ഫുജൈറയിലെ വാഹനാപകടം; മലയാളി കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

ഷാർജയിൽ നിന്ന് ഫുജൈറയിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്

യുഎഇയിലെ ഫുജൈറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മലപ്പുറം കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ മുഹമ്മദ് അസ്മിൽ (21), ഇരട്ട സഹോദരി മിസ്‌ന ജുബിൻ (21), ഇവരുടെ മൂത്ത സഹോദരിയുടെ മൂന്ന് വയസ്സുള്ള മകൻ മുഹമ്മദ് ഫായിസ് എന്നിവരാണ് മരിച്ചത്. അപകടസമയത്ത് കാറിലുണ്ടായിരുന്ന കുടുംബത്തിലെ മറ്റ് നാല് പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഷാർജയിൽ നിന്ന് ഫുജൈറയിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ഫുജൈറ കോടതിക്ക് മുൻവശത്തുവെച്ചായിരുന്നു അപകടം. മുഹമ്മദ് അസ്മിൽ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ദീർഘകാലമായി ഫുജൈറയിൽ സ്ഥിരതാമസമാക്കിയ കുടുംബമാണിത്. പിതാവ് സിദ്ദീഖ് ഫുജൈറയിൽ കഫറ്റീരിയ നടത്തിവരികയാണ്.

അതേസമയം, ഖലീഫ റോഡിലുണ്ടായ മറ്റൊരു വാഹനാപകടത്തിൽ നിരവധി പേർ മരിച്ചതായും മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നതായും ഫുജൈറ പൊലീസും ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു. അപകടവിവരം അറിഞ്ഞയുടൻ ഫുജൈറ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Content Highlights: A tragic road accident in Fujairah, UAE, has claimed the lives of three members of a Malayali family, leaving the Malayali community in grief.

To advertise here,contact us