ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖ്വാസിമിയുമായുള്ള കൂടിക്കാഴ്ച ഇസ്ലാമിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റിയെന്ന് അമേരിക്കന്‍ ടിവി താരം സ്റ്റീവ് ഹാര്‍വി. ഇസ്ലാമിന്റെ നിയമങ്ങളും വിശ്വാസത്തിന്റെ സൗന്ദര്യവും വിവരിച്ച് തന്ന് ഒറ്റ ദിവസം കൊണ്ട് തന്നെ ഷെയ്ഖ് സുല്‍ത്താന്‍ ഇസ്ലാമിനെ കുറിച്ചുള്ള തന്റെ ചിന്ത മാറ്റിമറിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ അഭിമുഖത്തിനിടെ ഹാര്‍വി നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. യുഎഇയിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനവും ഷാര്ജയിലായിരുന്നുവെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ആ സന്ദര്‍ശനത്തില്‍ വെച്ച് ഷാര്‍ജ ഭരണാധികാരിയെ കണ്ടെന്നും ഇസ്ലാമിനെ കുറിച്ച് അദ്ദേഹം സംസാരിച്ചെന്നും ഹാര്‍വി പറഞ്ഞു.
ഏക ദൈവത്തിലുള്ള വിശ്വാസമാണ് വിശ്വാസത്തിന്റെ സാരാംശമെന്ന് അദ്ദേഹം പറഞ്ഞെന്നും ഹാര്‍വി കൂട്ടിച്ചേര്‍ത്തു. തന്റെ ഇളയ മകന് അടുത്തിടെ ഇസ്ലാം മതം സ്വീകരിക്കാമെന്ന് പറഞ്ഞെന്നും മകന്റെ ഈ തീരുമാനത്തെ താന്‍ പിന്തുണച്ചെന്നും ഹാര്‍വി പറഞ്ഞു.
'ഒരു കുടുംബം വളര്‍ത്താനും ബിസിനസ് കെട്ടിപ്പടുക്കാനും ബഹുമാനത്തോടെ ജീവിക്കാനുമുള്ള അന്തരീക്ഷം എമിറേറ്റിലുണ്ട്. വിദ്യാഭ്യാസത്തിനും സംസ്കാരത്തിനും മുന്‍ഗണന നല്കുന്ന ശാന്തമായ ഒരു സ്ഥലമാണ് ഷാര്‍ജ', ഹാര്‍വി പറഞ്ഞു.
ഷാര്‍ജയുടെ യഥാര്‍ത്ഥ സൗന്ദര്യം ആസ്വദിക്കാന്‍ ആളുകള്‍ വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തന്റെ വ്യക്തിപരമായ ജീവിതത്തിലെ നാഴിക കല്ലാണ് ഷാര്‍ജയില്‍ വന്നതും ഷെയ്ഖ് സുല്‍ത്താനെ കണ്ടതെന്നും ഹാര്‍വി കൂട്ടിച്ചേര്‍ത്തു.
Content Highlights: American television personality Steve Harvey has revealed that his meeting with Sharjah Ruler Sheikh Dr Sultan bin Mohammed Al Qasimi changed his perspective on Islam.