എമിറേറ്റിലെ താമസ-വാണിജ്യ കെട്ടിടങ്ങളിലെയും സമുച്ചയങ്ങളിലെയും സിസിടിവി നവീകരിക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ബോധവത്ക്കരണ-പരിശോധനാ കാമ്പയിൻ പ്രഖ്യാപിച്ചു. അബുദാബി പൊലീസും അബുദാബി മോണിറ്ററിംഗ് ആൻഡ് കൺട്രോൾ സെന്ററും സംയുക്തമായാണ് 'റീഅഷ്വറിംഗ് വിഷൻ' എന്ന പേരിൽ കാമ്പയിൻ നടപ്പിലാക്കുന്നത്. 2026 നവംബർ 16 മുതൽ 2027 നവംബർ 15 വരെയാണ് കാമ്പയിൻ കാലയളവ്. ലോകത്തിലെ ഏറ്റവും സുരക്ഷിതവും സ്ഥിരതയുള്ളതുമായ നഗരങ്ങളിലൊന്നെന്ന അബുദാബിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വെറുമൊരു പരിശോധന എന്നതിലുപരി, ബോധവത്ക്കരണവും സ്മാർട്ട് നിരീക്ഷണവും സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ പദ്ധതിയാണിത്. ക്യാമറകളും അനുബന്ധ ഉപകരണങ്ങളും 24 മണിക്കൂറും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, കുറ്റകൃത്യങ്ങൾ തടയുക, നിയമപരവും സാങ്കേതികവുമായ നിബന്ധനകളെക്കുറിച്ച് കെട്ടിട ഉടമകളെയും നിക്ഷേപകരെയും ബോധവാന്മാരാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. റെക്കോർഡിംഗ് നിലവാരം കുറയുന്നതിനോ പ്രധാന ഇടങ്ങളിലെ നിരീക്ഷണം നഷ്ടപ്പെടുന്നതിനോ ഇടയാക്കുന്ന സാങ്കേതിക പോരായ്മകൾ പരിഹരിച്ച് താമസക്കാർക്കും സന്ദർശകർക്കും ബിസിനസ് സമൂഹത്തിനും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാനും ഇതിലൂടെ സാധിക്കും.
റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ, പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനികൾ, താമസ-വാണിജ്യ കെട്ടിടങ്ങളുടെ ഉടമകൾ എന്നിവരെ ലക്ഷ്യമിട്ടാണ് കാമ്പയിൻ മുന്നോട്ട് പോകുന്നത്. 'നാഷണൽ ഗൈഡ് ഫോർ വീഡിയോ സർവൈലൻസ് സിസ്റ്റംസ്' പ്രകാരമുള്ള സാങ്കേതിക നിബന്ധനകൾ പാലിക്കാൻ കെട്ടിട ഉടമകളെ സഹായിക്കുന്നതിനായി 'ബിൽഡിംഗ് കംപ്ലയൻസ് വിത്ത് മോണിറ്ററിംഗ് ആൻഡ് കൺട്രോൾ സിസ്റ്റംസ് സർവീസ്' എന്ന പ്രത്യേക സേവനവും സെന്റർ ലഭ്യമാക്കിയിട്ടുണ്ട്. നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും നവീകരിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും സെന്ററിന്റെ അംഗീകാരവും ലൈസൻസുമുള്ള കമ്പനികളെ മാത്രമേ നിയമിക്കാവൂ എന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അംഗീകൃത കമ്പനികളുടെ പട്ടിക www.mcc.gov.ae എന്ന വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്.
മൂന്ന് ഘട്ടങ്ങളിലായാണ് കാമ്പയിൻ നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ കെട്ടിട ഉടമകൾക്കും മാനേജർമാർക്കും സുരക്ഷാ സേവനദാതാക്കൾക്കുമായി ശിൽപ്പശാലകളും ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും. രണ്ടാം ഘട്ടത്തിൽ സെന്ററിലെ ഇൻസ്പെക്ടർമാർ കെട്ടിടങ്ങളിൽ നേരിട്ടെത്തി സാങ്കേതിക പിന്തുണ നൽകുകയും പോരായ്മകൾ പരിഹരിക്കാൻ നിശ്ചിത സമയം അനുവദിക്കുകയും ചെയ്യും. മൂന്നാം ഘട്ടത്തിൽ കർശന ഓഡിറ്റിംഗ് നടത്തുകയും മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുകയും ചെയ്യും.
പൊതുസുരക്ഷ നിലനിർത്തുന്നതിൽ റിയൽ എസ്റ്റേറ്റ് മേഖലയുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള പ്രതിബദ്ധതയാണ് ഈ കാമ്പയിനിലൂടെ വ്യക്തമാകുന്നതെന്ന് മോണിറ്ററിംഗ് ആൻഡ് കൺട്രോൾ സെന്ററിലെ സ്റ്റാൻഡേർഡ്സ് ഇംപ്ലിമെന്റേഷൻ വിഭാഗം ഡയറക്ടർ ഡോ. അബ്ദുള്ള അൽ അഷ്ഖരി പറഞ്ഞു. പൊതു-സ്വകാര്യ മേഖലകളിലെ നിരീക്ഷണ സംവിധാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ അബുദാബിയുടെ സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ കരുത്തുറ്റതാക്കാനും സാമ്പത്തിക-സാമൂഹിക വികസനത്തിന് പിന്തുണ നൽകാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Abu Dhabi launches a year-long campaign to ensure CCTV systems in residential and commercial buildings meet approved safety standards and remain operational.