ബിഗ് ടിക്കറ്റിൽ ഭാഗ്യം തുണച്ചു; മലയാളികൾക്ക് 200 ഗ്രാം സ്വർണത്തിൻ്റെ നേട്ടം

കേരളത്തിൽനിന്നുള്ള ഷാഫി പൊക്കുളങ്ങര ബാപ്പുഹാജിയും അൻഷാദ് വി എമ്മുമാണ് സ്വർണം നേടിയ മലയാളികൾ

ബിഗ് ടിക്കറ്റ് അബുദാബിയുടെ സീരീസ് 292 കൺസൊലേഷൻ സമ്മാനമായി അഞ്ച് പേർക്ക് 200 ഗ്രാം വീതം 24 കാരറ്റ് സ്വർണബാർ ലഭിച്ചു. വിജയികളിൽ മൂന്ന് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയും ഒരു യുഎഇ പൗരനും ഉൾപ്പെടുന്നു. കേരളത്തിൽനിന്നുള്ള ഷാഫി പൊക്കുളങ്ങര ബാപ്പുഹാജിയും അൻഷാദ് വി എമ്മുമാണ് സ്വർണം നേടിയ മലയാളികൾ. അബുദാബിയിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരനായ 37കാരനായ ഷാഫി കഴിഞ്ഞ മൂന്ന് വർഷമായി സുഹൃത്തുക്കൾക്കൊപ്പമാണ് ബിഗ് ടിക്കറ്റ് എടുക്കുന്നത്. പിതാവിന്റെ ഭാഗ്യനമ്പറിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തിരഞ്ഞെടുത്ത നമ്പറാണ് ഇത്തവണ സമ്മാനത്തിന് അർഹമായതെന്ന് ഷാഫി പറഞ്ഞു.

സമ്മാനം ലഭിച്ച വിവരം ആദ്യം അറിയിച്ചത് സുഹൃത്തായിരുന്നു. പിന്നീട് ബിഗ് ടിക്കറ്റ് വെബ്സൈറ്റിൽ ഫലം പരിശോധിച്ചപ്പോഴാണ് സ്ഥിരീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്വർണബാർ വിറ്റ് യുഎഇയിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അൽ ഐനിൽ താമസിക്കുന്ന 25കാരനായ അൻഷാദ് വി എം കഴിഞ്ഞ രണ്ട് വർഷമായി സുഹൃത്തുക്കൾക്കൊപ്പമാണ് ബിഗ് ടിക്കറ്റ് എടുക്കുന്നത്. എല്ലാ മാസവും രണ്ടോ മൂന്നോ ടിക്കറ്റുകൾ കൂട്ടമായി വാങ്ങാറുണ്ടെന്നും അൻഷാദ് പറഞ്ഞു. ഇത്തവണ ലഭിച്ച 200 ഗ്രാം സ്വർണം വിറ്റ് തുക സുഹൃത്തുക്കൾക്കിടയിൽ തുല്യമായി പങ്കിടാനാണ് തീരുമാനം. സംഘത്തിലെ ചിലർക്ക് വായ്പാ ബാധ്യതകളുള്ളതിനാൽ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സമ്മാനത്തുക സഹായിക്കുമെന്നാണ് പ്രതീക്ഷ, സ്വന്തം വിഹിതം കുടുംബത്തെ സഹായിക്കാനായി ഉപയോഗിക്കുമെന്നും അൻഷാദ് പറഞ്ഞു.

മറ്റ് വിജയികളിൽ ഒരാളായ ബംഗ്ലാദേശ് സ്വദേശി എം ഡി സൈഫുൽ ഇസ്ലാം 15 വർഷമായി ഷാർജയിൽ താമസിക്കുകയാണ്. പ്രിന്റിങ് പ്രസ്സ് നടത്തുന്ന അദ്ദേഹം ഒറ്റയ്ക്കാണ് ടിക്കറ്റ് എടുത്തത്. സ്വർണത്തിന്റെ മൂല്യം മനസ്സിലാക്കിയ ശേഷമായിരിക്കും വിൽക്കണോ എന്ന് തീരുമാനിക്കുക, ലഭിക്കുന്ന തുക കുടുംബത്തിനും തനിക്കുമായി എന്തെങ്കിലും വാങ്ങാൻ ഉപയോഗിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. യുഎഇ പൗരനായ അഹമ്മദ് അൽ കെത്ബിയും ഇന്ത്യൻ പ്രവാസിയായ മുഹമ്മദ് മുസ്ലിമുമാണ് മറ്റ് രണ്ട് വിജയികൾ.

അതേസമയം ബിഗ് ടിക്കറ്റിന്റെ നവംബർ പ്രമോഷനിൽ 2.5 കോടി ദിർഹത്തിന്റെ (25 മില്യൺ ദിർഹം) ഗ്രാൻഡ് പ്രൈസാണ് കാത്തിരിക്കുന്നത്. ഡിസംബർ മൂന്നിന് നടക്കുന്ന തത്സമയ നറുക്കെടുപ്പിലായിരിക്കും വിജയിയെ പ്രഖ്യാപിക്കുക. ഇതോടൊപ്പം അഞ്ച് പേർക്ക് ഒരു ലക്ഷം ദിർഹം വീതമുള്ള കൺസൊലേഷൻ സമ്മാനങ്ങളും ലഭിക്കും.

നവംബറിൽ കുറഞ്ഞത് ഒരു ബിഗ് ടിക്കറ്റ് എടുക്കുന്നവർക്ക് ജനുവരി മൂന്നിന് നടക്കുന്ന ബിഗ് സ്പിന്നിൽ പങ്കെടുക്കാനുള്ള അവസരവുമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേർക്ക് ഒരു മില്യൺ ദിർഹം വരെ നേടാം. ഡിസംബർ മൂന്നിന് നിസാൻ പട്രോളും ജനുവരി മൂന്നിന് ബിഎംഡബ്ല്യു എം440ഐ കാറും സമ്മാനമായി നൽകുന്ന നറുക്കെടുപ്പുകളും നടക്കും.

Content Highlights: Two Malayalis have won a total of 200 grams of gold through the Big Ticket draw in the UAE.

To advertise here,contact us