ബന്ധുക്കൾ തമ്മിൽ തർക്കം; പ്രവാസി മലയാളിയുടെ മൃതദേഹം ഒന്നര വർഷമായി യുഎഇയിൽ, ഒടുവില്‍ വിധി പറഞ്ഞ് ഹൈക്കോടതി

മൃതദേഹം നാട്ടിലെത്തിച്ച് കുടുംബക്കല്ലറയിൽ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരിയുടെ മകൾ കൊല്ലം സ്വദേശിനി മേരി വിക്ടോറിയയാണ് ഹൈക്കോടതിയെ സമീപിച്ചത്

ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒന്നര വർഷമായി അജ്മാനിലെ ഫൊറൻസിക് ലബോറട്ടറിയിൽ സൂക്ഷിച്ചിരുന്ന പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. കൊല്ലം ശാസ്താംകോട്ട സ്വദേശി റോബർട്ട് ഫ്രാൻസിസ് സഹായന്റെ (71) മൃതദേഹമാണ് 2025 മാർച്ച് മുതൽ ലബോറട്ടറിയിൽ സൂക്ഷിച്ചിരിക്കുന്നത്.

ശാസ്താംകോട്ട സെന്റ് ആൻഡ്രൂസ് പള്ളിയിലെ കുടുംബക്കല്ലറയിൽ മതാചാരപ്രകാരം മൃതദേഹം സംസ്കരിക്കാനാണ് ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ ഉത്തരവിട്ടത്. സംസ്കാരച്ചടങ്ങുകൾ തടസ്സമില്ലാതെ നടത്താൻ പൊലീസ് സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചു. 2025 മാർച്ച് 26നാണ് റോബർട്ട് യുഎഇയിൽ മരിച്ചത്. തുടർന്ന് മൃതദേഹം എവിടെ സംസ്കരിക്കണമെന്നതിനെച്ചൊല്ലി ബന്ധുക്കൾക്കിടയിൽ തർക്കം ഉടലെടുക്കുകയായിരുന്നു.

മൃതദേഹം നാട്ടിലെത്തിച്ച് കുടുംബക്കല്ലറയിൽ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരിയുടെ മകൾ കൊല്ലം സ്വദേശിനി മേരി വിക്ടോറിയയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കണമെന്നായിരുന്നു അനന്തരവനായ ജോൺസൺ ഫിലിപ്സിന്റെ ആവശ്യം. തർക്കം നിലനിന്നിരുന്നതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ കോടതിയിൽ വിഷയം പരിഗണിച്ചപ്പോൾ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ എതിർപ്പില്ലെന്ന് ഇരുവരും വ്യക്തമാക്കി. ഇതേതുടർന്ന് ഒക്ടോബർ 22ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

സംസ്കാരവുമായി ബന്ധപ്പെട്ട് വീണ്ടും തർക്കങ്ങൾ ഉണ്ടാകാതിരിക്കാനും മതാചാരപ്രകാരമുള്ള ചടങ്ങുകൾ ഉറപ്പാക്കാനുമായി കോടതി കൂടുതൽ നിർദേശങ്ങൾ നൽകി. വിദേശകാര്യ മന്ത്രാലയവും ദുബായ് ഇന്ത്യൻ കോൺസുലേറ്റും ഏകോപിപ്പിച്ച് മൃതദേഹം നാട്ടിലെത്തിക്കണം. മൃതദേഹം ഏറ്റുവാങ്ങി നാല് ദിവസത്തിനകം സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. സംസ്കാരച്ചടങ്ങിൽ അനന്തരവനായ ജോൺസൺ ഫിലിപ്പിനും പങ്കെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Content Highlights: Kerala High Court has directed the return of Kollam native Robert Francis Sahayan’s body from Ajman, UAE, following a family disagreement over the burial arrangements.

To advertise here,contact us