മൂന്ന് പതിറ്റാണ്ടിലധികം മുഖ്യമന്ത്രിമാര്‍ ഇല്ലാതിരുന്ന ഡല്‍ഹി; ഒരു തലസ്ഥാന ചരിത്രം…

അപ്പോഴെല്ലാം ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ജനാധിപത്യപരമായ അവകാശങ്ങള്‍ വേണമെന്ന ആവശ്യം നിരന്തരം ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടായിരുന്നു

രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും രാജ്യതലസ്ഥാനത്താണ്. ഡല്‍ഹി ആര് ഭരിക്കുമെന്ന് വ്യക്തമാകാന്‍ മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കും സംഭവവികാസങ്ങള്‍ക്കും ശേഷമാണ് ഡല്‍ഹി വിധിയെഴുതിയത്. ശക്തമായ ത്രികോണ പോരാട്ടം കണ്ട തിരഞ്ഞെടുപ്പിനൊടുവില്‍ ഡല്‍ഹിയില്‍ ആര് വാഴുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് മുന്നണികളും രാജ്യം തന്നെയും.

1956 മുതല്‍ 93 വരെ മുഖ്യമന്ത്രി ഇല്ലാതിരുന്ന ഡല്‍ഹി

1952 ലാണ് ഡല്‍ഹിയില്‍ ആദ്യം തിരഞ്ഞെടുപ്പ് നടക്കുന്നത്. അതും പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ തന്നെ. 48 സീറ്റുകളിലേക്കായിരുന്നു അന്ന് തിരഞ്ഞെടുപ്പ് നടന്നത്. 5,21,766 വോട്ടര്‍മാര്‍ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. വോട്ടിംഗ് ശതമാനം 58%. രാജ്യത്ത് അന്നുണ്ടായിരുന്ന കോണ്‍ഗ്രസ് തരംഗത്തില്‍ രാജ്യതലസ്ഥാനവും കൈക്കലാക്കാന്‍ കോണ്‍ഗ്രസിന് അധികം ബുദ്ധിമുട്ടേണ്ടി വന്നിരുന്നില്ല. 39 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായപ്പോള്‍ ബാക്കി സീറ്റുകള്‍ ലഭിച്ചത് ജനസംഘ്, സോഷ്യലിസ്റ്റ് പാര്‍ട്ടി, ഹിന്ദു മഹാസഭ തുടങ്ങിയവര്‍ക്കായിരുന്നു.

1956ലാണ് ഡല്‍ഹി യൂണിയന്‍ ടെറിട്ടറി ആയി മാറ്റപ്പെട്ടത്. ജസ്റ്റിസ് ഫൈസല്‍ അലി നേതൃത്വം നല്‍കിയിരുന്ന സ്റ്റേറ്റ് റീഓര്‍ഗനൈസേഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് രാജ്യ തലസ്ഥാനത്തെ യൂണിയന്‍ ടെറിട്ടറി ആക്കി മാറ്റിയത്.

അപ്പോഴെല്ലാം ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ജനാധിപത്യപരമായ അവകാശങ്ങള്‍ വേണമെന്ന ആവശ്യം നിരന്തരം ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 1966ല്‍ ഡല്‍ഹി മെട്രോപോളിറ്റന്‍ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ തലവനായിരുന്ന ഈ കൗണ്‍സിലിന് പക്ഷേ ജനാധിപത്യപരമായ അവകാശങ്ങള്‍ പരിമിതമായിരുന്നു.

1987ല്‍, സര്‍ക്കാരിയ കമ്മീഷന്‍ രാജ്യതലസ്ഥാനത്തെ സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതില്‍ ഡല്‍ഹിക്ക് നിയമസഭാ അസംബ്ലി വേണമെന്നും ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റേതായ രീതികളില്‍ നിയമനിര്‍മ്മാണങ്ങള്‍ നടത്താന്‍ സാധിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. ഈ നിര്‍ദ്ദേശമാണ്, 37 വര്‍ഷങ്ങള്‍ക്ക് ശേഷം 1993ല്‍ ഡല്‍ഹിയില്‍ ഒരു നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ വഴിയൊരുക്കിയത്. അന്ന് 70ല്‍ 49 സീറ്റ് നേടി ബിജെപി അധികാരത്തില്‍ വന്നു. മദന്‍ ലാല്‍ ഖുറാന, സുഷമ സ്വരാജ് എന്നിവരായിരുന്നു മുഖ്യമന്ത്രിമാരായത്.

പിന്നീടങ്ങോട്ട് കോണ്‍ഗ്രസ് ആധിപത്യം. 15 വര്‍ഷം ഷീല ദീക്ഷിത് മുഖ്യമന്ത്രിയായി, രാജ്യതലസ്ഥാനം ഭരിച്ചു. ഡല്‍ഹിയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരിക്കലും മായ്ക്കാന്‍ സാധിക്കാത്ത ഒരു പേരായിരുന്നു ഷീല ദീക്ഷിതിന്റെത്.

അഴിമതിയില്‍ മുങ്ങിക്കുളിച്ച രണ്ടാം യുപിഎ കാലവും, അക്കാലത്തുണ്ടായ അണ്ണാ ഹസാരെ മൂവ്‌മെന്റുമെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് നിയമസഭയിലേക്കുള്ള വഴി കാണിച്ചുകൊടുത്തു. പിന്നീടുണ്ടായത് രാജ്യ തലസ്ഥാനത്തിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ വര്‍ഷങ്ങള്‍. വ്യക്തമായ ഭൂരിപക്ഷം രണ്ട് പ്രാവശ്യമാണ് ജനങ്ങള്‍ അരവിന്ദ് കെജ്‌രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും അധികാരത്തിലേറ്റിയത്. തുടര്‍ന്ന് രണ്ടാം കെജ്രിവാള്‍ സര്‍ക്കാരിന്റെ കാലത്ത്, ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ മദ്യനയ അഴിമതിക്കേസും കെജ്‌രിവാളിന്റെ അറസ്റ്റും മറ്റുമെല്ലാം സംഭവിക്കുന്നു.

ഫെബ്രുവരി അഞ്ചിന് ജനങ്ങള്‍ എഴുതിയ വിധി എന്തായിരുന്നു എന്ന് അല്പസമയത്തിനുള്ളിലറിയാം. എക്‌സിറ്റ് പോള്‍ പ്രവചനം സത്യമാകുമെങ്കില്‍ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചുവരവുകളില്‍ ഒന്നായി ഡല്‍ഹി അടയാളപ്പെടുത്തപ്പെടും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിക്ക് ഉണ്ടായ അനേകം വിജയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി ഡല്‍ഹിയിലെ വിജയം മാറുകയും ചെയ്യും. ആം ആദ്മിയുടെ തോല്‍വി പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുകയും ചെയ്യും.

മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍, ആം ആദ്മിയുടെ വിജയം കെജ്‌രിവാളിന്റെ രാഷ്ട്രീയ സത്യസന്ധതയ്ക്കുള്ള വോട്ടായി വ്യാഖ്യാനിക്കപ്പെടും. ബിജെപിയുടെ രാഷ്ട്രീയ വേട്ടയാടല്‍ എന്ന ആം ആദ്മി സ്ട്രാറ്റജി ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തു എന്ന് തന്നെ അനുമാനിക്കേണ്ടിവരും. കാത്തിരുന്ന് കാണാം രാജ്യതലസ്ഥാനം ആര്‍ക്കെന്ന്.

Content Highlights: Why did the national capital not have a CM from Nov 1, 1956 to Dec 2, 1993

To advertise here,contact us