എമിറേറ്റിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സമയപരിധി വൻതോതിൽ കുറച്ച് അബുദാബി സാമ്പത്തിക വികസന വകുപ്പ്. വിദ്യാഭ്യാസം, ഭക്ഷ്യ-പാനീയ മേഖല, ബ്യൂട്ടി ആൻഡ് വെൽനസ് (സൗന്ദര്യവർദ്ധക-ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ), ആരോഗ്യ സംരക്ഷണം, വ്യവസായം എന്നീ അഞ്ച് പ്രധാന മേഖലകളിലാണ് ബിസിനസ്സ് പ്രവർത്തനങ്ങൾ തുടങ്ങുന്നതിനുള്ള നടപടികൾ ലളിതമാക്കിയത്. അബുദാബിയുടെ സാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപ സാധ്യതകൾക്കും ഈ മേഖലകൾ നൽകുന്ന വലിയ സംഭാവനകൾ പരിഗണിച്ചാണ് ഇവയ്ക്ക് മുൻഗണന നൽകിയത്.
പുതിയ പരിഷ്കാരങ്ങളിലൂടെ ഈ അഞ്ച് മേഖലകളിലും സംരംഭം തുടങ്ങാൻ എടുക്കുന്ന സമയത്തിൽ ശരാശരി 53 ശതമാനത്തിന്റെ കുറവുണ്ടാകും. അപേക്ഷാ നടപടികളിൽ 31 ശതമാനവും ഇതിനായി ആശ്രയിക്കേണ്ട വിവിധ ഓൺലൈൻ സംവിധാനങ്ങളുടെ എണ്ണത്തിൽ 77 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്. ഓരോ മേഖലയിലും സമയലാഭം ഇങ്ങനെയാണ്. വിദ്യാഭ്യാസ മേഖലയിൽ 77 ശതമാനം, ആരോഗ്യ സംരക്ഷണ മേഖലയിൽ 63 ശതമാനം, ഭക്ഷ്യ-പാനീയ മേഖലയിൽ 54 ശതമാനം, ബ്യൂട്ടി ആൻഡ് വെൽനസ് മേഖലയിൽ 39 ശതമാനം, വ്യവസായ മേഖലയിൽ 34 ശതമാനം എന്നിങ്ങനെയാണ് സമയപരിധി കുറയുന്നത്. ഇതിലൂടെ സംരംഭകർക്ക് തങ്ങളുടെ നിക്ഷേപം വേഗത്തിൽ പ്രയോജനപ്പെടുത്താനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും.
അനാവശ്യ തടസ്സങ്ങൾ നീക്കി സംരംഭകർക്ക് വളരാനുള്ള സാഹചര്യം ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി പറഞ്ഞു. പ്രാദേശിക സംരംഭങ്ങൾക്ക് വളരാനും അന്താരാഷ്ട്ര കമ്പനികൾക്ക് അബുദാബിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനും ഈ മാറ്റങ്ങൾ സഹായിക്കുമെന്നും നിയമപരമായ കൃത്യത നിലനിർത്തിക്കൊണ്ടുതന്നെ നടപടികൾ ലളിതമാക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിസിനസ്സ് നടപടികൾ എളുപ്പമാക്കുന്നതിനായി 16 പ്രാദേശിക-ഫെഡറൽ സർക്കാർ സ്ഥാപനങ്ങളാണ് കൈകോർക്കുന്നത്. അബുദാബി സാമ്പത്തിക വികസന വകുപ്പിന് പുറമെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം, മുനിസിപ്പാലിറ്റി-ഗതാഗത വകുപ്പ്, വിദ്യാഭ്യാസ-വിജ്ഞാന വകുപ്പ്, സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ്, ഊർജ്ജ വകുപ്പ്, ആരോഗ്യ വകുപ്പ്, അബുദാബി നാഷണൽ എനർജി കമ്പനി, ക്വാളിറ്റി ആൻഡ് കൺഫോമിറ്റി കൗൺസിൽ, റിയൽ എസ്റ്റേറ്റ് സെന്റർ, മോണിറ്ററിംഗ് ആൻഡ് കൺട്രോൾ സെന്റർ, ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ, അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി, സിവിൽ ഡിഫൻസ് അതോറിറ്റി, പരിസ്ഥിതി ഏജൻസി എന്നിവയാണ് ഈ സംയുക്ത സംരംഭത്തിൽ പങ്കാളികളാകുന്നത്.
പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ലൈസൻസ് ലഭിച്ചാലുടൻ പ്രവർത്തനം ആരംഭിക്കാൻ കഴിയുന്ന സംരംഭങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിക്കും. 2025-ലെ കണക്കുകൾ പ്രകാരം മറ്റ് വകുപ്പുകളുടെ പ്രത്യേക അനുമതിയില്ലാതെ ഉടൻ പ്രവർത്തനം തുടങ്ങാൻ സാധിച്ചിരുന്നത് 51.6 ശതമാനം സംരംഭങ്ങൾക്കായിരുന്നു. പുതിയ പരിഷ്കാരങ്ങൾ പൂർണ്ണതോതിൽ നടപ്പിലാകുന്നതോടെ ഇത് 67 ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തൽ. മാറ്റങ്ങളുടെ പുരോഗതി കൃത്യമായി വിലയിരുത്തി സംരംഭകർക്ക് മികച്ച പിന്തുണ ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
Content Highlights: Abu Dhabi is making it easier and faster to establish and operate businesses across five priority sectors: education, food and beverage, beauty and wellness, healthcare, and industry. The Abu Dhabi Department of Economic Development (ADDED) is targeting an average 53% reduction in the time required for businesses to become operational after obtaining an economic licence