ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ 45-ാമത് പതിപ്പിന് നവംബർ നാല് ബുധനാഴ്ച തുടക്കമാകും. നവംബർ 15 വരെ 12 ദിവസം നീളുന്ന മേള എക്സ്പോ സെന്റർ ഷാർജയിലാണ് നടക്കുന്നത്. ‘മെയ്ഡ് ഓഫ് സ്റ്റോറീസ്’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മേളയിൽ 124 രാജ്യങ്ങളിൽനിന്നായി 2,673 പ്രസാധകരും പ്രദർശകരും പങ്കെടുക്കും.
25 രാജ്യങ്ങളിൽനിന്നുള്ള 106 എഴുത്തുകാർ, കലാകാരന്മാർ, ബുദ്ധിജീവികൾ എന്നിവരും എത്തും. സാംസ്കാരിക, സർഗാത്മക, കലാപരിപാടികളിലായി 1,500-ത്തിലധികം പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്. പൊതുസന്ദർശകർക്ക് മുൻകൂർ രജിസ്ട്രേഷൻ ആവശ്യമില്ലെങ്കിലും ചില ശിൽപശാലകൾക്കും പ്രത്യേക സെഷനുകൾക്കും രജിസ്ട്രേഷൻ വേണ്ടിവരും.
ഈ വർഷത്തെ അതിഥി രാജ്യമായി ഒമാനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 41 എഴുത്തുകാരും കവികളും ഉൾപ്പെടെ 50 അംഗ സംഘമാണ് ഒമാനിൽനിന്ന് പങ്കെടുക്കുന്നത്. 15 സാംസ്കാരിക സെഷനുകൾ, കുട്ടികൾക്കായി ആറ് ശിൽപശാലകൾ, 20 കലാപരിപാടികൾ എന്നിവയും ഒമാന്റെ നേതൃത്വത്തിൽ നടക്കും. കുടുംബങ്ങൾക്കും കുട്ടികൾക്കുമായി അനേകം ആഘോഷങ്ങളും ഈ വർഷം ഒരുങ്ങുന്നുണ്ട്. വിവിധ തൊഴിൽ മേഖലകൾ പരിചയപ്പെടാൻ കുട്ടികൾക്ക് അവസരമൊരുക്കുന്ന ഫ്യൂച്ചർ ഹാൻഡ് ഡിസ്ട്രിക്റ്റും (Future Hands District).
സന്ദർശകർക്ക് സ്വന്തം അനുഭവങ്ങൾ പങ്കുവെച്ച് അറബിയിലോ ഇംഗ്ലീഷിലോ കവിതയാക്കി മാറ്റാവുന്ന പോയറ്റ്സ് കോർണറും (Poets' Corner) ഒരുക്കുന്നുണ്ട്. കൂടാതെ നവംബർ 7-ന് ‘വെൻ മെമ്മറീസ് സിങ്’ (When Memories Sing) , നവംബർ 8-ന് ‘ഇംപോസിബിൾ ഓർ സയൻസ്?!’ (Impossible or Science?!), നവംബർ 14, 15 തീയതികളിൽ ‘വാട്ടർലാൻഡ്’ (Waterland) എന്നീ സ്റ്റേജ് പരിപാടികളും നടക്കും. ഇവയ്ക്ക് മുൻകൂർ ബുക്കിങ് ആവശ്യമാണ്.
നവംബർ 7 മുതൽ 10 വരെ നടക്കുന്ന അഞ്ചാമത് ത്രില്ലർ ഫെസ്റ്റിവലിൽ (Thriller Festival) 12-ലധികം ക്രൈം ഫിക്ഷൻ വിദഗ്ധരും എഴുത്തുകാരും പങ്കെടുക്കും. നെെജീരിയൻ എഴുത്തുകാരി Nnedi Okorafor, ചെെനീസ് നോവലിസ്റ്റ് Liu Zhenyun, ഇന്ത്യൻ നടിയും എഴുത്തുകാരിയുമായ Shenaz Treasurywala, ഫിലിപ്പീൻ ചരിത്രകാരൻ Ambeth R. Ocampo തുടങ്ങി അന്താരാഷ്ട്ര അതിഥികളും പങ്കെടുക്കും. കൂടാതെ പാചകപ്രദർശനങ്ങൾ, എഴുത്ത് ശിൽപശാലകൾ, അഭിനയ പരിശീലനവുമുണ്ട്.
Content Highlights: The 45th Sharjah International Book Fair begins on November 4 at Expo Centre Sharjah, bringing together publishers, authors and book lovers for 12 days.