700 ഡ്രോണുകളുടെ ആകാശ വിസ്മയക്കാഴ്ച; യുഎഇ പതാക ദിനം ആഘോഷിക്കാൻ ​ഗ്ലോബൽ വില്ലേജ്

ഗ്ലോബൽ വില്ലേജിലുടനീളം യുഎഇ പതാകകൾ സ്ഥാപിക്കുകയും പ്രധാന കെട്ടിടങ്ങളും ലാൻഡ്‌മാർക്കുകളും ദേശീയ പതാകയിലെ നിറങ്ങളിൽ പ്രകാശിപ്പിക്കും

യുഎഇ പതാകദിനത്തോടനുബന്ധിച്ച് ദുബായ് ഗ്ലോബൽ വില്ലേജിൽ പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിക്കുന്നു. നവംബർ മൂന്ന് ചൊവ്വാഴ്ച രാത്രി എട്ട് മണിക്കാണ് വർണാഭമായ ആകാശക്കാഴ്ച ഒരുക്കുന്നത്. രാജ്യത്തിന്റെ ഐക്യവും അഭിമാനവും ദേശീയ സ്വത്വവും ആഘോഷിക്കുന്ന പരിപാടിയിൽ 700 പ്രകാശിക്കുന്ന ഡ്രോണുകൾ അണിനിരക്കുമെന്ന് അധികൃതർ പറഞ്ഞു. യുഎഇ പതാകയിലെ ചുവപ്പ്, പച്ച, വെള്ള, കറുപ്പ് നിറങ്ങളിൽ ആകാശത്ത് വിവിധ രൂപങ്ങൾ സൃഷ്ടിച്ചായിരിക്കും ഡ്രോണുകളുടെ പ്രദർശനം.

വൈകുന്നേരത്തെ ആഘോഷങ്ങളിലെ പ്രധാന ആകർഷണമായിരിക്കും ഈ ഡ്രോൺ ഷോ. കുടുംബങ്ങൾക്കും സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കും. ഗ്ലോബൽ വില്ലേജിലുടനീളം യുഎഇ പതാകകൾ സ്ഥാപിക്കും. പ്രധാന കെട്ടിടങ്ങളും ലാൻഡ്‌മാർക്കുകളും ദേശീയ പതാകയിലെ നിറങ്ങളിൽ പ്രകാശിപ്പിക്കും. ആഘോഷങ്ങളിൽ പങ്കുചേരുന്നതിനായി പ്രവേശന സമയത്ത് സന്ദർശകർക്ക് യുഎഇ പതാകകളും വിതരണം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.

യുഎഇയുടെ പരമ്പരാഗത സംസ്കാരവും പൈതൃകവും അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് എമിറാത്തി പവിലിയൻ സന്ദർശിക്കാം. പരമ്പരാഗത കരകൗശല ഉൽപ്പന്നങ്ങൾ, പ്രാദേശിക വസ്തുക്കൾ, എമിറാത്തി വിഭവങ്ങൾ എന്നിവ ഇവിടെ ലഭ്യമാകും. ഷോപ്പിങ്ങിനും പ്രാദേശിക രുചികൾ ആസ്വദിക്കാനും രാജ്യത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് കൂടുതൽ അറിയാനും പവിലിയൻ അവസരമൊരുക്കും.

കൂടാതെ ഗ്ലോബൽ വില്ലേജിലെ വിവിധ രാജ്യങ്ങളുടെ ഷോപ്പിങ്, ഭക്ഷണശാലകൾ എന്നിവയും സന്ദർശകർക്ക് ആസ്വദിക്കാനും മറ്റുമുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, പ്രവേശന കവാടങ്ങളിലെ ടിക്കറ്റ് കൗണ്ടറുകൾ എന്നിവ വഴി ടിക്കറ്റുകൾ ലഭിക്കും. കൂടുതൽ വിവരങ്ങളും അറിയിപ്പുകളും globalvillage.ae എന്ന വെബ്സൈറ്റിലൂടെയും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയും അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: Dubai’s Global Village will celebrate UAE Flag Day with a special aerial display featuring 700 drones, creating a spectacular tribute to the national flag.

To advertise here,contact us