യുഎഇയിലെ എൻഎംസി ഹെൽത്ത് കെയർ സാമ്പത്തിക തട്ടിപ്പ് കേസിൽ സ്ഥാപകൻ ഡോ. ബിആർ ഷെട്ടിയും മുൻ സിഇഒ മലയാളിയായ പ്രശാന്ത് മങ്ങാട്ടും കുറ്റക്കാരാണെന്ന് അബുദാബി കോടതി. ഇരുവരും ചേർന്ന് കമ്പനിക്ക് 540 കോടി ഡോളറിലേറെ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. എൻഎംസി ഗ്രൂപ്പിൽ നടന്ന വൻ സാമ്പത്തിക ക്രമക്കേടുകളിൽ ഇരുവരും അറിഞ്ഞുകൊണ്ട് പങ്കാളികളായിരുന്നുവെന്നാണ് എഡിജിഎം കോടതിയുടെ കണ്ടെത്തൽ.
2012 ഏപ്രിൽ 30 മുതൽ നടന്ന തട്ടിപ്പുകളുമായി ബന്ധപ്പെട്ട നഷ്ടങ്ങൾക്ക് ഇരുവരും ഉത്തരവാദികളായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. നിലവിൽ അഡ്മിനിസ്ട്രേഷൻ നടപടികൾക്ക് കീഴിലുള്ള എൻഎംസി ഹെൽത്ത് കെയർ ലിമിറ്റഡിന്റെ ആസ്തികളിലേക്ക് നഷ്ടപരിഹാരത്തുക നൽകാനും ഇരുവരും ബാധ്യസ്ഥരാണ്. ഓരോരുത്തരും എത്ര തുക വീതം നൽകണമെന്നത് തുടർനടപടികൾക്ക് ശേഷം തീരുമാനിക്കും. അതേസമയം പ്രശാന്ത് മങ്ങാട്ടിനെതിരെ അബുദാബി കൊമേഴ്സ്യൽ ബാങ്ക് (ADCB) നൽകിയ പ്രത്യേക ഹർജിയിലും ബാങ്കിന് അനുകൂലമായ വിധിയും എത്തി. ബാങ്കിന് 1.02 ബില്യൺ ഡോളർ കുടിശ്ശികയും 169 ദശലക്ഷം ഡോളർ നഷ്ടപ്പെട്ട ലാഭവും ഉൾപ്പെടെയുള്ള തുക നൽകാനാണ് ഉത്തരവ്.
നേരത്തേ തിരിച്ചുപിടിച്ച ഏകദേശം 30 ദശലക്ഷം ഡോളർ കുറച്ചതോടെ പ്രശാന്ത് മങ്ങാട്ട് ബാങ്കിന് നൽകേണ്ട ആകെ തുക 115.9 കോടി ഡോളറായി. 2012 ഏപ്രിൽ രണ്ട് മുതൽ 2020 ഏപ്രിൽ ഒൻപത് വരെയുള്ള കാലയളവിൽ എൻഎംസി ഗ്രൂപ്പിൽ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നതായി കോടതി നിരീക്ഷിച്ചു. കമ്പനിയുടെ ആസ്തികൾ വകമാറ്റിയതും സാമ്പത്തിക രേഖകളിൽ ആസ്തികളുടെയും വിറ്റുവരവിന്റെയും കണക്കുകൾ പെരുപ്പിച്ച് കാണിച്ചതുമാണ് പ്രധാന ക്രമക്കേടുകളെന്നും കോടതി ചൂണ്ടിക്കാട്ടി.
Content Highlights: An Abu Dhabi court has found NMC Healthcare founder BR Shetty and former CEO Prashant Manghat guilty in a fraud case, ordering them to pay more than $5.4 billion in compensation.