മനുഷ്യക്കടത്തിൻ്റെയും പലായനങ്ങളുടെയും വർത്തമാനകാലം; 'റങ്കൂൺ സ്രാപ്പ്' പ്രകാശനം ചെയ്തു

മ്യാന്മാറിലെ ഇന്ത്യൻ വംശജരുടെ ചരിത്രത്തിലൂടെ രോഹിങ്ക്യൻ സംഘർഷത്തിൻ്റെയും മനുഷ്യക്കടത്തിൻ്റെയും പലായനങ്ങളുടെയും, പൗരത്വ രാഷ്ട്രീയത്തിൻ്റെയും വർത്തമാനകാല യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവലാണ് റങ്കൂൺ സ്രാപ്പ്.

ബഹ്റൈൻ പ്രവാസിയും കഥാകൃത്തുമായ ജലീലിയോ രചിച്ച " റങ്കൂൺ സ്രാപ്പ് " എന്ന നോവൽ പ്രകാശനം ചെയ്തു. മ്യാന്മാറിലെ ഇന്ത്യൻ വംശജരുടെ ചരിത്രത്തിലൂടെ രോഹിങ്ക്യൻ സംഘർഷത്തിൻ്റെയും മനുഷ്യക്കടത്തിൻ്റെയും പലായനങ്ങളുടെയും, പൗരത്വ രാഷ്ട്രീയത്തിൻ്റെയും വർത്തമാനകാല യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവലാണ് റങ്കൂൺസ്രാപ്പ്.

ബഹ്റൈൻ സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച പുസ്തക പ്രകാശനച്ചടങ്ങിൽ യുവ എഴുത്തുകാരനുംവിദ്യാഭ്യാസ പരിശീലകനുമായ ലിജേഷ് കുമാർ പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. ഈ വർഷം വായിച്ച ഏറ്റവും മികച്ച നോവലുകളിൽ ഒന്നാണ് റങ്കൂണ് സ്രാപ്പ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഉണ്ണി ബാലകൃഷ്ണൻ പുസ്തകം പ്രകാശനം ചെയ്തു. സൃഷ്ടികളിൽ ഏറ്റവും ദുർബ്ബലമായ മനുഷ്യനെ ഭൂമിയിലെ ഏറ്റവും വലിയ ശക്തിയായി വളർത്തിയതും സമൂഹത്തെ ഒന്നിപ്പിച്ചു നിർത്തുന്നതും കഥകൾ മെനയാനുള്ള കഴിവാണെന്ന് ഉണ്ണി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. പതിനായിരക്കണക്കിനു വർഷങ്ങൾ അന്യജീവികളെ ഭയന്ന് ഗുഹകളിൽ കഴിച്ചുകൂട്ടിയ മനുഷ്യനെ ഒന്നിപ്പിക്കുന്നതിലും ഗോത്രങ്ങളും സമൂഹങ്ങളും, രാജ്യങ്ങളും സാമ്രാജ്യങ്ങളും കെട്ടിപ്പടുക്കാൻ മനുഷ്യകുലത്തെ പരുവപ്പെടുത്തിയതിലും കഥകൾക്കുള്ള പങ്ക് വളരെ വലുതാണ് എന്ന് ബൈബിളും ഖുറാനും,രാമായണവും മറ്റ് രാഷ്ട്രീയ ഗ്രന്ഥങ്ങളും ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. പുസ്തകപ്രകാശനത്തിന് ശേഷം ഉണ്ണി ബാലകൃഷ്ണനുമായുള്ള മുഖാമുഖം പരിപാടിയും നടന്നു.

കവിയും ഗാന രചയിതാവുമായ ഉമ്പാച്ചി, യാത്രികനും എഴുത്തുകാരനുമായ സജി മാർക്കോസ്, പി.ഉണ്ണികൃഷ്ണൻ, പുസ്തകോത്സവ കൺവീനർ ഹരീഷ് നായർ എന്നിവർ ആശംസകൾ നേർന്നു. പുസ്ത പ്രകാശനത്തിന് മുന്നോടിയായി മലയാളം മിഷൻ കുട്ടികൾക്ക് കഥ കേൾക്കാൻ ഒരുക്കിയിട്ടുള്ള 'ഒരിടത്തൊരിടത്തൊരിടത്ത് " എന്ന കഥയിടവും ബഹ്റൈനിലെ പാട്ടുകാരികളുടെ മ്യൂസിക് ബാൻഡായ ദി പിങ്ക്ബാങ്ക് ഒരുക്കിയ സംഗീത പരിപാടിയും അരങ്ങേറി.

Also Read:

Art And Literature
'പ്രിയപ്പെട്ട വായനക്കാരേ... നിങ്ങളാണ് രാജാവ്; ഈ നിലവിളികളൊക്കെ വെറുതെയാണ്': മുഹമ്മദ് അബ്ബാസ്
To advertise here,contact us