അബുദാബിയിൽ റോബോട്ടിക് ശസ്ത്രക്രിയയിൽ വൻ മുന്നേറ്റം; ഇതുവരെ നടത്തിയത് 1,300ലധികം ശസ്ത്രക്രിയകൾ

ശസ്ത്രക്രിയകളിൽ മാത്രമല്ല രോഗനിർണയം മുതൽ ചികിത്സയും തുടർപരിചരണവും വരെയുള്ള എല്ലാ ഘട്ടങ്ങളിലും കൂടുതൽ കൃത്യത ഉറപ്പാക്കാൻ സാങ്കേതികവിദ്യ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശസ്ത്രക്രിയാരംഗത്ത് പുതിയ മുന്നേറ്റവുമായി അബുദാബിയിലെ ഷെയ്ഖ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റി (എസ്എസ്എംസി). ആശുപത്രിയിൽ ആരംഭിച്ച റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയാ പദ്ധതിയിലൂടെ ഇതുവരെ 1,300ലധികം ശസ്ത്രക്രിയകൾ വിജയകരമായി നടത്തി. നിലവിൽ പ്രതിവർഷം 500ലധികം ശസ്ത്രക്രിയകളാണ് ഈ സംവിധാനത്തിലൂടെ നടത്തുന്നത്.

2026ന്റെ ആദ്യ പകുതിയിൽ മാത്രം റോബോട്ടിക് ശസ്ത്രക്രിയകളുടെ എണ്ണത്തിൽ 42 ശതമാനം വളർച്ച രേഖപ്പെടുത്തി. ചികിത്സാരംഗത്ത് ആധുനിക സാങ്കേതികവിദ്യയും നൂതന സംവിധാനങ്ങളും പ്രയോജനപ്പെടുത്തി ശസ്ത്രക്രിയകളുടെ കൃത്യതയും കാര്യക്ഷമതയും വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള ചികിത്സയിൽ റോബോട്ടിക് ശസ്ത്രക്രിയ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നതെന്ന് ഷെയ്ഖ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മർവാൻ അൽ കാബി പറഞ്ഞു. ശസ്ത്രക്രിയകളിൽ മാത്രമല്ല രോഗനിർണയം മുതൽ ചികിത്സയും തുടർപരിചരണവും വരെയുള്ള എല്ലാ ഘട്ടങ്ങളിലും കൂടുതൽ കൃത്യത ഉറപ്പാക്കാൻ സാങ്കേതികവിദ്യ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2020ലാണ് എസ്എസ്എംസിയിൽ റോബോട്ടിക് ശസ്ത്രക്രിയാ പദ്ധതി ആരംഭിച്ചത്. വിദഗ്ധരായ മെഡിക്കൽ സംഘത്തെ വികസിപ്പിക്കുക, വിവിധ ചികിത്സാവിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുക, തുടർച്ചയായ പരിശീലനം ഉറപ്പാക്കുക എന്നിവയ്ക്കാണ് തുടക്കംമുതൽ പ്രാധാന്യം നൽകിയതെന്നും ഡോ. അൽ കാബി പറഞ്ഞു. വരും വർഷങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഡിക്കൽ ഇമേജിങ്, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ മേഖലകളിലെ പുരോഗതിക്കൊപ്പം റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനങ്ങളും കൂടുതൽ വികസിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് ശസ്ത്രക്രിയകളുടെ കൃത്യത വർധിപ്പിക്കുന്നതിനൊപ്പം ഡോക്ടർമാർക്ക് മികച്ച തീരുമാനങ്ങളെടുക്കാനും രോഗികൾക്ക് കൂടുതൽ സുരക്ഷിതവും വ്യക്തിഗതവുമായ ചികിത്സ ലഭ്യമാക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Abu Dhabi has recorded more than 1,300 robotic surgeries, marking progress in advanced medical technology and surgical healthcare services.

To advertise here,contact us