ഫുജൈറ വാഹനാപകടം; ആംബുലൻസ് ജീവനക്കാരുടെ രക്ഷാപ്രവർത്തന മികവിനെ പ്രശംസിച്ച് അധികൃതർ

അപകടത്തിൽ ഏകദേശം മുപ്പതോളം പേർക്കാണ് പരിക്കേറ്റത്

ഫുജൈറയിൽ നാല് ഇന്ത്യക്കാർ ഉൾപ്പെടെ 14 പേരുടെ അന്ത്യത്തിനിടയാക്കിയ ദാരുണമായ വാഹനാപകടത്തിന് പിന്നാലെ അതിസാഹസികമായ സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ നാഷണൽ ആംബുലൻസ് ജീവനക്കാരെ അധികൃതർ അഭിനന്ദിച്ചു. നവംബർ 12-ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ (E84) 18 വാഹനങ്ങളും അഞ്ച് ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 സ്വദേശികളും നാല് ഇന്ത്യക്കാരുമാണ് മരിച്ചത്. ഫുജൈറയിലെ വിവിധ വകുപ്പുകളും രക്ഷാപ്രവർത്തകരും തമ്മിലുള്ള മികച്ച ഏകോപനമാണ് അപകടസ്ഥലത്തെ സ്ഥിതിഗതികൾ വേഗത്തിൽ നിയന്ത്രണവിധേയമാക്കാൻ സഹായിച്ചതെന്ന് നാഷണൽ ആംബുലൻസ് അതോറിറ്റി വ്യക്തമാക്കി.

അറ്റകുറ്റപ്പണികൾക്കായി വലതുവശത്തെ ലെയ്ൻ അടച്ചിട്ടിരുന്ന ഭാഗത്താണ് തുടർച്ചയായി രണ്ട് അപകടങ്ങൾ സംഭവിച്ചതെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നിർത്തിയിട്ടിരുന്ന ട്രക്കിൽ ഒരു വാഹനം ഇടിച്ചതാണ് ആദ്യ അപകടം. ഇതിന് പിന്നാലെ, രണ്ട് ഷിപ്പിംഗ് കണ്ടെയ്നറുകളുമായി വന്ന മറ്റൊരു ട്രക്ക് നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ചുകയറി മറിയുകയായിരുന്നു. ഗതാഗതക്കുരുക്കിനെ തുടർന്ന് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കാണ് മറിഞ്ഞ വാഹനം ഇടിച്ചുകയറിയത്. അപകടത്തിന് പിന്നാലെ ട്രക്കിന് തീപിടിക്കുകയും തീ മറ്റ് വാഹനങ്ങളിലേക്ക് പടരുകയും ചെയ്തത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.

അപകടത്തിൽ ഏകദേശം മുപ്പതോളം പേർക്കാണ് പരിക്കേറ്റത്. ഇന്ത്യക്കാർക്ക് പുറമെ യുഎഇ, ഒമാൻ, ബ്രസീൽ, പാകിസ്താൻ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പരിക്കേറ്റവരിലുള്ളത്. ഇതിൽ 15 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ബാക്കിയുള്ളവർക്ക് വിദഗ്ധ അടിയന്തര ചികിത്സ തുടരുകയാണെന്നും എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും നാഷണൽ ആംബുലൻസ് അതോറിറ്റി അറിയിച്ചു. അപകടത്തിൽപ്പെട്ട ഒരു ട്രക്കിന്റെ ഡ്രൈവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെങ്കിലും ഇയാളെ പ്രീ-ട്രയൽ തടങ്കലിൽ വെച്ചിരിക്കുകയാണ്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അതോറിറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Content Highlights: Authorities have praised the ambulance personnel for their professional and efficient rescue operations following a major road Incident in Fujairah. Their prompt response and coordinated efforts played an important role in the emergency rescue operation.

To advertise here,contact us