ആഗോള സാമ്പത്തിക പ്രതിസന്ധികളെയും ഭൗമരാഷ്ട്രീയ വെല്ലുവിളികളെയും അതിജീവിച്ച് ചരിത്രപരമായ വിദേശ വ്യാപാര നേട്ടവുമായി യുഎഇ. 2026-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ രാജ്യത്തിന്റെ എണ്ണയിതര വിദേശ വ്യാപാരം മൂന്ന് ട്രില്യൺ ദിർഹത്തോടടുത്തതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അറിയിച്ചു. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ മികച്ച വളർച്ചയാണ് രാജ്യം കൈവരിച്ചത്. കൂടാതെ, യുഎഇയുടെ പ്രധാന 10 വ്യാപാര പങ്കാളി രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ 31 ശതമാനത്തിന്റെ വൻ വർധനവും രേഖപ്പെടുത്തി.
ആഗോള വ്യാപാര രംഗം അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോകുമ്പോഴും അന്താരാഷ്ട്ര വാണിജ്യത്തിന്റെ പ്രധാന കേന്ദ്രമായി യുഎഇ ഉറച്ചുനിൽക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ആഗോളതലത്തിലുണ്ടാകുന്ന മാറ്റങ്ങളോട് വേഗത്തിലും കാര്യക്ഷമമായും പ്രതികരിക്കാൻ രാജ്യത്തിന് സാധിക്കുന്നുണ്ട്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ശക്തമായ നേതൃത്വവും ദേശീയ സംഘങ്ങളുടെ മികച്ച പ്രവർത്തനവുമാണ് ഈ വലിയ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയിലെ സങ്കീർണ്ണമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും വ്യാപാര രംഗത്ത് രണ്ടക്ക വളർച്ച നിലനിർത്താൻ കഴിഞ്ഞതായി വിദേശ വ്യാപാര മന്ത്രാലയ അണ്ടർസെക്രട്ടറി ഫഹദ് അൽ ഗെർഗാവി വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിനെ മാത്രം ആശ്രയിക്കാതെ ബദൽ വാണിജ്യ പാതകൾ തുറന്നതും തന്ത്രപരമായ നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കിയതുമാണ് ഈ സാമ്പത്തിക സുരക്ഷിതത്വത്തിന് വഴിയൊരുക്കിയതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Content Highlights: UAE non-oil foreign trade reaches AED 2.945 trillion in the first nine months of 2026, registering 10.1% growth despite global economic challenges.