യുഎഇയിലെ ആദ്യ ദേശീയ സർവകലാശാലയ്ക്ക് 50 വയസ്

1977ൽ 502 വിദ്യാർഥികളുമായാണ് സർവകലാശാലയുടെ ആദ്യ അധ്യയന വർഷം ആരംഭിച്ചത്

യുഎഇയിലെ ആദ്യത്തെയും ഏറ്റവും പഴക്കമേറിയതുമായ ദേശീയ സർവകലാശാലയായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി (UAEU) സ്ഥാപിതമായിട്ട് 50 വർഷം. 1976ൽ രാഷ്ട്രപിതാവ്, അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനാണ് സർവകലാശാല സ്ഥാപിച്ചത്. രാജ്യത്തെ യുവപ്രതിഭകളെ വളർത്തുക, ഉന്നതവിദ്യാഭ്യാസം കൂടുതൽ പേർക്ക് ലഭ്യമാക്കുക, രാജ്യത്തിന്റെ വികസനത്തിൽ പങ്കാളികളാകുന്ന ബിരുദധാരികളെ വാർത്തെടുക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ.

1977ൽ 502 വിദ്യാർഥികളുമായാണ് സർവകലാശാലയുടെ ആദ്യ അധ്യയന വർഷം ആരംഭിച്ചത്. ആർട്സ്, സയൻസ്, എജ്യുക്കേഷൻ, അഡ്മിനിസ്ട്രേറ്റീവ് ആൻഡ് പൊളിറ്റിക്കൽ സയൻസ് എന്നീ നാല് ഫാക്കൽറ്റികളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. 1978ൽ ശരിയത്ത് ആൻഡ് ലോ (sharia and law) വിഭാഗവും 1980ൽ അഗ്രികൾച്ചറൽ സയൻസസ്, എൻജിനീയറിങ് വിഭാഗങ്ങളും ആരംഭിച്ചു. 1986ൽ കോളേജ് ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസും പ്രവർത്തനം തുടങ്ങി. 1981ൽ ആദ്യ ബിരുദ ബാച്ച് പഠനം പൂർത്തിയാക്കി. 192 പുരുഷന്മാരും 50 സ്ത്രീകളും ഉൾപ്പെടെ 242 പേരായിരുന്നു ആദ്യ ബിരുദധാരികൾ.

അഞ്ച് പതിറ്റാണ്ടിനിടെ വിവിധ പഠനമേഖലകളിലായി സർവകലാശാല വലിയ വളർച്ച നേടി. 2025ലെ രണ്ടാം സെമസ്റ്ററിൽ 17,722 വിദ്യാർഥികളാണ് ഇവിടെ പഠിച്ചിരുന്നത്. ഇതിൽ 16,240 പേർ ബിരുദ വിദ്യാർഥികളും 1,482 പേർ ബിരുദാനന്തര ബിരുദ വിദ്യാർഥികളുമാണ്. അൽ ഐനിലെ വിപുലമായ ക്യാമ്പസ് ഏകദേശം 80 ഹെക്ടർ വിസ്തൃതിയിലാണ് വ്യാപിച്ചുകിടക്കുന്നത്. ആധുനിക ക്ലാസ് മുറികൾ, പ്രത്യേക ലബോറട്ടറികൾ, ഗവേഷണ കേന്ദ്രങ്ങൾ, നൂതന വിവരസാങ്കേതിക സൗകര്യങ്ങൾ എന്നിവയും ക്യാമ്പസിലുണ്ട്. 1991ൽ പരിസ്ഥിതി ശാസ്ത്രത്തിൽ ആദ്യ മാസ്റ്റേഴ്സ് പ്രോഗ്രാം ആരംഭിച്ച സർവകലാശാല, 2009ൽ ആദ്യ പിഎച്ച്ഡി പ്രോഗ്രാമും അവതരിപ്പിച്ചു.

മെഡിസിൻ, എൻജിനീയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സുസ്ഥിര വികസനം തുടങ്ങി വിവിധ മേഖലകളിലാണ് സർവകലാശാലയുടെ ഗവേഷണ പ്രവർത്തനങ്ങൾ. 2026 ജൂലൈയിലെ കണക്കുകൾ പ്രകാരം, മുൻ അഞ്ച് വർഷത്തിനിടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട 1,000ത്തിലധികം ഗവേഷണ പ്രബന്ധങ്ങൾ സർവകലാശാല പ്രസിദ്ധീകരിച്ചു. എഐ, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകളിൽ 2,200ലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 400ലധികം പേറ്റന്റുകളും സർവകലാശാലയ്ക്ക് ലഭിച്ചിട്ടുണ്ട്. 502 വിദ്യാർഥികളുമായി ആരംഭിച്ച സ്ഥാപനം ഇന്ന് ഒൻപത് കോളേജുകളുള്ള ഗവേഷണ-വിദ്യാഭ്യാസ കേന്ദ്രമായി വളർന്നത് യുഎഇയുടെ വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തിന്റെയും പുരോഗതിയുടെയും ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: United Arab Emirates University, the UAE’s first national university, marks its 50th anniversary, celebrating five decades of education and academic excellence.

To advertise here,contact us