ദുബായിലും കിങ് ഖാൻ മാജിക്! 50 കോടി രൂപ വിലയുള്ള ആഡംബര ഭവനങ്ങൾ ഒറ്റ ദിവസം കൊണ്ട് വിറ്റുതീർന്നു

കടൽത്തീരത്തിന്റെ സൗന്ദര്യം നുകർന്ന്, രാജകീയമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കായാണ് ഈ വാട്ടർഫ്രണ്ട് വിസ്മയം ഒരുക്കിയിരിക്കുന്നത്

സിനിമയിലെ പ്രണയനായകൻ മാത്രമല്ല, റിയൽ എസ്റ്റേറ്റ് ലോകത്തും താനൊരു 'ബാദ്ഷാ' തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. ദുബായ് മാരിടൈം സിറ്റിയിൽ ഡാന്യൂബ് പ്രോപ്പർട്ടീസ് അവതരിപ്പിച്ച പുതിയ ആഡംബര ഭവന പദ്ധതിയായ 'ഷാരൂഖ്സ് റെസിഡൻസസ് ബൈ ഡാന്യൂബ്' പുറത്തിറങ്ങിയ നിമിഷം തന്നെ തരംഗമായി മാറി. ഷാരൂഖി‍ന്റെ ഭാര്യയും പ്രശസ്ത ഇന്റീരിയർ ഡിസൈനറുമായ ഗൗരി ഖാൻ ഒരുക്കിയ പെന്റ്ഹൗസുകൾക്ക് 50 കോടി രൂപയോളം (1.96 കോടി ദിർഹം) വിലയുണ്ടായിരുന്നു. എന്നിട്ടും ഉദ്ഘാടന ദിനം തന്നെ മുഴുവൻ പെന്റ്ഹൗസുകളും വിറ്റ് തീരുകയും ചെയ്തു.

കടൽത്തീരത്തിന്റെ സൗന്ദര്യം നുകർന്ന്, രാജകീയമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കായാണ് ഈ വാട്ടർഫ്രണ്ട് വിസ്മയം ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച ദുബായിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഡാന്യൂബ് ഗ്രൂപ്പ് ചെയർമാൻ റിസ്വാൻ സാജനോടൊപ്പം ഷാരൂഖ് ഖാനും ഗൗരി ഖാനും പ്രിയ സുഹൃത്ത് കരൺ ജോഹറും എത്തിയതോടെ ചടങ്ങ് അക്ഷരാർത്ഥത്തിൽ ഒരു ബോളിവുഡ് ഉത്സവമായി മാറി. 'ജീവിതം ഒരു രാജാവിനെപ്പോലെ ആഘോഷിക്കുക' എന്ന തന്റെ സ്വപ്നമാണ് ഈ ഭവനങ്ങളിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് ഷാരൂഖ് ഖാൻ ആവേശത്തോടെ പങ്കുവെച്ചു. കടലിന്റെ ശാന്തതയും ആഡംബരവും ഒത്തുചേരുന്ന ഊഷ്മളമായ ഇടങ്ങളാണ് താൻ രൂപകൽപ്പന ചെയ്തതെന്നും അതിന് ലഭിച്ച ഈ വലിയ സ്നേഹത്തിൽ ഏറെ സന്തോഷമുണ്ടെന്നും ഗൗരി ഖാനും പറഞ്ഞു.

നേരത്തെ 2025-ൽ ഇരുവരും ഒന്നിച്ച 'ഷാരൂഖ്സ്' കൊമേഴ്‌സ്യൽ ടവറും ആദ്യ ദിനം തന്നെ വിറ്റുതീർന്ന് ചരിത്രം കുറിച്ചിരുന്നു. ഇത്തവണ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ അഞ്ഞൂറോളം പേരാണ് താൽപ്പര്യപത്രവുമായി എത്തിയത്. 16.5 ലക്ഷം ദിർഹം മുതൽ ആരംഭിക്കുന്ന അപ്പാർട്ട്‌മെന്റുകളും നിർമ്മാണ വേളയിൽ 30 ശതമാനവും താക്കോൽ കൈമാറുമ്പോൾ 70 ശതമാനവും നൽകാവുന്ന ലളിതമായ പേയ്‌മെന്റ് രീതിയും പ്രവാസികൾക്കും നിക്ഷേപകർക്കും ഒരുപോലെ ആകർഷകമാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ പ്രോപ്പർട്ടികളുടെ മൂല്യം ഇരട്ടിയാകുമെന്നാണ് വിപണി വിദഗ്ധർ കണക്കുകൂട്ടുന്നത്. ചുരുക്കത്തിൽ, ദുബായുടെ ആകാശച്ചെരുവിൽ പ്രണയവും ആഡംബരവും ഒത്തുചേരുന്ന പുതിയൊരു 'മന്നത്ത്' തന്നെയാണ് ആരാധകരെ കാത്തിരിക്കുന്നത്.

Content Highlights: Danube Properties' Shahrukhz Residences in Dubai Maritime City sold all its Gauri Khan-designed penthouses on launch day, each valued at around ₹50 crore

To advertise here,contact us