പാകിസ്താനുമായി ഇന്ത്യ വെടി നിർത്തൽ പ്രഖ്യാപിച്ചെങ്കിലും പണി കിട്ടിയത് വേറെ രണ്ട് രാജ്യങ്ങൾക്കാണ്. അസൈർബൈജാനും തുർക്കിക്കും. പാകിസ്ഥാനെ സഹായിച്ചതിൻ്റെ പേരിൽ വലിയ ബഹിഷ്കരണമാണ് ഇരുരാജ്യങ്ങളും നേരിട്ടുന്നത്. പാകിസ്താൻ പഞ്ചാബിലേക്ക് അയച്ചത് തുർക്കി നിർമ്മിത ഡ്രോണുകളാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. പാകിസ്ഥാന് പരസ്യ പിന്തുണയുമായി തുർക്കി പ്രസിഡൻ്റ് ഉർദ്ദുഗാനും രംഗത്തെത്തിയിരുന്നു. ഇന്ത്യ പാക് സംഘർഷം നിലനിന്നിരുന്ന സമയത്ത് അസർബൈജാനും പാകിസ്ഥാന് പൂർണ്ണ പിന്തുണ നൽകിയിരുന്നു. ഇതൊക്കെയാണ് വെടിനിർത്തലിന് ശേഷവും പാകിസ്ഥാനെ സഹായിച്ച ഇരുരാജ്യങ്ങൾക്കുമെതിരെ നിലപാടെടുക്കാൻ ഇന്ത്യക്കാരെ പ്രേരിപ്പിച്ചത്.
ഇന്ത്യക്കാരുടെ ബഹിഷ്ക്കരണം കനത്തതോടെ വിനോദസഞ്ചാരമേഖലയിൽ കനത്ത തിരിച്ചടിയാണ് തുർക്കിക്കും അസർബൈജാനും നേരിടേണ്ടി വരുന്നത്. ഇരുരാജ്യങ്ങളിലേക്കുമുള്ള 60 ശതമാനത്തോളം ഇന്ത്യൻ ബുക്കിംഗുകൾ ക്യാൻസലായെന്നാണ് പുറത്തുവരുന്ന കണക്കുകൾ. ക്യാൻസലേഷൻ നിരക്കും 250 ശതമാനമായി വർദ്ധിച്ചു. പാകിസ്ഥാനെ തുർക്കിയും അസർബൈജാനും സഹായിക്കുന്നെന്ന വാർത്തകൾ വന്നതോടെ പല ട്രാവൽ ആപ്പുകളും ഈ രാജ്യങ്ങളിലേക്കുള്ള ബുക്കിംഗുകൾ നിർത്തലാക്കിയിരുന്നു. പ്രമോഷൻ ഉൾപ്പെടെ നിർത്തിയും ഇരുരാജ്യങ്ങളിലേക്കും യാത്രകൾ ഒഴിവാക്കണമെന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചുമാണ് ആപ്പുകൾ ഈ വാർത്തയോട് ശക്തമായി പ്രതികരിച്ചത്. തങ്ങളുടെ പാക്കേജുകളിൽ തുർക്കിഷ് എയർലൈൻസ് വിമാനം പോലും ഉപയോഗിക്കില്ലെന്ന പ്രഖ്യാപനം നടത്തിയും ഇന്ത്യൻ ട്രാവൽ കമ്പനികൾ രംഗത്തെത്തിയിരുന്നു.
മുൻപ് ഇന്ത്യയുമായി തർക്കത്തിലായ മാലിദ്വീപിനും സമാന സ്ഥിതി വന്നിരുന്നു. ഇന്ത്യൻ സഞ്ചാരികളുടെ കുറവ് മൂലം മാലിദ്വീപ് ടൂറിസം കനത്ത പ്രതിസന്ധി നേരിട്ടിരുന്നു. ഒടുവിൽ ഇന്ത്യയുമായി രമ്യതയിലെത്താൻ പ്രസിഡൻ്റ് മുഹമ്മദ് മുയിസു നിർബന്ധിതനാവുകയായിരുന്നു.
തുർക്കിയും അസർബൈജാനുമായുള്ള ഇന്ത്യൻ വ്യാപാര ബന്ധം തന്നെ പ്രതിസന്ധിയിലാകുന്ന നീക്കമാണ് നിലവിൽ നടക്കുന്നത്. മാർബിൾ, ആപ്പിൾ, സ്വർണ്ണം പച്ചക്കറികൾ, സിമൻ്റ്, നാരങ്ങ എന്നിവയാണ് തുർക്കിയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. വലിയ തോതിലുള്ള ആപ്പിൾ കയറ്റുമതിയാണ് തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്ക് നടക്കുന്നത്. തുർക്കി ആപ്പിളുകൾക്ക് പൂനെയിലെ പഴക്കച്ചവടക്കാർ അനൗദ്യോഗിക നിരോധനം ഏർപ്പെടുത്തിയതായി വാർത്തകൾ വരുന്നുണ്ട്. ഇന്ത്യ- പാക് സംഘർഷത്തിൽ നോട്ടപ്പുള്ളിയായതോടെ തുർക്കിയുടെ ആപ്പിളുകൾക്ക് ഡിമാൻ്റ് കുറയുന്നതായാണ് വിവരം.
അസർബൈജാൻ്റെ വ്യാപാര പങ്കാളികളായ രാജ്യങ്ങളിൽ മുൻ നിരയിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ ഏറെ നേട്ടമുണ്ടാക്കിയ രാജ്യമാണ് അസർബൈജാൻ. പാക് സൈനിക നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്ന തുർക്കിയും അസർബൈജാനുമായും ഇന്ത്യയുടെ വ്യാപാര, നിക്ഷേപ നയതന്ത്ര ബന്ധങ്ങളിൽ വിള്ളൽ വീണേക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Content Highlight: Unofficial Boycott Campaign Against Turkey and Azerbaijan from Indians