ദുബായ് സന്ദർശനം കൂടുതൽ എളുപ്പമാകും; വിസ അപേക്ഷകളും ടൂറിസം സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ

വിനോദസഞ്ചാരികൾക്ക് ദുബായുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും നഗരത്തിലേക്ക് വീണ്ടും എത്തുന്നതിനെ കൂടുതൽ ആകർഷകമാക്കാനും ഇതിലൂടെ സാധിക്കും.

ദുബായിയെ ലോകത്തിലെ മികച്ച മൂന്ന് വിനോദസഞ്ചാര-വ്യാപാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നിർണായക പ്രഖ്യാപനങ്ങളുമായി ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സന്ദർശകർക്ക് കൂടുതൽ എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കാനും മികച്ച അനുഭവം സമ്മാനിക്കാനുമായി ലോകത്തിലെ ആദ്യത്തെ സിറ്റി-വൈഡ് ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്‌സസ് ക്ലബ്' ഉൾപ്പെടെയുള്ള പ്രമുഖ പദ്ധതികൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.

ദുബായ് വീണ്ടും സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കായി മാത്രം പരിചയപ്പെടുത്തുന്ന പ്രത്യേക അംഗത്വ പദ്ധതിയാണ് 'ദുബായ് ആക്‌സസ് ക്ലബ്' (Dubai Access Club). ക്ഷണിക്കപ്പെടുന്നവർക്ക് മാത്രം പ്രവേശനം ലഭിക്കുന്ന ഈ പ്രോഗ്രാമിലൂടെ സന്ദർശകർക്ക് സവിശേഷമായ ആനുകൂല്യങ്ങളും മുൻഗണനാ സേവനങ്ങളും ആസ്വദിക്കാനാകും. വിനോദസഞ്ചാരികൾക്ക് ദുബായുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും നഗരത്തിലേക്ക് വീണ്ടും എത്തുന്നതിനെ കൂടുതൽ ആകർഷകമാക്കാനും ഇതിലൂടെ സാധിക്കും.

ഇതോടൊപ്പം ഔദ്യോഗിക ടൂറിസം വെബ്‌സൈറ്റായ 'വിസിറ്റ് ദുബായ്' (Visit Dubai) വഴി ഇനി വിസിറ്റ് വിസകൾക്ക് നേരിട്ട് അപേക്ഷിക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ഷെയേർഡ് ഡിജിറ്റൽ ചാനൽസ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് വിസ സേവനങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ വിസിറ്റ് ദുബായ് പ്ലാറ്റ്‌ഫോമിലേക്ക് ഏകോപിപ്പിക്കുന്നത്. സിംഗിൾ-എൻട്രി, മൾട്ടിപ്പിൾ-എൻട്രി വിസിറ്റ് വിസകൾക്ക് ഈ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഭാവിയിൽ കൂടുതൽ വിസാ കാറ്റഗറികൾ ഇതിൽ ലഭ്യമാക്കും. വിസ അപേക്ഷകൾ പരിശോധിക്കുന്നതും അനുവദിക്കുന്നതും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) തന്നെയായിരിക്കും. കൂടുതൽ വിശദാംശങ്ങൾ വൈകാതെ പുറത്തുവിടും.

സന്ദർശകരുടെ യാത്രയുടെ ഓരോ ഘട്ടത്തിലും സഹായകരമാകുന്ന രീതിയിലാണ് വിസിറ്റ് ദുബായ് പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിവിധ കേന്ദ്രങ്ങൾ കണ്ടെത്തുന്നത് മുതൽ ടിക്കറ്റ് ബുക്കിംഗ്, ഇവന്റുകൾ പരിശോധിക്കൽ, യാത്രാ പദ്ധതികൾ തയ്യാറാക്കൽ എന്നിവയെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ സാധ്യമാകും. ഒന്നിലധികം വെബ്‌സൈറ്റുകളോ ആപ്പുകളോ ഉപയോഗിക്കാതെ തന്നെ ആവശ്യമായ എല്ലാ സേവനങ്ങളും ഇനി വിനോദസഞ്ചാരികൾക്ക് ഒരിടത്ത് നിന്ന് ലഭ്യമാകും.

Content Highlights:

To advertise here,contact us