ദുബായിൽ അനധികൃതമായി പ്രവർത്തിച്ച 33 നഴ്സറികൾക്കെതിരെ നടപടി സ്വീകരിച്ച് അധികൃതർ. ലൈസൻസില്ലാതെ നഴ്സറികൾ നടത്തിയിരുന്ന 34 പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. താമസക്കെട്ടിടങ്ങൾ ഉൾപ്പെടെ കുട്ടികളെ പരിപാലിക്കാൻ ആവശ്യമായ സൗകര്യങ്ങളില്ലാത്ത വിവിധ ഇടങ്ങളിലാണ് നഴ്സറികൾ പ്രവർത്തിച്ചിരുന്നത്.
അടിസ്ഥാന ശുചിത്വം, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പാലിക്കാതെയാണ് സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇത് കുട്ടികളെ അവഗണനയ്ക്കും ദുരുപയോഗത്തിനും ഇരയാകാനുള്ള സാഹചര്യമുണ്ടാക്കിയെന്നും അധികൃതർ അറിയിച്ചു.
കുറഞ്ഞ നിരക്കിൽ ശിശുപരിപാലനം വാഗ്ദാനം ചെയ്ത് കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കുട്ടികളെ പരിപാലിക്കുന്നതിനാവശ്യമായ ഔദ്യോഗിക ലൈസൻസോ ബന്ധപ്പെട്ട അധികൃതരുടെ മേൽനോട്ടമോ ഇവയ്ക്കുണ്ടായിരുന്നില്ല.
ദുബായുടെ വിവിധ ഭാഗങ്ങളിൽ അനധികൃത നഴ്സറികൾ പ്രവർത്തിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. തുടർന്ന് ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിലാണ് സ്ഥാപനങ്ങൾ കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ചിലർ താമസത്തിനായി ഉപയോഗിക്കുന്ന കെട്ടിടങ്ങൾ കുട്ടികളെ പരിപാലിക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റിയതായും കണ്ടെത്തി. ദുബായ് പൊലീസിന് പുറമെ ദുബായ് മുനിസിപ്പാലിറ്റി, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി, ദുബായ് സാമ്പത്തിക-ടൂറിസം വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധനകളും അന്വേഷണവും നടത്തിയത്.
കുറഞ്ഞ ഫീസ് വാഗ്ദാനം ചെയ്യുന്നതിന്റെ പേരിൽ മാത്രം കുട്ടികളെ നഴ്സറികളിൽ ചേർക്കരുതെന്ന് ദുബായ് പൊലീസ് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. കുട്ടികളെ ചേർക്കുന്നതിന് മുമ്പ് സ്ഥാപനത്തിന് ഔദ്യോഗിക ലൈസൻസുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചു. കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകണമെന്നും അധികൃതർ ഓർമിപ്പിച്ചു. ദുബായിൽ അനധികൃത ശിശുപരിപാലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിലോ ദുബായ് പൊലീസിന്റെ വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവ വഴിയോ വിവരം അറിയിക്കാമെന്നും പൊലീസ് വ്യക്തമാക്കി.
Content Highlights: Dubai Police has taken action against 33 nurseries found operating without the required licences.