ഫുജൈറയിലെ വാഹനാപകടം; 14 പേർക്ക് ദാരുണാന്ത്യം, 30 പേർക്ക് പരിക്ക്

വാഹനാപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി ഫുജൈറ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുഎഇയിലെ ഫുജൈറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ 14 പേർ മരിച്ചു. അപകടത്തിൽ 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നതായാണ് പ്രാഥമിക വിവരം. അഞ്ച് ട്രക്കുകളും 18 ചെറുവാഹനങ്ങളും ഉൾപ്പെടെ ആകെ 23 വാഹനങ്ങൾ കൂട്ടിയിടിച്ചാണ് വൻ ദുരന്തമുണ്ടായത്.

അപകടവിവരം അറിഞ്ഞയുടൻ ഫുജൈറ പൊലീസും സിവിൽ ഡിഫൻസ് വിഭാഗവും ആംബുലൻസ് സംഘവും സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടെങ്കിലും പൊലീസ് ഇടപെട്ട് വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി.

അപകടത്തിൽപ്പെട്ട ഇന്ത്യക്കാരുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ത്യൻ കോൺസുലേറ്റ് വൃത്തങ്ങൾ അറിയിച്ചു. വാഹനാപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി ഫുജൈറ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: A major road accident in Fujairah has resulted in 14 fatalities and left 30 people injured, raising concerns over road safety.

To advertise here,contact us