ദുബായ് റൈഡ്: നവംബർ ഒന്നിന് പുലർച്ചെ മൂന്ന് മുതൽ മെട്രോ സർവീസ്

ഇത് മത്സരയോട്ടമല്ലെന്നും പങ്കെടുക്കുന്നവർ മണിക്കൂറിൽ 25 കിലോമീറ്റർ എന്ന വേഗപരിധി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാ​ഗമായി സംഘടിപ്പിക്കുന്ന ദുബായ് റെെഡിനോടനുബന്ധിച്ച് നവംബർ ഒന്നിന് മെട്രോ സർവീസ് പുലർച്ചെ മൂന്ന് മണി മുതൽ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. യാത്രക്കാർ നോൾ കാർഡിൽ കുറഞ്ഞത് 30 ദിർഹം ബാലൻസ് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പത്താമത് പതിപ്പിന് തുടക്കം കുറിക്കുന്ന പ്രധാന പരിപാടിയാണ് ദുബായ് റെെഡ്. ഒക്ടോബർ 31 മുതൽ നവംബർ 29 വരെയാണ് ഈ വർഷത്തെ ഫിറ്റ്നസ് ചലഞ്ച് നടക്കുന്നത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് 2017 ൽ ദുബായ് ഫിറ്റ്നസ് ചലഞ്ചിന് തുടക്കം കുറിച്ചത്. 30 ദിവസം തുടർച്ചയായി ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യാൻ താമസക്കാരെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഒൻപത് പതിപ്പുകളിലായി 1.6 കോടിയിലധികം പേർ ചലഞ്ചിന്റെ ഭാ​ഗമായി മാറിയിട്ടുണ്ട്.

മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, സത്വ, കൊക്കകോള അരീന, ബിസിനസ് ബേ, ലോവർ ഫിനാൻഷ്യൽ സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിന്നാണ് റെെഡ് ആരംഭിക്കുക. സൗജന്യമായി പങ്കെടുക്കാവുന്ന ദുബായ് റെെഡിൽ 12 കിലോമീറ്റർ ഷെയ്ഖ് സായിദ് റോഡ് റൂട്ട്, 4 കിലോമീറ്റർ ഡൗൺടൗൺ ഫാമിലി റൂട്ട് എന്നീ രണ്ട് പ്രധാന റൂട്ടുകളാണ് ഉള്ളത്. ഇതിൽ പരിചയസമ്പന്നരായ സെെക്കിൾ യാത്രക്കാർക്കായി ഒരുക്കിയതാണ് 12 കിലോമീറ്റർ ദെെർഘ്യമുള്ള ഷെയ്ഖ് സായിദ് റോഡ് റൂട്ട്. മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബായ് വാട്ടർ കനാൽ, ബുർജ് ഖലീഫ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോകും.

കുടുംബങ്ങൾക്കും കുട്ടികൾക്കും തുടക്കക്കാർക്കും അനുയോജ്യമായ രീതിയിലാണ് നാല് കിലോമീറ്റർ ദൈർഘ്യമുള്ള ഡൗൺ റൂട്ട് ഒരുക്കിയിരിക്കുന്നത്. ദുബായ് മാൾ, ദുബായ് ഒപ്പേറ, ബുർജ് ഖലീഫ എന്നിവയ്ക്ക് ചുറ്റുമുള്ള നിരപ്പായ പാതയിലൂടെയാണ് സൈക്കിൾ സവാരി. ഇത് മത്സരയോട്ടമല്ലെന്നും പങ്കെടുക്കുന്നവർ മണിക്കൂറിൽ 25 കിലോമീറ്റർ എന്ന വേഗപരിധി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Content Highlights: Dubai Metro services will start at 3am on November 1 to support participants in the Dubai Ride challenge.

To advertise here,contact us