യുഎഇയിൽ വാഹനമോടിക്കുന്നവർ ഓവർടേക്ക് ചെയ്യുമ്പോൾ പാലിക്കേണ്ട നിയങ്ങളും അതിന് അനുമതിയില്ലാത്ത സാഹചര്യങ്ങളും വിശദീകരിച്ച് പുതിയ ട്രാഫിക് നിയമം. യുഎഇയിലെ പുതുക്കിയ ട്രാഫിക് ചട്ടങ്ങളുടെ ഭാഗമായ വ്യവസ്ഥകൾ 2027 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും. എക്സിക്യൂട്ടീവ് ട്രാഫിക് റെഗുലേഷനിലെ ആർട്ടിക്കിൾ 20, 21 എന്നിവയിലാണ് ഇവ വ്യക്തമാക്കുന്നത്.
ആർട്ടിക്കിൾ 20 പ്രകാരം മുന്നിലുള്ള വാഹനത്തെ സാധാരണയായി ഇടതുവശത്തുകൂടിയാണ് ഓവർടേക്ക് ചെയ്യേണ്ടത്. എന്നാൽ മുന്നിലുള്ള വാഹനം മറ്റൊരു റോഡിലേക്ക് തിരിയുന്നതിനായി ഇടതുവശത്തേക്ക് നീങ്ങിയിട്ടുണ്ടെങ്കിൽ ചില നിബന്ധനകളോടെ വലതുവശത്തുകൂടി മറികടക്കാം. ഡ്രെെവർ ഇടത് വശത്തേക്ക് മാറി മറ്റൊരു റോഡിലേക്ക് കയറുക, ഡ്രൈവർ ആവശ്യമായ ഇൻഡിക്കേറ്റർ നൽകുക, അപകടസാധ്യതയില്ലാതെ മറികടക്കാൻ ആവശ്യമായ സ്ഥലം ഉണ്ടായിരിക്കുക എന്നിവയാണ്. എന്നാൽ ഇവ പ്രത്യേക സാഹചര്യത്തിൽ മാത്രം അനുവദിക്കുന്ന ഇളവുകളാണ്. സാധാരണയായി വലതുവശത്തുകൂടി ഓവർടേക്ക് ചെയ്യാൻ അനുമതിയില്ല. ഓവർടേക്ക് പൂർത്തിയാക്കിയാൽ പിന്നിലുള്ള വാഹനത്തിന് തടസ്സമോ ബുദ്ധിമുട്ടോ ഉണ്ടാക്കാതെ വലതുവശത്തെ ലെയിനിലേക്ക് നീങ്ങണമെന്നാണ് നിയമം. എന്നാൽ മറ്റൊരു വാഹനത്തെ കൂടി മറികടക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഓവർടേക്കിങ് ലെയിനിൽ തുടരാം. പിന്നിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കരുതെന്നാണ് പ്രധാന നിബന്ധന.
ആർട്ടിക്കിൾ 21 പ്രകാരം ആറ് സാഹചര്യങ്ങളിൽ ഓവർടേക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. മുന്നിലോ ചുറ്റുപാടുകളിലോ വ്യക്തമായ കാഴ്ച ലഭിക്കാത്ത സാഹചര്യം (Poor visibility), സുരക്ഷിതമായി ഓവർടേക്ക് പൂർത്തിയാക്കാൻ കഴിയാത്തവിധം എതിർദിശയിൽ വാഹനങ്ങൾ വരുന്ന സാഹചര്യം (oncoming traffic), ജങ്ഷനുകൾ, റൗണ്ട് എബൗട്ടുകൾ, ട്രാഫിക് സ്ക്വയറുകൾ (intersections and roundabouts), ഗതാഗത തടസ്സം മൂലമോ സിഗ്നൽ ലഭിച്ചതിനാലോ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുമ്പോൾ (stopped traffic) , അപകടസാധ്യതകളുള്ള റോഡുകളും സാഹചര്യങ്ങളും (dangeyous road conditions), ഓവർടേക്ക് നിരോധനം ഉള്ള സ്ഥലങ്ങൾ (No-overtaking zones) എന്നിവയാണ് അവ.
കൂടാതെ ഓവർടേക്ക് ചെയ്യുന്നതിന് മുമ്പ് റോഡിൽ വ്യക്തമായ കാഴ്ചയുണ്ടെന്ന് (clear visibility) ഡ്രൈവർ ഉറപ്പാക്കണം. എതിർദിശയിൽനിന്ന് വാഹനങ്ങളോ മറ്റ് തടസ്സങ്ങളോ വരുന്നില്ലെന്നും പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന ലെയിനിൽ മറ്റൊരു വാഹനം വരില്ലെന്ന് പരിശോധിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യണം. മുന്നിലുള്ള വാഹനം മുന്നറിയിപ്പ് നൽകുകയോ ഓവർടേക്ക് ചെയ്യാനുള്ള സൂചന നൽകുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതും പരിഗണിക്കണം. വാഹനങ്ങൾ തമ്മിലുള്ള സ്പീഡും സുരക്ഷയും ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഓവർടേക്ക് ചെയ്യാൻ പാടുള്ളു.
Content Highlights: UAE authorities have announced updated traffic regulations for 2027, clarifying when motorists can safely and legally overtake other vehicles.