മൃഗങ്ങളും മനുഷ്യരും നക്ഷത്രങ്ങളും; മൂന്ന് മാനങ്ങളും അതിലേറേ മൗനങ്ങളുമുള്ള ലോകം

ഒരു ത്രില്ലർ, ഫിലസോഫിക്കൽ ത്രില്ലർ, ആണ് ഈ കൃതിയെന്ന് ചിലർ പറയുന്നു. അഞ്ചു മരണങ്ങൾ, അതിൽ നാലും കൊലപാതകങ്ങൾ, ഇതിലുള്ളതുകൊണ്ടാവാം അത്തരമൊരു വാദം. അവരോട് വിയോജിക്കാനാണെനിക്കിഷ്ടം. എനിക്കിതിൽ കാണാൻ കഴിയുന്നത് ത്രില്ലുകളല്ല, സമാനതയില്ലാത്ത ഒരു വ്യക്തിയുടെ സമാനതകളില്ലാത്ത ചിന്താ ലോകമാണ്.

4 min read|06 Jun 2024, 03:26 pm

സഹജീവനം (ടymbiosis) - ഭൂമിയിലെ ജീവിതത്തിൻ്റെ അടിസ്ഥാന ഭാവമാണത്. സഹജീവികൾക്ക് - എല്ലാ ജീവജാലങ്ങൾക്കും - അവരുടെ ജീവനത്തിനുള്ള ഇടം നീക്കിവയ്ക്കുക, അവിടേക്ക് മറ്റുള്ളവർ കടന്നു കയറാതിരിക്കുക എന്നത് സഹജീവനത്തിൻ്റെ ആദ്യപടിയായി വരുന്നു. വേറൊരു വിധത്തിൽ പറഞ്ഞാൽ സഹജീവികളെ അവരുടെ പാട്ടിന് ജീവിക്കാൻ വിടുക എന്നതാണ് ഈ ആദ്യ പടി. അവരെ ജീവിക്കാൻ സഹായിക്കുക എന്നത് പുറകെ വരുന്ന ഒന്നാണ്, ജെയ്ൻ ഗുഡ്ഓൾ, യൂലാ ഹൂസ്റ്റൻ, ഡയൻ ഫോസ്സി ഒക്കെ ചെയ്തതുപോലെ.

മോർട്ടിമർ മോറിസിന് പ്രിയം കാറുകളോടായിരുന്നു, അത്ഭുതമില്ല, അയാളൊരു റേസ് ഡ്രൈവറായിരുന്നു. പിന്നെന്തേ ഒരു വയസ് മാത്രം പ്രായമുള്ള മകൾ ജെയ്നിനു കളിക്കൂട്ടിനായി അയാൾ ഒരു കുഞ്ഞു ചിമ്പാൻസിയെ കൊടുത്തു? ജൂബിലി എന്നായിരുന്നു ആ കുട്ടിക്കുരങ്ങൻ്റെ പേര്, അവനാണ് ഒരു പക്ഷേ ലോകം കണ്ട ഏറ്റവും പ്രശസ്തയായ മൃഗസ്നേഹിയുടെ പിൽക്കാല ജീവിതം എങ്ങനെയായിരിക്കണം എന്നതിന് മാർഗ്ഗരേഖയായത്. ഒരു ഈത്തോളജിസ്റ്റ് എന്ന നിലയിലുള്ള ജെയ്ൻ ഗുഡ്ഓളിൻ്റെ പ്രവർത്തനം ചിമ്പാൻസികളുടെ വംശനാശത്തെ ചെറുക്കാൻ മാത്രമല്ല ഉപകരിച്ചത്. മൃഗങ്ങളും മനുഷ്യരും എങ്ങനെ സഹവസിക്കാമെന്നതിൻ്റെ പാഠങ്ങളും അവരുടെ സംഭാവനയായുണ്ട്. അതുവഴി മൃഗങ്ങൾക്കും മനുഷ്യർക്കും ഇടയിലെ അതിരുകളെ പുനർനിർമ്മിക്കാൻ ഒരു പരിധിവരെ ആ പ്രവർത്തനങ്ങൾ സഹായിച്ചിട്ടുമുണ്ട്.

ഈയടുത്ത കാലങ്ങളിൽ നമ്മുടെ നാട്ടിൽ നടന്ന കുറെയേറെ സംഭവങ്ങൾ ഈ അതിർവരമ്പുകളെ കുറിച്ചുള്ള ധാരണകളെ ഉലയ്ക്കുന്നു. കഴിഞ്ഞ ദിവസമാണ് ഒരു എഴുപതുകാരൻ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ചത്; അന്നു തന്നെയാണ് ഒരു ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നത്. അതെ, അതിരുകൾ മാഞ്ഞു തുടങ്ങുകയാണ്, അല്ലെങ്കിൽ അതിർവരമ്പുകൾ ദയയില്ലാതെ ഭേദിക്കപ്പെടുകയാണ്.

കേരളത്തിൽ നിന്ന് അകലെ, പോളണ്ടിലെ ഒരു കൊച്ചുഗ്രാമത്തിൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വിനിമയം മറ്റാരും കാണാത്ത വിധത്തിൽ നോക്കിക്കാണുന്ന, അതിനോട് അതിതീവ്രമായി പ്രതികരിക്കുന്ന, ഒരു വയോധികയുടെ കഥ ഓൾഗ ടൊകാർചുക് നമുക്ക് പറഞ്ഞു തരുന്നുണ്ട്, 2009 ൽ പ്രസിദ്ധീകരിച്ച Drive our Plow Over the Bones of the Dead എന്ന നോവലിൽ. പോളിഷ് ഭാഷയിലെഴുതപ്പെട്ട ഈ കൃതി ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് അൻ്റോണിയ ലോയ്ഡ് - ജോൺസ്.

പേരിൽ നിന്ന് തുടങ്ങാം, അത് ഇംഗ്ലീഷ് കവിയും ചിത്രകാരനുമായിരുന്ന വില്ല്യം ബ്ലേക്കിൻ്റെ "നരകത്തിലെ പഴഞ്ചൊല്ലുകൾ" (Proverbs of Hell) എന്ന കൃതിയിൽ നിന്ന് കടം കൊണ്ടതാണ്, കാരണമുണ്ട്, ഈ കഥയിലെ നായിക, പ്രായം ചെന്ന (അറുപത് വയസ്സിന് മേലേ ഉണ്ടാവണം) ഒരു അദ്ധ്യാപിക, ജനൈന ഡുസെയ്കോ എന്നാണവരുടെ പേര്, ബ്ലേക്കിൻ്റെ കവിതകൾ വിവർത്തനം ചെയ്യുന്നതിൽ താല്പര്യമുള്ള ഒരു സ്ത്രീയാണ്, അതിനായി തൻ്റെ ഒരു പഴയ വിദ്യാർത്ഥിയെ സഹായിക്കുന്നവളുമാണ്. ബ്ലേക്ക് മറ്റൊരു വിധത്തിലും ഈ കൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്നു, ഓരോ അദ്ധ്യായത്തിനും മുഖവുരയായി കൊടുത്തിരിക്കുന്ന വരികളും ജീവിച്ചിരുന്ന കാലത്ത് പലരും ഭ്രാന്തനെന്ന് വിളിച്ചിരുന്ന ആ കവിയുടേത് തന്നെ. അതിലൊന്ന് നോക്കൂ...

"ഒരു വാനമ്പാടിയുടെ ചിറക് മുറിപ്പെട്ടു

ഒരു കുഞ്ഞുമാലാഖ തൻ്റെ പാട്ടു നിർത്തുന്നു"

(A skylark wounded in the wing

A cherubim does cease to sing).

ബ്ലേക്കിൻ്റെ ഈ വരികളിൽ ഈ നോവലിൻ്റെ വൈകാരികതലം മുഴുവനായുണ്ട്. ലിറ്റിൽ ഗേൾസ് എന്നു പേരുള്ള രണ്ട് വളർത്തുനായകൾക്കൊപ്പം ഡുസെയ്കോ താമസിക്കുന്ന ചെക്ക് അതിർത്തിയിലെ ഗ്രാമത്തിൽ - യഥാർത്ഥ ജീവിതത്തിൽ ടൊകാർചുക് ജീവിക്കുന്നത് ജീവിത പങ്കാളിയായ ജാഗോഷ് സിഗാഡ്ലോ (Grzegorz Zygadlo) എന്ന പോളിഷ് ട്രാൻസ്ലേറ്ററുടേയും തൻ്റെ വളർത്തുനായ്ക്കളുടേയും കൂടെയാണ് - ചില വീടുകൾ വർഷത്തിൻ്റെ നല്ലൊരു ഭാഗം ഒഴിഞ്ഞുകിടക്കും, വേനലിൽ അതിൻ്റെ ഉടമസ്ഥർ അവധി ആഘോഷിക്കാനെത്തും വരെ, അക്കാലമത്രയും ആ വീടുകൾ ഡുസെയ്കോയുടെ പരിചരണത്തിലാണ്. അതിനായി ഒരു സുസൂക്കി സമുറായി ജീപ്പിൽ അവർ നാടാകെ കറങ്ങും. കുറച്ചു മനുഷ്യരുമായി അവർ അടുത്ത സൗഹൃദം സൂക്ഷിക്കുന്നുണ്ട്, ബ്ലേക്കിൻ്റെ പരിഭാഷയിൽ സഹകരിക്കുന്ന ഡിസ്സി (യഥാർത്ഥ നാമം ഡയോണിസി) എന്ന മുൻ വിദ്യാർത്ഥി, തൊട്ടടുത്തുള്ള ഒരു വീട്ടിൽ താമസിക്കുന്ന സ്പിയെറ്റോപെൽക് (ഓഡ്ബോൾ എന്നാണ് ഡുസെയ്കോ പറയുക) എന്നയാൾ, ഷഡ്പദങ്ങളെ കുറിച്ച് പഠിക്കുന്ന ബോറോസ് സ്നായ്ഡർ എന്ന എൻറമോളജിസ്റ്റ്, സെക്കൻ്റ് ഹാൻ്റ് വസ്ത്രങ്ങളും വസ്തുക്കളും വില്പന നടത്തുന്ന കടയുടെ ഉടമ ഗുഡ് ന്യൂസ് എന്ന സ്ത്രീ, ഇവരൊക്കെ ഡുസെയ്കോയുടെ സുഹൃത്തുക്കളിൽ പെടും.

ഡുസെയ്കോ വിചിത്രമായ ഒരു ജീവിതം ജീവിക്കുന്നു, ജ്യോതിഷത്തിലും അവർക്ക് ഉറച്ച വിശ്വാസമാണ്, ഗ്രഹങ്ങൾ മനുഷ്യരുടെ ജീവിതം നിർണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുമെന്ന് അവർ മനസ്സിലാക്കിയിട്ടുണ്ട്, തങ്ങളോടുള്ള ഉപദ്രവങ്ങൾക്ക് മൃഗങ്ങൾ പ്രതികാരം ചെയ്യുമെന്നും അവർക്ക് ഉറപ്പാണ്. ഗ്രഹങ്ങളുടെ സഞ്ചാരങ്ങൾ ചുറ്റുമുള്ള ജീവിതങ്ങളിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് സദാ ശ്രദ്ധിക്കുന്ന ഡുസെയ്കോയുടെ ജീവിതം ശാന്തമായി പൊയ്ക്കൊണ്ടിരിക്കേയാണ് ആദ്യത്തെ മരണം നടക്കുന്നത്. ബിഗ്ഫുട്ട് എന്ന് വിളിപ്പേരുള്ള ഒരു അയൽവാസി മരിച്ചു കിടക്കുന്ന കാഴ്ച ഡുസെയ്കോയെ കാട്ടിക്കൊടുക്കുന്നു മറ്റൊരു അയൽവാസിയായ ഓഡ്ബോൾ. നായാടിയ മൃഗങ്ങളിലൊന്നിൻ്റെ മാംസം തിന്നു കൊണ്ടിരിക്കേ ഒരു ചെറിയ എല്ലിൻ കഷണം തൊണ്ടയിൽ കുടുങ്ങിയാണ് മരണം. ആ സന്ദർശനത്തിൽ നിന്ന് മറ്റു ചിലതു കൂടി അവരറിയുന്നു, കാണാതായ തൻ്റെ ലിറ്റിൽ ഗേൾസ് എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന്, ആരാണ് കൊന്നതെന്ന്, നായാടികളുടെ കൂട്ടത്തിൽ പോലീസ് മേധാവിയും ഇന്നേർഡ് എന്ന സമ്പന്നനും നാട്ടിലെ കൂൺകൃഷിക്കാരുടെ സംഘടനയുടെ പ്രസിഡൻ്റും പള്ളിയിലെ പുരോഹിതനായ ഫാദർ റസ്സിലും ഉണ്ടെന്ന്. ഡുസെയ്കോയുടെ ചിന്തകളിൽ കഥ വീണ്ടും മുന്നോട്ട് പോകുന്നു, ആ യാത്രയ്ക്കിടയിൽ മേലേ പറഞ്ഞ നാലു പേരും കൊല്ലപ്പെടുന്നു.

നോവലിൻ്റെ കഥയിതാണ്, എന്നാൽ ഇതല്ല ഈ നോവൽ. ഒരു വയോധികയുടെ വിചിത്രങ്ങളായ ചിന്തകളും ആ ചിന്തകളോടൊട്ടി നില്ക്കുന്ന പ്രവൃത്തികളും സൃഷ്ടിക്കുന്ന അത്ര പരിചിതമല്ലാത്ത ഒരു അനുഭവമണ്ഡലമാണ് ഈ കൃതി, മിഥ്യയും യാഥാർത്ഥ്യവും വേർതിരിവില്ലാതെ കൂടിക്കലരുന്ന ഒരിടം. ഈ പ്രദേശത്ത് പ്രതികാരദാഹികളായ മാനുകൾ മനുഷ്യരെ കൊല്ലുന്നു, പണ്ടേ മരിച്ചുപോയ അമ്മ മകളെ കാണാനെത്തുന്നു (പുറകെ അമ്മൂമ്മയും), ടി വി പ്രോഗ്രാമുകൾ പോലും നക്ഷത്രങ്ങളെ അനുസരിക്കുന്നു, ദുസ്വപ്നങ്ങൾ അവർക്കൊരു പ്രശ്നമല്ല, അവർ ആ സ്വപ്നങ്ങളെ ടോയ്ലെറ്റ് ബൗളിന് മുന്നിൽ നിന്ന് ഉറക്കെ ചൊല്ലി ഫ്ലഷ് ചെയ്തു കളയുന്നു (the old method for dealing with bad dreams is that to tell them aloud above the toilet bowl, and then flush them away). മനുഷ്യരും വാഹനങ്ങളും ഇവിടെ ചങ്ങാതിമാരാകുന്നു, വാഹനങ്ങൾക്ക് ഇച്ഛാശക്തി പോലുമുണ്ട്, അതുകൊണ്ടാണ്, ഒരു മനക്ലേശം നിറഞ്ഞ യാത്രയുടെ മടക്കത്തിൽ, തൻ്റെ സുഹൃത്തായ ഡുസെയ്കോയുടെ മനസ്സ് വായിച്ചറിഞ്ഞ പോലെ അവരുടെ സുസൂക്കി സമുറായ് ജീപ്പ്, ഒരു ദീർഘനിശ്വാസത്തോടെ വീടിനു മുന്നിലെത്തി നിൽക്കുന്നത് (I drove home, weeping out of helplessness. My heads were shaking, and now I knew this would end badly. With a sigh of relief, the Samurai stopped outside the house, as if it were on my side in everything. I pressed my face against the steering wheel). ഇതിൻ്റെ തുടർച്ചയായി വരുന്ന മറ്റൊരു സംഭാഷണവും ഇവിടെ ഓർക്കാം.

"... സംശയകരമായി എനിക്കൊന്നും തോന്നിയില്ല. അതു കൊണ്ട് സമ്യറായിയേയും കൂട്ടി ഞാൻ മടങ്ങിപ്പോന്നു," പോലീസുകാരൻ്റെ ചോദ്യത്തിനു മറുപടിയായി ഡുസെയ്കോ പറഞ്ഞു.

"ആരാണി സമുറായ്?"

"ഒരു കൂട്ടുകാരൻ"

"എന്താണ് കുടുംബപ്പേര്??

"സമുറായ് സുസൂക്കി "

ഒരു ത്രില്ലർ, ഫിലസോഫിക്കൽ ത്രില്ലർ, ആണ് ഈ കൃതിയെന്ന് ചിലർ പറയുന്നു. അഞ്ചു മരണങ്ങൾ, അതിൽ നാലും കൊലപാതകങ്ങൾ, ഇതിലുള്ളതുകൊണ്ടാവാം അത്തരമൊരു വാദം. അവരോട് വിയോജിക്കാനാണെനിക്കിഷ്ടം. എനിക്കിതിൽ കാണാൻ കഴിയുന്നത് ത്രില്ലുകളല്ല, സമാനതയില്ലാത്ത ഒരു വ്യക്തിയുടെ സമാനതകളില്ലാത്ത ചിന്താ ലോകമാണ്. അവിടെ കൊലപാതകങ്ങൾ പോലും, മങ്ങിയതെങ്കിലും മനോഹരങ്ങളായ കാഴ്ചയാണ്. തൻ്റെ അസാധാരണമായ ചിന്തകൾ എഴുത്തിലേക്ക് കൊണ്ടുവരാൻ മടി കാട്ടാതിരുന്ന വില്ല്യം ബ്ലേക്ക്, ടൊകാർചുക്കിൻ്റെ ചിന്തകളേയും സ്വാധീനിച്ചിട്ടുണ്ടെന്ന് ഈ കൃതിയുടെ വായനയ്ക്കിടയിൽ തോന്നിപ്പോകും. അതല്ലെങ്കിൽ "കാരാഗൃഹം നമുക്ക് പുറത്തല്ല, ഉള്ളിൽ തന്നെയാണ്. ഒരു പക്ഷേ, അതിനുള്ളിലല്ലാതെ ജീവിക്കുവാൻ നമുക്കറിയാത്തതാകും" (Prison is not outside, but inside each of us. Perhaps, we simply don't know how to live without it) എന്ന് അവർ എഴുതുന്നതെങ്ങനെ? നോബൽ പ്രൈസ് പ്രഖ്യാപിച്ചു കൊണ്ട് കമ്മറ്റി പ്രസിദ്ധപ്പെടുത്തിയ കുറിപ്പിൽ ടൊകാർചുക്കിൻ്റെ എഴുത്തിനെ കുറിച്ച് ഇങ്ങനെ പറയുന്നു: "സാംസ്ക്കാരികമായ വൈരുദ്ധ്യങ്ങൾ - പ്രകൃതിയും സംസ്കാരവും, യുക്തിയും ഉന്മാദവും, പുരുഷനും സ്ത്രീയും, ഗൃഹാന്തരീക്ഷവും അന്യതാബോധവും - ഇവയ്ക്കിടയിലെ സംഘർഷങ്ങളിൽ നിന്നാണ് അവർ നോവലുകൾ സൃഷ്ടിക്കുന്നത്" (She constructs her novels in a tension between cultural opposites: nature versus culture, reason versus madness, male versus female, home versus alienation). ഈ നോവൽ വായിച്ചു തീരുമ്പോൾ നമുക്കും എതിരഭിപ്രായമുണ്ടാകില്ല.

ടൊകാർചുക് നോവൽ അവസാനിപ്പിക്കുന്നതിങ്ങനെ: "നക്ഷത്രങ്ങളെ നോക്കി ഭാവി വായിക്കുന്നത് സെൻ്റ് അഗസ്റ്റിൻ വിലക്കുന്നതിനും മുമ്പ്, ഒരു മദ്ധ്യകാല പുരോഹിതൻ - അയാൾ ഒരു ജ്യോതിഷിയുമായിരുന്നു - സ്വന്തം മരണം ജാതകത്തിൽ നിന്ന് വായിച്ചെടുത്തു, ഒരു കല്ല് ശിരസ്സിൽ വീണായിരിക്കും മരണമെന്ന് അയാൾ മനസ്സിലാക്കി. അന്നു മുതൽ, പൗരോഹിത്യവസ്ത്രത്തിൻ്റെ ഭാഗമായ തലപ്പാവിനടിയിൽ അയാൾ ഒരു ഇരുമ്പ് തൊപ്പി ധരിക്കാൻ തുടങ്ങി. ഒരു വെള്ളിയാഴ്ച, പള്ളിയ്ക്കകത്തു വച്ച്, ദൈവസ്നേഹം കൊണ്ടല്ല മറിച്ച് മറ്റുള്ളവർ കാണേണ്ട എന്ന് കരുതി, അയാൾ അത് എടുത്ത് മാറ്റിവച്ചു. അപ്പോഴാണ് മുകളിൽ നിന്ന് ഒരു കുഞ്ഞു കല്ല് തലയിൽ വീണതും തലയിൽ ഒരു ചെറിയ പോറൽ ഉണ്ടായതും. പ്രവചനം ശരിയാവുന്നു എന്ന് അയാൾ തിരിച്ചറിഞ്ഞു, മരണത്തിന് മുന്നോടിയായി തൻ്റെ കാര്യങ്ങളെല്ലാം ശരിയാക്കി വയ്ക്കുവാൻ ഉടനെ ശ്രമം തുടങ്ങുകയും ചെയ്തു. ഒരു മാസം കഴിഞ്ഞ് അയാൾ മരിച്ചു. ഡിസ്സീ... ഇങ്ങനെയാണ് കാര്യങ്ങൾ. എന്നാൽ എനിക്കറിയാം എനിക്കിനിയും സമയം ബാക്കിയുണ്ടെന്ന്." അതെ, ഓൾഗ ടൊകാർചുക് എന്ന ശ്രേഷ്ടയായ എഴുത്തുകാരിയ്ക്ക് ഇത്തരം അനുഭവങ്ങൾ ലോകത്തിന് എത്തിച്ചു കൊടുക്കുവാൻ ഇനിയും ഒരുപാട് സമയം ബാക്കിയുണ്ടാകട്ടെ!

ഒന്നുകിൽ മോദിയെ വരച്ചവരയിൽ നിർത്തും; അല്ലെങ്കിൽ നിതീഷ് സ്റ്റൈലിൽ പുതിയ രാഷ്ട്രീയ ട്വിസ്റ്റ്

To advertise here,contact us