ദുബായിൽ ഇന്ത്യൻ വ്യവസായ പ്രമുഖരെ അണിനിരത്തി അഞ്ച് കിലോമീറ്റർ കൂട്ടയോട്ടം. 60-ലേറെ ഇന്ത്യൻ സംരംഭകരും ബിസിനസ് പ്രമുഖരും പങ്കെടുത്ത പരിപാടിയിൽ യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുള്ള ബിൻ തൂഖ് അൽ മർറിയും പങ്കുചേർന്നു. ഒക്ടോബർ ആറിന് ജുമൈറയിലെ കൈറ്റ് ബീച്ചിലായിരുന്നു കൂട്ടയോട്ടം.
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ വിഷ്ണു വർധൻ റെഡ്ഡിയും കൂട്ടയോട്ടത്തിൽ പങ്കെടുത്തു. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ, യുഎഇ-ഇന്ത്യ ബിസിനസ് കൗൺസിൽ, യങ് പ്രസിഡന്റ്സ് ഓർഗനൈസേഷൻ എന്നിവയിലെ അംഗങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്. വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ളവരും വിവിധ പ്രായവിഭാഗങ്ങളിൽപ്പെട്ടവരും കൂട്ടയോട്ടത്തിന്റെ ഭാഗമായി. യുഎഇയുടെ 30×30 ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ സമൂഹം ഫിറ്റ്നസ് ചലഞ്ചിൽ പങ്കാളികളാകണമെന്നും പതിവ് വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും കോൺസൽ ജനറൽ അഭിപ്രായപ്പെട്ടു.
ആദ്യമായാണ് ഇന്ത്യൻ വ്യവസായ പ്രമുഖർക്കൊപ്പം യുഎഇ സാമ്പത്തിക മന്ത്രി ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം ഉയർത്തിക്കാട്ടാനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.
Content Highlights: More than 60 Indian business leaders joined the Dubai 30x30 Fitness Challenge community run at Kite Beach, organised by the Indian Consulate in Dubai.