തൊഴിൽ തട്ടിപ്പുകാരെ തിരിച്ചറിയാം; ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഉദ്യോ​ഗാർത്ഥികളോട് യുഎഇ

തൊഴിൽ വാഗ്ദാനം വ്യാജമാണെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന അഞ്ച് പ്രധാന അപകടസൂചനകളാണ് മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്

യുഎഇയിൽ വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ നൽകി ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം. നിയമന നടപടികളുടെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ട് തുറക്കാൻ ആവശ്യപ്പെടുകയോ, സാമ്പത്തിക വിവരങ്ങൾ ചോദിക്കുകയോ, പണം കൈമാറാൻ നിർദ്ദേശിക്കുകയോ ചെയ്യുന്ന റിക്രൂട്ടർമാരെ കരുതിയിരിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കി. തൊഴിൽ വാഗ്ദാനം വ്യാജമാണെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന അഞ്ച് പ്രധാന അപകടസൂചനകളാണ് മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.

നിയമന നടപടികളുടെ ഭാഗമാണെന്ന് പറഞ്ഞ് ഉദ്യോഗാർത്ഥിയുടെ പേരിൽ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ റിക്രൂട്ടർമാർ നിർദ്ദേശിക്കുക.

വിശ്വാസ്യത ഉറപ്പില്ലാത്ത വ്യക്തികളോ സ്ഥാപനങ്ങളോ ഉദ്യോഗാർത്ഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റ് സാമ്പത്തിക രേഖകളും കൈമാറാൻ ആവശ്യപ്പെടുക.

ജോലി ഉറപ്പാക്കുന്നതിനോ വിസ-നിയമന നടപടികൾ പൂർത്തിയാക്കുന്നതിനോ പകരമായി പണം ആവശ്യപ്പെടുക.

ഉദ്യോഗാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം സ്വീകരിക്കാനോ മറ്റ് അക്കൗണ്ടുകളിലേക്ക് പണം കൈമാറാനോ ആവശ്യപ്പെടുക.

വാട്സ്ആപ്പ് പോലുള്ള മെസ്സേജിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം ആശയവിനിമയം നടത്താൻ നിർബന്ധിക്കുകയും ഔദ്യോഗിക കോൺടാക്റ്റ് വിവരങ്ങളോ ഓഫീസ് വിലാസമോ നൽകാൻ വിസമ്മതിക്കുകയും ചെയ്യുക. ഇത്തരം സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ നിയമന നടപടികൾ നിർത്തിവെക്കുകയും തൊഴിൽ ദാതാവിന്റെയും ഓഫർ ലെറ്ററിന്റെയും ആധികാരികത പരിശോധിക്കുകയും വേണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. യാതൊരു കാരണവശാലും അപരിചിതർക്ക് സാമ്പത്തിക വിവരങ്ങൾ കൈമാറാനോ ജോലി ലഭിക്കുന്നതിന് മുമ്പ് പണം നൽകാനോ പാടില്ല. ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ മാത്രം തൊഴിൽ വാഗ്ദാനങ്ങൾ പരിശോധിച്ച് സുരക്ഷിതരാകണമെന്ന് മന്ത്രാലയം ആവർത്തിച്ചു.

Content Highlights: UAE's MoHRE identifies five warning signs of recruitment fraud, urging jobseekers to verify employers and avoid sharing banking details or paying job fees.

To advertise here,contact us