ദേശീയദിനം ആഘോഷമാക്കാൻ പ്രവാസികൾ; ഒമ്പത് ദിവസം വരെ അവധി ലഭിക്കാൻ സുവർണ്ണാവസരം

അധികൃതർ പ്രഖ്യാപിച്ച അവധി ദിനങ്ങൾക്കൊപ്പം ഒന്നോ രണ്ടോ ദിവസം വാർഷിക അവധി കൂടി എടുത്താൽ തണുപ്പുകാലം ആഘോഷിക്കാനും ചെറിയ യാത്രകൾ പ്ലാൻ ചെയ്യാനും പ്രവാസികൾക്ക് വലിയ അവസരമാണ് ലഭിക്കുന്നത്

യുഎഇയിൽ വർഷത്തെ അവസാനത്തെ വലിയ പൊതുഅവധി ദിവസങ്ങളായ യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) പരമാവധി പ്രയോജനപ്പെടുത്താനുള്ള കണക്കുകൂട്ടലിലാണ് യുഎഇയിലെ താമസക്കാർ. ഏഴ് എമിറേറ്റുകളും ഒന്നിച്ചതിന്റെ ഓർമ്മ പുതുക്കി ഡിസംബർ രണ്ടിനാണ് ദേശീയദിനാഘോഷങ്ങൾ നടക്കുന്നത്. അധികൃതർ പ്രഖ്യാപിച്ച അവധി ദിനങ്ങൾക്കൊപ്പം ഒന്നോ രണ്ടോ ദിവസം വാർഷിക അവധി കൂടി എടുത്താൽ തണുപ്പുകാലം ആഘോഷിക്കാനും ചെറിയ യാത്രകൾ പ്ലാൻ ചെയ്യാനും പ്രവാസികൾക്ക് വലിയ അവസരമാണ് ലഭിക്കുന്നത്. ഇങ്ങനെ ചെയ്താൽ തുടർച്ചയായി ഒമ്പത് ദിവസത്തെ അവധിയാണ് പ്രവാസികൾക്ക് ലഭിക്കുക.

സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ഡിസംബർ രണ്ട്, മൂന്ന്, നാല് തീയതികളിലാണ് ശമ്പളത്തോടുകൂടിയ ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം ഡിസംബർ അഞ്ച് ശനി, ആറ് ഞായർ എന്നീ വാരാന്ത്യ അവധികൾ കൂടി ചേരുമ്പോൾ തുടർച്ചയായി അഞ്ച് ദിവസത്തെ അവധി ലഭിക്കും. എന്നാൽ, സർക്കാർ ജീവനക്കാർ നവംബർ 30 തിങ്കൾ, ഡിസംബർ ഒന്ന് ചൊവ്വ എന്നീ രണ്ട് ദിവസങ്ങളിൽ കൂടി വാർഷിക അവധി എടുക്കുകയാണെങ്കിൽ, അതിന് മുമ്പത്തെ വാരാന്ത്യ ദിവസങ്ങൾ (നവംബർ 28 ശനി, 29 ഞായർ) ഉൾപ്പെടെ തുടർച്ചയായി ഒമ്പത് ദിവസത്തെ നീണ്ട അവധി ആസ്വദിക്കാൻ സാധിക്കും.

അതേസമയം, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഡിസംബർ രണ്ട് ബുധൻ, ഡിസംബർ മൂന്ന് വ്യാഴം എന്നിങ്ങനെ രണ്ട് ദിവസമാണ് ഔദ്യോഗിക അവധി ലഭിക്കുന്നത്. പ്രവൃത്തിദിനങ്ങളുടെ മധ്യത്തിൽ അവധി വരുന്നതിനാൽ സ്വകാര്യ മേഖലയിലുള്ളവർക്ക് ഇത്തവണ സ്വാഭാവികമായ നീണ്ട വാരാന്ത്യം ലഭിക്കില്ല. കഴിഞ്ഞ വർഷം (2025) ചൊവ്വ, ബുധൻ ദിവസങ്ങളിലായി നിശ്ചയിച്ചിരുന്ന അവധി തിങ്കൾ, ചൊവ്വ ദിവസങ്ങളിലേക്ക് മാറ്റി നൽകിയതിലൂടെ പ്രവാസികൾക്ക് നാല് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിച്ചിരുന്നു.

എന്നാൽ ഇത്തവണ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ നീണ്ട അവധി ലഭിക്കാൻ വളരെ എളുപ്പമുള്ള ഒരു വഴിയുണ്ട്. ഡിസംബർ രണ്ട്, മൂന്ന് തീയതികളിലെ പൊതുഅവധിക്ക് തൊട്ടുപിന്നാലെ വരുന്ന ഡിസംബർ നാല് വെള്ളിയാഴ്ച ഒരു ദിവസത്തെ വാർഷിക അവധി എടുത്താൽ മതിയാകും. ഇതോടെ ഡിസംബർ അഞ്ച് ശനി, ആറ് ഞായർ വാരാന്ത്യ അവധികൾ കൂടി ചേർന്ന് സ്വകാര്യ മേഖലയിലെ പ്രവാസികൾക്കും തുടർച്ചയായി അഞ്ച് ദിവസത്തെ വിശ്രമവും യാത്രകളും ആസ്വദിക്കാനാകും.

Content Highlights: UAE expatriates may get an opportunity to enjoy up to nine consecutive days off during the National Day celebrations. By strategically combining official holidays, weekends and annual leave, residents could plan an extended break and travel with family.

To advertise here,contact us