നവീകരിച്ച സ്മാർട്ട് ഗേറ്റ് സംവിധാനത്തിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത യാത്രക്കാർക്ക് വെറും 3.4 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ പരിശോധന പൂർത്തിയാക്കാനുള്ള സൗകര്യമൊരുക്കി ദുബായ് വിമാനത്താവളം. യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങൾ പ്രയോജനപ്പെടുത്തി പരിശോധനാ നടപടികൾ വേഗത്തിലാക്കുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.
പതിനൊന്ന് വർഷത്തിലേറെ മുമ്പ് ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി മുന്നോട്ടുവെച്ച ദീർഘവീക്ഷണമാണ് ഇപ്പോൾ ദൈനംദിന യാത്രയുടെ ഭാഗമായിരിക്കുന്നത്. വ്യക്തിത്വം സ്ഥിരീകരിക്കുന്നതിനുള്ള സമയവും പരിശോധനാ നടപടികളുടെ ഘട്ടങ്ങളും കുറച്ച് യാത്ര കൂടുതൽ സുഗമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എയർലൈൻ ചെക്ക് ഇൻ സമയത്ത് യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതോടെയാണ് ഈ യാത്രാക്രമം ആരംഭിക്കുന്നത്. തുടർന്ന് ഇതേ വിവരങ്ങൾ ഉപയോഗിച്ച് സ്മാർട്ട് ഗേറ്റുകളിലൂടെ ഇമിഗ്രേഷൻ പരിശോധന പൂർത്തിയാക്കി ബിസിനസ് ലോഞ്ചിലേക്കും ബോർഡിങ് ഗേറ്റിലേക്കും നീങ്ങാം. സ്മാർട്ട് സേവനങ്ങൾക്കായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത യാത്രക്കാർക്ക് വിവിധ കേന്ദ്രങ്ങളിൽ കാത്തുനിൽക്കാതെ നടപടികൾ പൂർത്തിയാക്കാനാകും.
വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കൈകാര്യം ചെയ്യുന്നതിനും വിമാനത്താവളത്തിലെ വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്ന് അൽ മർറി വ്യക്തമാക്കി.
തിരക്കേറിയ സമയങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും ഇത് പ്രയോജനപ്പെടും. സ്മാർട്ട് സേവനങ്ങൾ യു.എ.ഇയിലെ മറ്റ് വിമാനത്താവളങ്ങളിലേക്കും അതിർത്തി പ്രവേശനകേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സേവനങ്ങളുടെ ഏകോപനവും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തി രാജ്യത്തുടനീളമുള്ള യാത്രാനുഭവം കൂടുതൽ ലളിതമാക്കുകയാണ് ലക്ഷ്യം. അനാവശ്യ കാത്തിരിപ്പ് ഒഴിവാക്കി യാത്രയുടെ ഓരോ ഘട്ടവും വേഗത്തിലാക്കാനുള്ള ദുബായിയുടെ ശ്രമത്തിലെ പ്രധാന മുന്നേറ്റമാണ് പുതിയ സ്മാർട്ട് ഗേറ്റ് സംവിധാനം.
Content Highlights: Dubai Airport introduces faster immigration checks, allowing eligible passengers to complete the process in just 3.4 seconds.