യുഎഇയിൽ 10 വയസ്സിന് മുകളിലുള്ളവർക്കോ കുറഞ്ഞത് 145 സെന്റിമീറ്റർ ഉയരമുള്ളവർക്കോ വാഹനത്തിന്റെ മുൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യാൻ അനുമതി. 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഫെഡറൽ ഗതാഗത നിയമങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട 2024 ലെ ഫെഡറൽ ഡിക്രി നിയമം നടപ്പാക്കുന്നതിനുള്ള 2026 ലെ കാബിനറ്റ് തീരുമാനം നമ്പർ 174 ന്റെ ആർട്ടിക്കിൾ 11 ലാണ് വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾക്ക് മുൻസീറ്റിൽ യാത്ര ചെയ്യാൻ പ്രായം 10 വയസ്സിന് മുകളിലോ ഉയരം കുറഞ്ഞത് 145 സെന്റീമീറ്റർ ആയിരിക്കുകയോ ചെയ്താൽ മതിയാകും. എന്നാൽ രണ്ട് നിബന്ധനകളും ഒരേസമയം പാലിക്കേണ്ടതില്ല.
അതായത് 10 വയസ്സ് തികയാത്ത കുട്ടിക്ക് പോലും 145 സെന്റീമീറ്റർ ഉയരമുണ്ടെങ്കിൽ മുൻസീറ്റിൽ ഇരിക്കാം. അതായത് നാല് വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾക്ക് അനുയോജ്യമായ ചെെൽഡ് സേഫ്റ്റി സീറ്റ് നിർബന്ധമാണ്. കുട്ടിയുടെ പ്രായം, ഉയരം, ഭാരം എന്നിവയ്ക്ക് അനുയോജ്യമായ സീറ്റ് വാഹനത്തിന്റെ പിൻഭാഗത്ത് ഘടിപ്പിക്കണം. യുഎഇയിൽ ബാധകമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതായിരിക്കണം സീറ്റ്.
എന്നാൽ രണ്ട് സാഹചര്യങ്ങളിൽ ഈ നിബന്ധനയിൽ ഇളവുണ്ട്. ആരോഗ്യപ്രശ്നങ്ങൾ കാരണം ചെെൽഡ് സേഫ്റ്റി സീറ്റ് ഉപയോഗിക്കാൻ കഴിയാത്ത കുട്ടികൾക്ക് മെഡിക്കൽ അതോറിറ്റി അംഗീകരിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഇളവ് ലഭിക്കും. എന്നാൽ ഇത്തരം കുട്ടികൾക്കൊപ്പം മറ്റൊരാൾ പിൻസീറ്റിൽ ഉണ്ടായിരിക്കണം. പിൻസീറ്റില്ലാത്ത വാഹനങ്ങളിലും ഇളവ് അനുവദിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങളിൽ മുൻസീറ്റിൽ ചെെൽഡ് സേഫ്റ്റി സീറ്റ് ഘടിപ്പിക്കാം. എന്നാൽ സീറ്റ് പിൻവശത്തേക്ക് അഭിമുഖമായി സ്ഥാപിക്കുകയും എയർബാഗ് പ്രവർത്തനരഹിതമാക്കുകയും വേണം. യുഎഇയിലെ റോഡ് ഗതാഗതം നിയന്ത്രിക്കുന്ന പുതിയ നിയമങ്ങളുടെ ഭാഗമായി ഈ വ്യവസ്ഥകൾ 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
Content Highlights: New UAE rules on children travelling in the front passenger seat will come into effect in January 2027, introducing updated age and height requirements.