ഫുജൈറയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ സംസ്കാരം ഇന്ന് നടക്കും. ഫുജൈറയില്‍ വെച്ച് തന്നെയായിരിക്കും സംസ്കാരം നടക്കുക. വേങ്ങര കുണ്ടില്പ്പാറ സ്വദേശിയും ഫുജൈറയില്‍ കഫ്റ്റീരിയ ജീവനക്കാരനുമായ സിദ്ദീഖിന്റെ മക്കളും പേരക്കുട്ടിയുമാണ് മരിച്ചത്.
മുഹമ്മദ് അസ്മില്‍ (21), മിസ്ന ജുബിന്‍ (21), മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. അപകടസമയത്ത് കാറിലുണ്ടായിരുന്ന കുടുംബത്തിലെ മറ്റ് നാല് പേര് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
വാഹനാപകടത്തില്‍ ആകെ 14 പേര്‍ക്കാണ് ജീവന് നഷ്ടമായത്. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഇവര്‍ മൂന്ന് പേരല്ലാതെ മറ്റ് ഇന്ത്യക്കാരും ഉള്‍പ്പെടുന്നതായാണ് പ്രാഥമിക വിവരം. അഞ്ച് ട്രക്കുകളും 18 ചെറുവാഹനങ്ങളും ഉള്‍പ്പെടെ ആകെ 23 വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് വന്‍ ദുരന്തമുണ്ടായത്.
അപകടവിവരം അറിഞ്ഞയുടന്‍ ഫുജൈറ പൊലീസും സിവില്‍ ഡിഫന്‍സ് വിഭാഗവും ആംബുലന്‍സ് സംഘവും സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടെങ്കിലും പൊലീസ് ഇടപെട്ട് വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി.
അപകടത്തില്‍പ്പെട്ട ഇന്ത്യക്കാരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. വാഹനാപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി ഫുജൈറ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: The funeral of Malayalis who lost their lives in a tragic road accident in Fujairah will be held today in Fujairah, UAE.