ഇന്ത്യൻ ആകാശ അതിരിലെ പ്രതിരോധ മതിൽ; എസ്-400 എന്ന 'സുദർശന ചക്രം'

ലോകത്തെ തന്നെ ഏറ്റവും മാരകമായ, ഉപരിതലത്തിൽ നിന്നും ആകാശത്തേയ്ക്ക് തൊടുക്കാവുന്ന എസ്എഎമ്മിൻ്റെ പട്ടികയിലാണ് എസ്-400ൻ്റെ സ്ഥാനം

icon
dot image

"വളരെ വലിയ ഒരു പ്രദേശത്ത് തുടർച്ചയായതും ഫലപ്രദവുമായ വ്യോമ പ്രതിരോധ സംവിധാനം ഒരുക്കാനുള്ള പ്രവർത്തന ശേഷിയുടെ കാര്യത്തിൽ എസ്-400 മിസൈൽ ശക്തമായ ഒരു സംവിധാനമാണ്. ഈ സംവിധാനം നിലവിൽ വരുന്നതോടെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ ശേഷി ഗണ്യമായി വർദ്ധിക്കുമെന്ന്" 2021ൽ ഒരു പ്രസ്താവനയിൽ ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്രയേറെ ശക്തിയും കൃത്യതയും കരുത്തും ഉള്ളതാണ് ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമായ എസ്-400 മിസൈൽ സിസ്റ്റം എന്ന് രാജ്യം തിരിച്ചറിഞ്ഞ നിമിഷങ്ങളാണ് കടന്ന് പോകുന്നത്.

ഇന്ത്യയിലേയ്ക്ക് പാകിസ്താൻ കഴിഞ്ഞ ദിവസം നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ മുനയൊടിച്ചത് വ്യോമപ്രതിരോധ സംവിധാനമായ എസ്-400 മിസൈലാണ്. ലോകത്തെ തന്നെ ഏറ്റവും മാരകമായ, ഉപരിതലത്തിൽ നിന്നും ആകാശത്തേയ്ക്ക് തൊടുക്കാവുന്ന എസ്എഎമ്മിൻ്റെ പട്ടികയിലാണ് എസ്-400ൻ്റെ സ്ഥാനം. റഷ്യൻ നിർമ്മിത വ്യോമപ്രതിരോധ സംവിധാനമാണ് എസ്-400 മിസൈൽ സിസ്റ്റം. 2018 ഒക്ടോബറിലാണ് എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങളുടെ അഞ്ച് യൂണിറ്റുകൾ വാങ്ങുന്നതിനായി ഇന്ത്യ റഷ്യയുമായി 5 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചത്. ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.

മിസൈൽ ലോഞ്ചറുകൾ, ശക്തമായ റഡാർ, കമാൻഡ് സെന്റർ എന്നിവ ഉൾപ്പെടെ എസ്-400ന് മൂന്ന് ഘടകങ്ങളാണുള്ളത്. യുദ്ധ വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, വേഗത്തിൽ നീങ്ങുന്ന ഇൻ്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ പോലും ആക്രമിച്ച് തകർക്കാൻ ശേഷിയുള്ളവയാണ് ഇവ. നിലവിലുള്ള എല്ലാത്തരം ആധുനിക യുദ്ധവിമാനങ്ങളെയും നേരിടാൻ ഇവയ്ക്ക് ശേഷിയുണ്ട്. എസ്-400ൻ്റെ റഡാറുകൾക്ക് 600 കിലോമീറ്റർ അകലെയുള്ള എതിരാളികളുടെ ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാൻ സാധിക്കും. 400 കിലോമീറ്റർ വരെ ദൂരത്തിൽ വെച്ച് തന്നെ അവയെ തടയാനും എസ്-400 മിസൈൽ സിസ്റ്റത്തിന് സാധിക്കും.

നിലവിൽ ഇന്ത്യയ്ക്ക് നാല് എസ്-400 സ്ക്വാഡ്രണുകളാണുള്ളത്. പത്താൻകോട്ട് മുതൽ ജമ്മു കശ്മീർ, പഞ്ചാബ് എന്നിവിടങ്ങൾ ഉൾപ്പെടുന്നതാണ് ഒന്ന്. മറ്റൊന്ന് രാജസ്ഥാനിലെയും ഗുജറാത്തിലെയും തന്ത്രപ്രധാന പ്രദേശങ്ങളെ സംരക്ഷിക്കുന്നു. എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിന് സായുധ സേന നൽകിയിരിക്കുന്ന പേര് "സുദർശൻ ചക്ര" എന്നാണ്.

ഇന്ത്യയുടെ വടക്കൻ-പടിഞ്ഞാറൻ മേഖലയിലെ നിരവധി സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു പാകിസ്താൻ മെയ് എട്ടിന് മിസൈലുകളും ഡ്രോണുകളും യുദ്ധവിമാനങ്ങളുമായി ആക്രമണത്തിനിറങ്ങിയത്. അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഢ്, നൽ, ഫലോഡി, ഉത്തരലൈ, ഭുജ് എന്നീ പ്രദേശങ്ങൾ ലക്ഷ്യം വെച്ചെത്തിയ പാകിസ്താൻ്റെ മിസൈലുകളും ഡ്രോണുകളും യുദ്ധവിമാനങ്ങളും ആകാശത്ത് വെച്ച് തന്നെ തകർത്ത് തരിപ്പണമാക്കാൻ എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിന് സാധിച്ചിരുന്നു.

Content Highlights: India used the S-400 defence missile systems to take down Pakistani drones and missiles

To advertise here,contact us
To advertise here,contact us
To advertise here,contact us