ബസ്, മെട്രോ മാത്രമല്ല, നിരവധി പുതിയ ആനുകൂല്യങ്ങളുമായി ദുബായ് നോൾ സ്റ്റുഡൻസ് കാർഡ് മാറുന്നു

ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളിൽ 50 ശതമാനം ഇളവാണ് നോൾ സ്റ്റുഡന്റ്സ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നത്

വിദ്യാർത്ഥികൾക്കായി നൽകുന്ന 'നോൾ' കാർഡുകളിൽ വൻ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. 2026 ഡിസംബർ മുതൽ വിദ്യാർത്ഥികൾക്ക് അവരുടെ നോൾ കാർഡുകൾ ഉപയോഗിച്ച് ഓൺലൈൻ പേയ്‌മെന്റുകൾ നടത്താനും ജിസിസി രാജ്യങ്ങളിലുടനീളമുള്ള റീട്ടെയിൽ ഷോപ്പുകളിൽ സാധനങ്ങൾ വാങ്ങാനും സാധിക്കും. സാധാരണ നോൾ കാർഡുകളിലെ എല്ലാ സവിശേഷതകളും വിദ്യാർത്ഥികളുടെ കാർഡിലും ലഭ്യമാകുമെന്ന് ആർടിഎ വക്താവ് സ്ഥിരീകരിച്ചു. പുതിയ അപ്‌ഗ്രേഡ് വഴി ഓൺലൈനിലൂടെ വേഗത്തിൽ റീച്ചാർജ് ചെയ്യാനും, പ്രൊഫൈലുകൾ മാനേജ് ചെയ്യാനും കാർഡുകൾ പുതുക്കാനും സാധിക്കും. കൂടാതെ മാതാപിതാക്കൾക്ക് കുട്ടികളുടെ അക്കൗണ്ടും കാർഡും നിയന്ത്രിക്കാനുള്ള സൗകര്യവും ഇതിലുണ്ടാകും.

ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളിൽ 50 ശതമാനം ഇളവാണ് നോൾ സ്റ്റുഡന്റ്സ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ഇത് വലിയ ആശ്വാസമാണ്. ഇതിനുപുറമെ, ആർടിഎയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി 'നോൾ പ്ലസ്' ലോയൽറ്റി പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ റീട്ടെയിൽ കടകളിൽ നിന്നുള്ള പ്രത്യേക ഇളവുകളും വിദ്യാർത്ഥികൾക്ക് ലഭ്യമാകും. 2009-ൽ ദുബായ് മെട്രോയുടെ ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെയാണ് സ്റ്റുഡന്റ് കാർഡുകൾ അവതരിപ്പിച്ചത്. 2024 മുതൽ ഇതുവരെ 43,800 കാർഡുകൾ പ്രിന്റ് ചെയ്തിട്ടുണ്ടെന്നും നിലവിൽ 49,500 കാർഡുകൾ സജീവമായി ഉപയോഗത്തിലുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

വിദ്യാർത്ഥികൾക്കിടയിൽ ചില മെട്രോ സ്റ്റേഷനുകൾക്ക് വലിയ ജനപ്രീതിയാണുള്ളത്. ബൂർജുമാൻ, സ്റ്റേഡിയം, ഊദ് മേത്ത, ദുബായ് ഇന്റർനെറ്റ് സിറ്റി, സിറ്റി സെന്റർ ദെറ എന്നിവയാണ് നോൾ സ്റ്റുഡന്റ്സ് കാർഡ് ഉപയോക്താക്കളായ വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ എത്തുന്ന അഞ്ച് മെട്രോ സ്റ്റേഷനുകൾ. യുഎഇയിൽ പഠിക്കുന്ന 23 വയസ്സിന് താഴെയുള്ള ഏതൊരു സ്കൂൾ/കോളേജ് വിദ്യാർത്ഥിക്കും ആർടിഎ വെബ്‌സൈറ്റ് വഴിയോ 'നോൾ പേ' ആപ്പ് വഴിയോ കാർഡിനായി അപേക്ഷിക്കാം. എമിറേറ്റ്‌സ് ഐഡി, ഫോട്ടോ, സ്ഥാപനത്തിൽ നിന്നുള്ള ഔദ്യോഗിക 'സ്റ്റുഡന്റ് കൺഫർമേഷൻ ലെറ്റർ' എന്നിവയാണ് അപേക്ഷിക്കാൻ ആവശ്യം. 70 ദിർഹമാണ് കാർഡിന്റെ നിരക്ക്; ഇതിന് 5 വർഷത്തെ കാലാവധിയുമുണ്ട്.

രാജ്യാന്തര അംഗീകാരമുള്ള ഐഎസ്‌ഐസി സംയോജനത്തിലൂടെ 130-ലധികം രാജ്യങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ വിദ്യാർത്ഥികൾക്ക് ഇളവുകളും ആനുകൂല്യങ്ങളും നോൾ കാർഡ് വഴി ലഭ്യമാക്കിയിട്ടുണ്ട്. പ്രാദേശിക, അന്തർദേശീയ ബ്രാൻഡുകളിൽ 70 ശതമാനം വരെ കിഴിവ് ലഭിക്കുന്നതാണ് ഈ പാക്കേജ്. നോൾ സംവിധാനം കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ഡിസംബറിലെ ഈ പുതിയ അപ്‌ഗ്രേഡ്. നോൾ-ജെയ്‌വാൻ കാർഡുകളുടെ പുതിയ തലമുറയും 2026 നവംബറിൽ പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിക്കും. ഡിസംബറിലെ മാറ്റങ്ങളോടെ വിദ്യാർത്ഥികളുടെ നോൾ കാർഡുകൾ കേവലം ബസ്/മെട്രോ യാത്രകൾക്കോ കാമ്പസ് കഫറ്റീരിയകൾക്കോ മാത്രമായി പരിമിതപ്പെടാതെ, പ്രവിശ്യയിലുടനീളം ഉപയോഗിക്കാവുന്ന സമഗ്രമായ ഡിജിറ്റൽ പേയ്‌മെന്റ് മാർഗ്ഗമായി മാറും.

Content Highlights: Dubai’s Nol Student Card is expanding beyond public transport, allowing students to shop and make online payments while accessing additional benefits

To advertise here,contact us