റോഡിലെ ശബ്ദമലിനീകരണത്തിന് കടുത്ത ശിക്ഷ; വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാൻ ദുബായ് പൊലീസ്

പ്രത്യേകിച്ച് റെസിഡൻഷ്യൽ മേഖലകളിൽ താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നവർക്കെതിരെ അതിശക്തമായ നടപടിയുണ്ടാകും

ദുബായിലെ നിരത്തുകളിൽ വാഹനം ഓടിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി പൊലീസിന്റെ പുതിയ അറിയിപ്പ്. വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുകയും അനാവശ്യമായി ഉച്ചത്തിൽ എഞ്ചിൻ ശബ്ദമുണ്ടാക്കി ഭീതി പരത്തുകയും ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങൾക്ക് സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്.

നിയമം ലംഘിച്ച് എഞ്ചിനിലോ ബോഡിയിലോ മാറ്റങ്ങൾ വരുത്തുകയോ അമിത ശബ്ദമുണ്ടാക്കുകയോ ചെയ്യുന്ന വാഹനങ്ങൾക്ക് 2,000 ദിർഹം പിഴ ചുമത്തും. കഴിഞ്ഞ മാസം പൊലീസ് നടത്തിയ വ്യാപക പരിശോധനകളിൽ ഇത്തരത്തിൽ നിയമലംഘനം നടത്തിയ 218 വാഹനങ്ങൾ കണ്ടുകെട്ടുകയും ഡ്രൈവർമാർക്കെതിരെ പിഴ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അത്യാധുനിക സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളും പ്രത്യേക ഫീൽഡ് പട്രോളിംഗും ഉപയോഗിച്ചാണ് പോലീസ് നിയമലംഘകരെ കണ്ടെത്തുന്നത്.

പ്രത്യേകിച്ച് റെസിഡൻഷ്യൽ മേഖലകളിൽ താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നവർക്കെതിരെ അതിശക്തമായ നടപടിയുണ്ടാകും. ശബ്ദമലിനീകരണവും അപകടസാധ്യതയും ഒഴിവാക്കാനായി ദുബായ് ട്രാഫിക് പൊലീസ് നടത്തുന്ന പ്രവർത്തനങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.

അനാവശ്യ ശബ്ദമുണ്ടാക്കുകയോ ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയോ ചെയ്യുന്ന വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ദുബായ് പൊലീസ് ആപ്പിലെ 'പൊലീസ് ഐ' (Police Eye) സർവീസ് വഴിയോ, 901 എന്ന കോൾ സെന്റർ നമ്പറിലോ വിളിച്ച് പൊതുജനങ്ങൾക്ക് പൊലീസിനെ അറിയിക്കാവുന്നതാണ്.

Content Highlights: Dubai Police intensify action against noisy vehicles, impounding 218 cars and issuing 518 fines in October. Offenders face fines and vehicle seizure

To advertise here,contact us