മൂന്ന് മാസത്തെ തുടർച്ചയായ വിലവർധനവിന് ശേഷം യുഎഇയിൽ ഇന്ധനവില കുറഞ്ഞു. നവംബർ മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില അധികൃതർ പ്രഖ്യാപിച്ചു. വിലക്കുറവ് പ്രവാസികളുടെ പ്രതിമാസ ചെലവുകൾക്കും വാഹനയാത്രക്കാർക്കും ആശ്വാസമാകും. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മാസങ്ങളായി ഇന്ധനവില ഉയർന്ന നിലയിലായിരുന്നു.
ഫെബ്രുവരി 28ന് പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം യുഎഇയിലെ റീട്ടെയിൽ ഇന്ധനവിലയിൽ 60 ശതമാനത്തിലധികം വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലാണ് ഇതിന് മുൻപ് ഇന്ധനവിലയിൽ കുറവുണ്ടായത്. എന്നാൽ ഓഗസ്റ്റ് മുതൽ തുടർച്ചയായി വില ഉയരുകയായിരുന്നു. മൂന്ന് മാസത്തെ വർധനവിന് ശേഷമാണ് നവംബറിൽ വീണ്ടും വില കുറഞ്ഞിരിക്കുന്നത്.
പുതിയ നിരക്കുകൾ പ്രകാരം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.40 ദിർഹമായിരുന്ന വില 4.16 ദിർഹമായി കുറഞ്ഞു. സ്പെഷ്യൽ 95 പെട്രോളിന് 4.28 ദിർഹത്തിൽ നിന്ന് 4.05 ദിർഹമായും ഇ-പ്ലസ് 91 പെട്രോളിന് 4.21 ദിർഹത്തിൽ നിന്ന് 3.97 ദിർഹമായും വില കുറഞ്ഞു. ഡീസൽ വില ലിറ്ററിന് 4.80 ദിർഹത്തിൽ നിന്ന് 4.75 ദിർഹമായാണ് താഴ്ന്നത്.
Content Highlights: UAE fuel prices have decreased after three consecutive months of increases, offering relief to motorists and expatriates.