'അടിവസ്ത്രം' പൊല്ലാപ്പാകുമോ?; ആൻ്റണി രാജു ഉൾപ്പെട്ട തൊണ്ടി മുതൽ കേസിന്റെ നാൾവഴികൾ

നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് തൊണ്ടിമുതലിൽ കൃത്രിമം കേസിൽ മുൻ ഗതാഗത മന്ത്രിയും ജനാധിപത്യ കേരള കോൺഗ്രസ് നേതാവുമായ ആൻറണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്

4 min read|20 Nov 2024, 08:46 pm

അടിവസ്ത്രം ഒരു കേസിലെ നിർണായക തെളിവാകുകയും അതേ അടിവസ്ത്രത്തിന്റെ പേരിൽ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാവ് പ്രതിചേർക്കപ്പെടുകയും ചെയ്തുവെന്ന പ്രത്യേകതയാണ് തൊണ്ടി മുതൽ കേസിനെ മൂന്ന് പതിറ്റാണ്ടിനപ്പുറത്തും ചർച്ചയാക്കുന്നത്. നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ മുൻ ഗതാഗത മന്ത്രിയും ജനാധിപത്യ കേരള കോൺഗ്രസ് നേതാവുമായ ആൻറണി രാജു വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി വന്നതോടെ കേസ് വീണ്ടും ശ്രദ്ധ നേടുകയാണ്. വിചിത്രമെന്നോ അസാധാരണമെന്നോ തോന്നുന്ന ചരിത്രവഴികളാണ് തൊണ്ടി മുതൽ കേസിനെ വേറിട്ട് നിർത്തുന്നത്.

1990 ഏപ്രിൽ 4ന് അടിവസ്ത്രത്തിൽ ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരനായ ആൻഡ്രൂ സാൽവദോർ സർവലി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായതോടെയാണ് തൊണ്ടിമുതൽ കേസിന്റെ തുടക്കം. അന്ന് ആൻ്റണി രാജു തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകനായിരുന്നു. തന്റെ സീനിയറായ സെലിൻ വിൽഫ്രഡുമായി ചേ‍ർ‌ന്ന് വക്കാലത്തെടുത്ത് കേസ് നടത്തിയെങ്കിലും പ്രതിക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷൻസ് കോടതി വിധി പറഞ്ഞു. എന്നാൽ മുതിർന്ന അഭിഭാഷകനായ കുഞ്ഞിരാമ മേനോനെ ഇറക്കി ഹൈക്കോടതിയിൽ അപ്പീൽ ചെയ്തതോടെ വിധി പ്രതിക്ക് അനുകൂലമായി. അവിടെ തുടങ്ങുകയാണ് വിഖ്യാതമായ തൊണ്ടിമുതൽ കേസ്.

Also Read:

DEEP REPORT
എന്താണ് വഖഫ്? എന്താണ് വഖഫ്ബോർഡ്?

പ്രതിയായ ആൻഡ്രൂ സാൽവദോർ സർവലിക്ക് അനുകൂല വിധിലഭിക്കാൻ കാരണമായത് കോടതിൽ ഹാജരാക്കിയ അടിവസ്ത്രമായിരുന്നു. പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ് പ്രതിഭാ​ഗമുയർത്തിയത്. പ്രതിക്ക് ഉപയോ​ഗിക്കാൻ കഴിയാത്ത അളവിലുള്ള വസ്ത്രം തൊണ്ടി മുതലായതോടെ കൃത്രിമം നടന്നുവെന്ന് പരാതിയുമായി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജയമോഹൻ വിജിലൻസ് ഹൈക്കോടതിയെ സമീപിച്ചു. മൂന്നുവർഷത്തെ പരിശോധനക്ക് ശേഷം വിജിലൻസ് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പൊലീസിനോട് കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.

എന്നാൽ 1994 ൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ തെളിവില്ലെന്ന റിപ്പോർട്ടാണ് പൊലീസ് 2002ൽ കോടതിയിൽ സമർപ്പിച്ചത്. 2005ൽ കേസ് പുനരന്വേഷിക്കാൻ ഉത്തരമേഖലാ ഐജി ടി പി സെൻകുമാർ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ എസ് ജോസ്, ആന്റണി രാജു എന്നിവർ കേസിലേക്ക് വരുന്നത്. ഇതിനിടെ ആന്റണി രാജു എംഎൽഎ ആയി. 2006 ഫെബ്രുവരി13ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതോടെ കോടതിയെ വഞ്ചിച്ചു, ഗൂഡാലോചന നടത്തി എന്നതടക്കം ​ഗൗരവ സ്വഭാവമുള്ള ആറ് കുറ്റങ്ങൾ ചുമത്തുകയായിരുന്നു. മാർച്ച് 23ന് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും എട്ട് വർഷം കേസ് അനക്കമില്ലാതെ കിടന്നു. കേസിലെ പ്രതിയായ കെ എസ് ജോസ് ഇതേ കോടതിയിൽ ജീവനക്കാരനാണെന്ന് ചൂണ്ടികാണിച്ച് 2014ൽ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി.

Also Read:

DEEP REPORT
തൊണ്ടിമുതലും കള്ളത്തെളിവും; 'അടിവസ്ത്രം' മുൻമന്ത്രിയ്ക്ക് കുരുക്കായതിങ്ങനെ!

കേസിൽ തൊണ്ടിവസ്തുവായ അടിവസ്ത്രം കൈക്കലാക്കാൻ സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ട രേഖയാണ് ആന്റണി രാജുവിനെതിരായ പ്രധാന തെളിവ്. തൊണ്ടിവസ്തുക്കളുടെ വിവരം എഴുതിസൂക്ഷിക്കുന്ന കോടതിയിലെ രേഖയാണ് തൊണ്ടി രജിസ്റ്റർ. ഇതിൽ രേഖപ്പെടുത്തിയ ശേഷം ഈ വസ്തുക്കളെല്ലാം തൊണ്ടി സെക്ഷൻ സ്റ്റോറിലേക്ക് മാറ്റുകയാണ് പതിവ്. ഇങ്ങനെ മാറ്റിയ തൊണ്ടി കോടതിയുടെ അനുമതിയില്ലാതെ പുറത്തേക്കെടുക്കാൻ പോലും സാധിക്കില്ല. എന്നാൽ ഈ കർശന വ്യവസ്ഥകൾ അട്ടിമറിച്ച് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ് ജോസിൻ്റെ സഹായത്തോടെ ആൻ്റണി രാജു തൊണ്ടിവസ്തുവായ അടിവസ്ത്രം പുറത്ത് കടത്തിയെന്നാണ് ആരോപണം. വെട്ടിതൈച്ച് അടിവസ്ത്രം കൊച്ചുകുട്ടികളുടെ അളവിലേക്ക് മാറ്റിയെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇതിനെതുടർന്നാണ് കേസിൽ ആൻഡ്രൂ സാൽവദോറിന് അനുകൂല വിധി വരുന്നത്.

1991 മാർച്ച് ആദ്യം ഓസ്ട്രേലിയയിലെത്തിയ ആൻഡ്രൂ സാൽവദോർ 1995 അവസാനം അവിടെയൊരു കൊലക്കേസിൽ അറസ്റ്റിലാകുന്നുതോടെയാണ് അയാളുടെ സുഹൃത്ത് ഈ കേസിൽ നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തുന്നത്. കോടതി ജീവനക്കാരന് കൈക്കൂലി നൽകി വശത്താക്കി തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നായിരുന്നു വെളിപ്പെടുത്തൽ. 1996 ജനുവരിയിൽ ഇന്റർപോളിന്റെ ഒരു കത്ത് ഇൻ്റർപോൾ ക്യാൻബെറ ഓഫീസിൽ നിന്ന് ഡൽഹി വഴി തിരുവനന്തപുരത്തേക്ക് എത്തി. ഈ കത്തിലാണ് വെളിപ്പെടുത്തലിനെ സംബന്ധിച്ച വിവരങ്ങൾ ഉണ്ടായിരുന്നത്. ആൻ്റണി രാജുവിൻ്റെ പേര് കത്തിൽ പറയുന്നില്ല. എന്നാൽ ക്ലർക്കിനെ സംബന്ധിച്ച പരാമർശവും, തൊണ്ടി രജിസ്റ്ററിലെ ആൻ്റണി രാജുവിൻ്റെ ഒപ്പും കൂടിയായപ്പോൽ കേസിൽ ആന്റണി രാജുവിനെയും ക്ലർക്ക് ജോസിനെയും പ്രതിചേർക്കാൻ അസി. കമ്മിഷണർ വക്കം പ്രഭയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. പക്ഷെ ഇതൊക്കെയാണെങ്കിലും കേസ് കോടതിയിൽ അനന്തമായി നീണ്ടു.

Also Read:

Tech
ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉടൻ വഴിതുറന്നേക്കും; ചില നിബന്ധനകളിൽ ഇളവെന്ന് റിപ്പോർട്ട്

ഇതോടെ ആരാലും ശ്രദ്ധിക്കപ്പെടാതെ അവസാനിച്ചു പോകുമായിരുന്ന കേസ് സുപ്രീം കോടതി വിധിവരെ എത്തിയതി‍ൽ അനിൽ ഇമ്മാനുവൽ എന്ന മാധ്യമപ്രവർത്തകന്റെ തളരാത്ത പോരാട്ടമായിരുന്നു. അദ്ദേഹത്തിന്റെ അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിലൂടെ കേസിന്റെ പുരോഗതികളെല്ലാം ജനങ്ങളിലെത്തിച്ചു. തൊണ്ടി മുതൽ കേസിൽ മൂന്ന് പതിറ്റാണ്ടിനിപ്പുറത്തും ആന്റണി രാജു വിചാരണ നേരിടേണ്ടി വരുമ്പോൾ വിധി എന്താകുമെന്ന ആകാക്ഷയുടെ നാളുകളാണ് ഇനി.

Content Highlights: Chronology of the evidence tampering case involving Antony Raju

To advertise here,contact us