വിവാഹ ധനസഹായത്തിന് അർഹത നേടുന്നതിനുള്ള ശമ്പള പരിധി ഉയർത്തി ഷാർജ. ഇനി പ്രതിമാസം 50,000 ദിർഹമോ അതിൽ താഴെയോ വരുമാനമുള്ളവർക്കും വിവാഹ സഹായധനത്തിന് അർഹതയുണ്ടാകും. നേരത്തെ 30,000 ദിർഹമായിരുന്നു പരമാവധി ശമ്പള പരിധി. വിവാഹവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കാനും യുവാക്കൾക്ക് കുടുംബജീവിതം ആരംഭിക്കാൻ പിന്തുണ നൽകാനുമാണ് നടപടി.
ഷാർജ സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ശമ്പള പരിധി ഉയർത്താൻ നിർദേശം നൽകിയത്. ഷാർജ റേഡിയോ, ടെലിവിഷൻ എന്നിവയിൽ സംപ്രേഷണം ചെയ്യുന്ന 'അൽ ഖത്ത് അൽ മുബാഷർ' പരിപാടിയിലേക്ക് വിളിച്ച ഒരു ശ്രോതാവിൻ്റെ അഭ്യർത്ഥനയെത്തുടർന്നായിരുന്നു പ്രഖ്യാപനം.
വിവാഹിതരാകുന്ന സ്വദേശികൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി ഷാർജ സർക്കാർ നേരത്തെയും വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് എട്ട് ദിവസത്തെ വിവാഹാവധി അനുവദിച്ചതും ഇതിന്റെ ഭാഗമാണ്. പ്രസവാവധിക്ക് ശേഷം തുടർച്ചയായ പരിചരണം ആവശ്യമുള്ള രോഗബാധിതരോ ഭിന്നശേഷിക്കാരോ ആയ കുട്ടികളുടെ അമ്മമാർക്ക് മൂന്ന് വർഷം വരെ പുതുക്കാവുന്ന കെയർ ലീവ് അനുവദിക്കാനും തീരുമാനിച്ചിരുന്നു.
ഇതിനുപുറമെ നവംബർ 10ന് ഭരണാധികാരിയുടെ നിർദേശപ്രകാരം യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന 1,100 സ്വദേശി കുടുംബങ്ങൾക്ക് ഭവനസഹായം നൽകാനും അംഗീകാരം നൽകി. ഇതിൽ 500 കുടുംബങ്ങൾ ഭവനവായ്പാ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഷാർജ സിറ്റിയിൽ 290 കുടുംബങ്ങൾക്കും സെൻട്രൽ റീജിയനിൽ 35 പേർക്കും ഖോർഫക്കാനിൽ 75 പേർക്കും കൽബയിൽ 65 പേർക്കും ദിബ്ബ അൽ ഹിസ്നിൽ 35 പേർക്കുമാണ് സഹായം അനുവദിച്ചിരിക്കുന്നത്.
Content Highlights: Sharjah has increased the salary eligibility limit for marriage financial assistance to AED 50,000, allowing more residents to benefit from the support programme.