ജ്വല്ലറി ഉടമയെ കബളിപ്പിച്ച് ഏകദേശം 1.4 കോടി ദിർഹം (ഏകദേശം 32 കോടിയിലധികം ഇന്ത്യൻ രൂപ) വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത പ്രതിയെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ നടത്തിയ മിന്നൽ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആറ് മാസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. യുഎഇയിലെ പ്രമുഖ വ്യവസായികളുടെയും ഉന്നത വ്യക്തികളുടെയും പ്രതിനിധിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി ജ്വല്ലറിയിൽ നിന്ന് സ്വർണ്ണം കൈക്കലാക്കിയത്. പണം പിന്നീട് നൽകാമെന്ന ഉറപ്പിൽ ആഭരണങ്ങൾ കൊണ്ടുപോയ ഇയാൾ പിന്നീട് പണം നൽകാതെ ഒളിവിൽ കഴിയുകയായിരുന്നു.
ജ്വല്ലറി ഉടമയുടെ പരാതി ലഭിച്ചയുടൻ അബുദാബി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. സ്മാർട്ട് സംവിധാനങ്ങളും നൂതന നിരീക്ഷണ സാങ്കേതികവിദ്യകളും ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മണിക്കൂറുകൾക്കകം പ്രതിയെ തിരിച്ചറിയാനും ഇയാളുടെ ഒളിത്താവളം കണ്ടെത്താനും പൊലീസിന് സാധിച്ചു. മറ്റു ചിലരുടെ സഹായത്തോടെയാണ് ഇയാൾ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. അബുദാബിയിലെ ഒരു താമസസ്ഥലത്തോട് ചേർന്നുള്ള കെട്ടിടത്തിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.
തുടർന്ന് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും ഒളിപ്പിച്ചുവെച്ച സ്വർണ്ണാഭരണങ്ങൾ അടങ്ങിയ പെട്ടികളും വ്യാജ ബില്ലുകളും അനുബന്ധ രേഖകളും പിടിച്ചെടുക്കുകയും ചെയ്തു. ബാക്കിയുള്ള സ്വർണ്ണം വിറ്റഴിച്ചതായി പ്രതി പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പൊലീസ് സേനയുടെ കാര്യക്ഷമതയും സ്മാർട്ട് സാങ്കേതികവിദ്യകളുടെ കൃത്യമായ വിനിയോഗവുമാണ് ഇത്രയും വേഗത്തിൽ പ്രതിയെ പിടികൂടാൻ സഹായിച്ചതെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.
വ്യാപാര ഇടപാടുകൾ നടത്തുന്നതിന് മുൻപ് ഇടപാടുകാരുടെ തിരിച്ചറിയൽ രേഖകളും നിയമപരമായ സാധുതയും കൃത്യമായി പരിശോധിക്കണമെന്ന് ജ്വല്ലറി ഉടമകളോടും വ്യാപാരികളോടും പൊലീസ് നിർദ്ദേശിച്ചു. പണം പൂർണ്ണമായും ലഭിക്കാതെ സ്വർണ്ണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ കൈമാറരുതെന്നും ഭാവിയിൽ പണം നൽകാമെന്ന വാഗ്ദാനങ്ങളിൽ മാത്രം വിശ്വസിച്ച് ഇടപാടുകൾ നടത്തരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ ഏതൊരു നീക്കവും ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.
Content Highlights: Abu Dhabi Police arrest a suspect within hours over an alleged AED 14 million gold jewellery fraud after tracking him to a residential hideout