പ്രവാസലോകത്തെ നിയമവഴികൾ അറിയാം; ഡോ. ജോസ് എബ്രഹാമിന്റെ പുസ്തകം ഷാർജയിൽ പ്രകാശനം ചെയ്തു

പ്രവാസ മേഖലയിൽ 20 വർഷത്തോളമുള്ള തന്റെ നിയമപരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം തയാറാക്കിയതെന്ന് അഡ്വ. ഡോ. ജോസ് എബ്രഹാം ചടങ്ങിൽ പറഞ്ഞു

പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റും സുപ്രീം കോടതി അഡ്വക്കറ്റ് ഓൺ റെക്കോർഡുമായ അഡ്വ. ഡോ. ജോസ് എബ്രഹാം രചിച്ച 'ലീഗൽ ലാൻഡ്‌സ്‌കേപ്പ് ഓഫ് ഗ്ലോബൽ ഇന്ത്യൻസ്' (Legal Landscape of Global Indians) എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. എൻടിവി ചെയർമാൻ മാത്തുക്കുട്ടി കടോൺ, പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ, അക്കാഫ് അധ്യക്ഷൻ പോൾ ടി ജോസഫ് എന്നിവർക്ക് ആദ്യ പ്രതി കൈമാറിയാണ് പുസ്തക പ്രകാശനം നിർവഹിച്ചത്. മുൻ അംബാസിഡർ ടിപി ശ്രീനിവാസനാണ് പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്.

പ്രവാസ മേഖലയിൽ 20 വർഷത്തോളമുള്ള തന്റെ നിയമപരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം തയാറാക്കിയതെന്ന് അഡ്വ. ഡോ. ജോസ് എബ്രഹാം ചടങ്ങിൽ പറഞ്ഞു. ഒസിഐ കാർഡ്, എൻആർഐ വിവാഹ രജിസ്ട്രേഷൻ, വിവാഹമോചന നടപടികൾ, വിൽപത്രം തയാറാക്കൽ, വിവിധ പവർ ഓഫ് അറ്റോർണികൾ, വിദേശ കോടതി വിധികളുടെ നടത്തിപ്പ് തുടങ്ങി പ്രവാസികൾ നിത്യജീവിതത്തിൽ നേരിടുന്ന സുപ്രധാന നിയമവിഷയങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ഷാർജ-അജ്മാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി അൽനിഷാജ് ഷാഹുൽ, ഡൽഹിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ മെൽവിൻ വില്യംസ് തുടങ്ങിയവർ ആശംസകൾ നേർന്നു. നാളിതുവരെ പത്തിലധികം പുസ്തകങ്ങൾ രചിച്ചിട്ടുള്ള അഡ്വ. ഡോ. ജോസ് എബ്രഹാമിനെ നിയമപുസ്തക രചനയ്ക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. പ്രവാസികളെ നിയമപരമായി കൂടുതൽ ശാക്തീകരിക്കാൻ ഈ പുതിയ പുസ്തകത്തിന് സാധിക്കട്ടെയെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Content Highlights: Dr Jose Abraham's book on legal matters affecting expatriates was launched in Sharjah, offering insights into immigration laws and overseas legal procedures.

To advertise here,contact us