നവംബർ മാസത്തിൽ ദുബായ് 20 പ്രധാന ഗ്ലോബൽ എക്സിബിഷനുകൾക്കും മറ്റ് പരിപാടികൾക്കും ആതിഥേയത്വം വഹിക്കും. ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC) ആണ് ഇത് സംഘടിപ്പിക്കുന്നത്. ദുബായ് എക്സ്പോ സിറ്റിയിലെ ഡിഡബ്യൂടിസി, ദുബായ് എക്സിബിൽൻ സെന്റർ എന്നിങ്ങനെ രണ്ട് വേദികളിലാണ് പരിപാടി നടക്കുന്നത്.
ഭക്ഷ്യ-പാനീയ മേഖല, നിർമാണം, വാഹന വ്യവസായം, വിദ്യാഭ്യാസം, പൊലീസ്, സുരക്ഷ, കല, ഫിറ്റ്നസ്, സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിലെ കമ്പനികളെയും വിദഗ്ധരെയും പ്രൊഫഷണലുകളെയും പരിപാടിയിൽ ഒരുമിച്ചുകൊണ്ടുവരും. ഗൾഫുഡ് മാനുഫാക്ചറിങ് (gulfood manufacturing), ഓട്ടോമെക്കാനിക്ക ദുബായ്, വേൾഡ് പൊലീസ് സമ്മിറ്റ്, വേൾഡ് ആർട്ട് ദുബായ്, ബിഗ് 5 ഗ്ലോബൽ (big 5 global), ഹൈറോക്സ് ദുബായ് എന്നിവയാണ് നവംബറിൽ നടക്കുന്ന പ്രധാന പരിപാടികൾ.
നവംബർ മൂന്ന് മുതൽ അഞ്ച് വരെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. ഇതിന്റെ ഭാഗമായി 19-ാമത് ഐഎസ്എം മിഡിൽ ഈസ്റ്റ് പ്രദർശനവും നടക്കും. സുസ്ഥിര വികസനം, ധാർമികമായ ഉൽപ്പന്ന സംഭരണം, മാലിന്യ നിർമാർജനം, പരിസ്ഥിതി സൗഹൃദ പാക്കേജിങ്ങിലെ നൂതന രീതികൾ തുടങ്ങിയ വിഷയങ്ങളിൽ 120-ലധികം വിദഗ്ധ പ്രഭാഷണങ്ങളും ചർച്ചകളും ഇത്തവണത്തെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത് കൂടാതെ പ്രൈവറ്റ് ലേബൽ മിഡിൽ ഈസ്റ്റ് പ്രദർശനവും ഈ ദിവസങ്ങളിൽ നടക്കും. 50 രാജ്യങ്ങളിൽ നിന്നായി 600-ലധികം ബ്രാൻഡുകളും 200 നിർമാതാക്കളും ഇതിൽ പങ്കെടുക്കും. 8,000-ത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കളുടെ മാറുന്ന താൽപര്യങ്ങൾ, ദീർഘകാല ഉൽപ്പാദന പങ്കാളിത്തം കെട്ടിപ്പടുക്കൽ തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള ചർച്ചകളും പ്രദർശനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.
Content Highlights: Dubai World Trade Centre will host 20 international exhibitions and events in November 2026 across DWTC and Dubai Exhibition Centre at Expo City, covering food, technology, construction, education, art and fitness.