ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിവെച്ച് നൈഫ യാത്രയായി; ദുബായിൽ റോഡപകടത്തിൽ മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം

തൊടുപുഴ സ്വദേശിനിയായ നൈഫ ദുബായിലെ കനേഡിയൻ യൂണിവേഴ്സിറ്റി അവസാന വർഷ ആർക്കിടെക്ചർ വിദ്യാർഥിനിയായിരുന്നു

കുടുംബത്തിന് 'നൂൺ' അല്ലെങ്കിൽ 'നൂനി', അടുത്ത സുഹൃത്തുക്കൾക്ക് 'ഷുക്കു, ചിലരുടെ വിയോ​ഗം നമ്മളെ വല്ലാതെ വേദനിപ്പിക്കും. അങ്ങനെ ഒരാളായിരുന്നു നെെഫ ബൽക്കീസ് ഹമീദ്. വീട്ടിലെ സന്തോഷവും എല്ലാവരുടെയും ചെറിയ ഇഷ്ടങ്ങൾ പോലും ഓർത്തുവെക്കുന്ന പ്രിയപ്പെട്ടവളുമായിരുന്നു 21കാരിയായ നൈഫ. ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി മുന്നോട്ടുപോയിരുന്ന അവളുടെ ജീവിതത്തിന് ദുബായിലെ ഒരു റോഡപകടം അപ്രതീക്ഷിതമായി വിരാമമിട്ടു. നൈഫയുടെ വേർപാടിന്റെ വേദനയിലാണ് ഇപ്പോൾ കുടുംബവും സുഹൃത്തുക്കളും.

നവംബർ അഞ്ചിന് ദുബായിലെ അൽ റഷീദിയയിലെ അൽ ഖവാനീജ് സ്ട്രീറ്റിലായിരുന്നു അപകടം. ടയർ പഞ്ചറായതിനെ തുടർന്ന് കാറിന് പിന്നിൽ നിൽക്കുകയായിരുന്ന നൈഫയെ അമിതവേഗത്തിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിനിയായ നൈഫ ദുബായിലെ കനേഡിയൻ യൂണിവേഴ്സിറ്റി അവസാന വർഷ ആർക്കിടെക്ചർ വിദ്യാർത്ഥിനിയായിരുന്നു. ക്ലാസുകൾ മുടങ്ങാതിരിക്കാൻ അമ്മയ്ക്കൊപ്പം ദുബായിലേക്ക് മടങ്ങിയെത്തിയതായിരുന്നു നെെഫ.

പഠനത്തിൽ ഏറെ മികവ് പുലർത്തിയിരുന്ന നൈഫയെ അധ്യാപകരും പ്രിയപ്പെട്ട വിദ്യാർത്ഥിനിയായാണ് ഓർക്കുന്നത്. കുടുംബത്തിനും സുഹൃത്തുക്കൾക്കും അവൾ വെറുമൊരു മകളോ കൂട്ടുകാരിയോ മാത്രമായിരുന്നില്ല, എല്ലാവരുടെയും ആശ്വാസവും സന്തോഷവുമായിരുന്നു. ദുബായിൽനിന്ന് നാട്ടിലെത്തിച്ച മൃതദേഹം ഞായറാഴ്ച തൊടുപുഴയിൽ ഖബറടക്കി.

അമിത വേ​ഗത്തിലെത്തിയ വാഹനത്തിന്റെ ഡ്രെെവറെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അശ്രദ്ധമായ ഡ്രെെവിങ് ഒരു ജീവൻ മാത്രമല്ല കവർന്നത്. മറിച്ച് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയെക്കൂടിയാണ്. മറ്റൊരു കുഞ്ഞിനും തങ്ങളുടെ മകളുടെ അവസ്ഥ വരരുതെന്നും വാഹനമോടിക്കുന്നവർ റോഡിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും നെെഫയുടെ മാതാപിതാക്കൾ പ്രതികരിച്ചു.

Content Highlights: Nefa returns home in tears, leaving behind dreams and aspirations in an emotional homecoming.

To advertise here,contact us