഗ്രസിന്റെ നെഹ്റുവിയന് പാരമ്പര്യത്തെയാണ് അവര് ഭയക്കുന്നത്. ആ പാരമ്പര്യമാണ് കോണ്ഗ്രസിന്റെ ശക്തിയെന്ന് അവര്ക്ക് തിരിച്ചറിയാം.
ആര്എസ്എസ് പ്രചാരകനായിരുന്ന ബിജെപിയുടെ മുന്പ്രധാനമന്ത്രി അടല് ബിഹാരി വാജ്പേയിക്ക് ജവഹര്ലാല് നെഹ്റുവിനോടുള്ള സമീപനം അതിന് ഉദാഹരണമാണ്. നെഹ്റുവിനെയും നെഹ്റുവിന്റെ ആശയങ്ങളെയും അടുത്തറിഞ്ഞിട്ടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ബഹുമാനിച്ചിട്ടുള്ള നേതാവായിരുന്നു വാജ്പേയി. നെഹ്റുവിനെ കടുത്തഭാഷയില് വിമര്ശിക്കുകയും എന്നാല് അദ്ദേഹത്തിന്റെ മികവിനെ ഇകഴ്ത്തിക്കാണിക്കാന് ശ്രമിക്കാതിരിക്കുകയും ചെയ്ത ബിജെപി നേതാവാണ് അദ്ദേഹം. നെഹ്റുവിന്റെ മരണശേഷം അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് പലരും സംസാരിച്ചുവെങ്കിലും ഇന്നും എടുത്തുപറയുന്ന വൈകാരിക പ്രസംഗങ്ങളില് ഒന്ന് വാജ്പേയിയുടേതായിരുന്നു. പ്രതിപക്ഷ ബഹുമാനമുള്ള വാജ്പേയിയാകാന് മോദിക്ക് ഒരുകാലത്തും കഴിയില്ല. വാജ്പേയിയില് നിന്നും മോദിയിലേക്ക് അത്രയേറെ ദൂരമുണ്ട്. ഹിന്ദുത്വയും മുസ്ലീംവിരുദ്ധതയുമായി ഏറെക്കാലം മുന്നോട്ടുപോകാനാവില്ലെന്ന് ബിജെപിക്ക് നന്നായി അറിയാം. സ്വതന്ത്ര ഇന്ത്യയെ രൂപപ്പെടുത്തുന്നതില് പ്രധാന പങ്കുവഹിച്ച ഒരു ലോകനേതാവിനെ ഇകഴ്ത്തിക്കാണിക്കാന് അവര് ശ്രമിക്കുന്നത് അതുകൊണ്ടാണ്.
ബിജെപിയുടെ അജണ്ട കൃത്യവും വ്യക്തവുമാണ്. നെഹ്റുവിനെ കാലക്രമേണ ചരിത്രത്തില് നിന്ന് മായ്ച്ചുകളഞ്ഞ് ചരിത്രം തിരുത്തുക. ഹിന്ദുരാഷ്ട്രത്തിന് എതിരുനില്ക്കുന്നതെന്തോ അത് തുടച്ചുമാറ്റുക, അത് നെഹ്റുവുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളോ, ചരിത്ര നിര്മിതികളോ, ആര്ക്കൈവുകളോ, സംഘടനകളോ, ഇനി പൊതുബോധം തന്നെയോ ആണെങ്കില് കൂടി. പുതുതലമുറകളെ നെഹ്റു അജ്ഞരാക്കുക. അവര് കണ്ടും അറിഞ്ഞും വളരുന്നത് തങ്ങളുടെ ചിന്താധാരകളും ചരിത്രവുമാണെന്ന് ഉറപ്പിക്കുക. പക്ഷെ ഇന്ത്യയെന്ന സ്വതന്ത്രരാജ്യത്തിന്റെ പാതി ചരിത്രമായ നെഹ്റുവിനെ ഇല്ലാതാക്കാന് നടത്തുന്ന ശ്രമങ്ങളോരോന്നും അദ്ദേഹത്തെ വീണ്ടും ഓര്മിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. വിമര്ശിക്കുന്നതിനിടയില് നെഹ്റുവിന്റെ 'ഇന്ത്യയെ കണ്ടെത്തല്' ഒന്നോടിച്ചുനോക്കിയാല് മതി പ്രഥമപ്രധാനമന്ത്രിയെക്കുറിച്ചുള്ള മുന്വിധികള് മാറ്റാനും യഥാര്ഥ ഇന്ത്യയെ കണ്ടെത്താനും അത് ഉപകരിക്കും.
Content Highlights: Ever wondered why ‘Hindutva nationalists’ hate Nehru so much?