ട്രാഫിക് നിയമങ്ങളിൽ വലിയ മാറ്റവുമായി യുഎഇ; ലൈസൻസ് പുതുക്കാതെ 10 വർഷം കഴിഞ്ഞവർ വീണ്ടും ടെസ്റ്റ് എഴുതണം

ലൈസൻസ് ആദ്യമായി എടുത്ത തീയതിയല്ല, മറിച്ച് ലൈസൻസിന്റെ കാലാവധി അവസാനിച്ച ശേഷമുള്ള സമയമാണ് 10 വർഷ പരിധിക്കായി കണക്കാക്കുന്നത്

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് നിയമങ്ങളിൽ നിർണ്ണായക മാറ്റം. കാലാവധി കഴിഞ്ഞ് 10 വർഷത്തിൽ അധികമായിട്ടും ലൈസൻസ് പുതുക്കാത്തവർ ഇനി മുതൽ തിയറിയും പ്രാക്ടിക്കലുമായ ഡ്രൈവിങ് ടെസ്റ്റുകൾ വീണ്ടും പാസ്സാകണമെന്ന് പുതിയ നിയമം. 2027 ജനുവരി ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. ഡ്രൈവർമാരുടെ കാര്യക്ഷമതയും റോഡ് സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിബന്ധന ഉൾപ്പെടുത്തിയിട്ടുള്ളത്.

ലൈസൻസ് ആദ്യമായി എടുത്ത തീയതിയല്ല, മറിച്ച് ലൈസൻസിന്റെ കാലാവധി അവസാനിച്ച ശേഷമുള്ള സമയമാണ് 10 വർഷ പരിധിക്കായി കണക്കാക്കുന്നത്. എന്നാൽ, ഇത്തരക്കാർ തുടക്കക്കാരെപ്പോലെ പൂർണ്ണമായ ഡ്രൈവിങ് കോഴ്സോ നിശ്ചിത മണിക്കൂർ പരിശീലനമോ വീണ്ടും പൂർത്തിയാക്കേണ്ടതില്ല. ലൈസൻസിങ് അതോറിറ്റി നിശ്ചയിക്കുന്ന മിനിമം തിയറി, പ്രാക്ടിക്കൽ പരീക്ഷണങ്ങളിൽ വിജയിച്ചാൽ മാത്രം മതിയാകും. ദുബായിൽ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി നിലവിൽ 10 വർഷത്തിലധികം പഴക്കമുള്ള ലൈസൻസുകൾക്ക് ഇവേഷൻ ടെസ്റ്റ് നടത്തുന്നുണ്ടെങ്കിലും, പുതിയ ഫെഡറൽ നിയമം രാജ്യത്തുടനീളം ഇതിന് വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നു.

ഇതോടൊപ്പം ഡ്രൈവിങ് പഠിക്കുന്നവർക്കുള്ള ലേണേഴ്സ് പെർമിറ്റിന്റെ കാലാവധി മുൻപത്തെ മൂന്ന് മാസത്തിൽ നിന്ന് പരമാവധി ആറ് മാസമായി ഉയർത്തിയിട്ടുണ്ട്. കൂടുതൽ സമയമെടുത്ത് ഡ്രൈവിങ് പഠിക്കാൻ ഇത് സഹായകരമാകും. ആവശ്യാനുസരണം ഈ പെർമിറ്റ് പുതുക്കാനും സാധിക്കും. ഡ്രൈവിങ് ഇൻസ്ട്രക്ടർമാർക്ക് കൃത്യമായ ലൈസൻസും അനുമതിയും ഉണ്ടായിരിക്കണം എന്നും, പരിശീലന സമയത്ത് വാഹനം ഓടിക്കുന്ന ആളും ഇൻസ്ട്രക്ടറും അല്ലാതെ മറ്റാരും വാഹനത്തിൽ ഉണ്ടാകരുതെന്നും നിയമം കർശനമാക്കുന്നു.

ജനവാസ മേഖലകളിലെ പ്രധാന റോഡുകളിലൂടെ വാഹനം ഓടിക്കാൻ ലേണർക്ക് അനുമതി നൽകണമെങ്കിൽ, ഡ്രൈവർക്ക് വാഹനത്തിന്മേൽ പൂർണ്ണ നിയന്ത്രണമുണ്ടെന്ന് ഇൻസ്ട്രക്ടർക്ക് ബോധ്യപ്പെടേണ്ടതുണ്ട്. 1997-ലെ പഴയ ഫെഡറൽ നിയമത്തിന് പകരമായി 2024-ലെ 14-ാം നമ്പർ ഫെഡറൽ ഓർഡിനൻസ് അടിസ്ഥാനമാക്കിയാണ് ഈ പുതിയ എക്സിക്യൂട്ടീവ് റെഗുലേഷൻസ് തയ്യാറാക്കിയിരിക്കുന്നത്.

Content Highlights: UAE drivers whose licences have expired for more than 10 years must pass theory and practical tests before renewal under new traffic rules from January 2027.

To advertise here,contact us