യുഎഇയിൽ സിക്ക് ലീവ് നടപടികൾ ഇനി ആശുപത്രികൾ തന്നെ ചെയ്യും; രോഗികൾക്ക് വൻ ആശ്വാസം

ഇതുവരെ രോഗികൾ നേരിട്ടായിരുന്നു സിക്ക് ലീവ് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനായി അപേക്ഷിക്കേണ്ടിയിരുന്നത്

യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ചികിത്സയിലുള്ള രോഗികൾക്ക് വലിയ ആശ്വാസമേകി സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിനും അംഗീകരിക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കി ആരോഗ്യ പ്രതിരോധ മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും വഴിയുള്ള സിക്ക് ലീവ് സാക്ഷ്യപ്പെടുത്തൽ പ്രക്രിയ കൂടുതൽ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

ഇതുവരെ രോഗികൾ നേരിട്ടായിരുന്നു സിക്ക് ലീവ് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനായി അപേക്ഷിക്കേണ്ടിയിരുന്നത്. എന്നാൽ പുതിയ പരിഷ്കാരത്തോടെ, ചികിത്സ നൽകിയ ആശുപത്രിയോ ഹെൽത്ത് കെയർ സെന്ററോ ആയിരിക്കും രോഗിക്കോ രോഗിയുടെ കൂടെനിൽക്കുന്ന ആൾക്കോ വേണ്ടി മന്ത്രാലയത്തിലേക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കുക. ആവശ്യമായ വ്യവസ്ഥകൾ പാലിക്കുന്ന അപേക്ഷകൾ പുതിയൊരു ഫോം സമർപ്പിക്കേണ്ട ആവശ്യമില്ലാതെ തന്നെ ഓട്ടോമാറ്റിക്കായി അപ്രൂവൽ സേവനത്തിലേക്ക് കൈമാറപ്പെടും.

സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തൽ, അവയ്ക്ക് അംഗീകാരം നൽകൽ തുടങ്ങി വെവ്വേറെ ഉണ്ടായിരുന്ന രണ്ട് സേവനങ്ങളെയാണ് മന്ത്രാലയം ഇപ്പോൾ ഒറ്റ ശൃംഖലയായി ബന്ധിപ്പിച്ചിരിക്കുന്നത്. അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ നാല് എമിറേറ്റുകളിലെ മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുന്ന രോഗികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഫെഡറൽ ഗവൺമെന്റിലെയും ഈ നാല് എമിറേറ്റുകളിലെ ലോക്കൽ ഗവൺമെന്റുകളിലെയും ജീവനക്കാർക്ക് ഇനി രണ്ടാമതൊരു അപേക്ഷ സമർപ്പിക്കേണ്ടതില്ല. കൂടാതെ, രോഗിക്കൊപ്പം നിൽക്കുന്ന കൂട്ടിരിപ്പുകാരുടെ അവധി സാക്ഷ്യപ്പെടുത്താനും ആശുപത്രികൾക്ക് നേരിട്ട് അപേക്ഷിക്കാം.

യുഎഇ സർക്കാരിന്റെ 'സീറോ ബ്യൂറോക്രസി' നയത്തിന്റെ ഭാഗമായാണ് സർക്കാർ സേവനങ്ങളിലെ അനാവശ്യ താമസം ഒഴിവാക്കാനും നടപടികൾ കൂടുതൽ എളുപ്പമാക്കാനും ലക്ഷ്യമിട്ട് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഉപഭോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കുന്നതോടൊപ്പം സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയും വേഗതയും വർദ്ധിപ്പിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് ആരോഗ്യ മന്ത്രാലയം സപ്പോർട്ട് സർവീസസ് സെക്ടർ ആക്ടിങ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അബ്ദുള്ള അഹ്‌ലി വ്യക്തമാക്കി.

Content Highlights: UAE hospitals and licensed healthcare facilities will now submit sick leave attestation requests directly to MoHAP, reducing paperwork for patients

To advertise here,contact us