ഡ്രെെവറില്ലാ വാഹനമാണ് ഹീറോ; 2030 ഓടെ എണ്ണം 4000-ൽ എത്തിക്കുമെന്ന് ​ദുബായ് ആർടിഎ

നവീകരത്തിന്റെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ആ​ഗോള കേന്ദ്രമെന്ന നിലയിൽ ദുബായ് തങ്ങളുടെ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്തുകയാണെന്നും ദുബായ് ആർടിഎയുടെ ട്രാൻസ്പോർട്ടേഷൻ സിസ്റ്റംസ് ഡയറക്ടർ അദേൽ ഷാക്രി പറഞ്ഞു

ദുബായിൽ ഡ്രെെവറില്ലാ വാഹനത്തിന്റെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ദുബായ് ഓട്ടണോമസ് ട്രാൻസ്പോർട്ടേഷൻ സ്ട്രാറ്റജിയുടെ ഭാ​ഗമായി രജിസ്റ്റർ ചെയ്ത് സെൽഫ് ‍ഡ്രെെവിങ് വാഹനങ്ങളുടെ എണ്ണം 160 ആയി ഉയർന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. 2030 ഓടെ ഡ്രെെവറില്ലാ വാഹനങ്ങളുടെ എണ്ണം 4000 ൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു.

ഇത്തരം വാഹനങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിനും റോഡ് സാഹചര്യങ്ങളിൽ എത്രത്തോളം കാര്യക്ഷമമായി പ്രവർത്തിക്കാൻ വാഹനങ്ങൾക്ക് കഴിയുമെന്ന് പരിശോധിക്കുന്നതിനും പരീക്ഷണങ്ങൾ ആർടിഎ നടത്തി വരികയാണെന്ന് അധികൃതർ വ്യക്തമാക്കി. അൽ മക്തൂം വിമാനത്താവളത്തിന് എതിർവശത്തുള്ള എമിറേറ്റ്സ് റോഡിലെ (E611) മൂന്ന് ലെയ്നുകളിലും അൽ മക്തൂം എയർപോർട്ട് ടണലിലുമാണ് ഈ പരീക്ഷണം നടക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച പരിശീലനം അടുത്ത ശനിയാഴ്ച വരെ തുടരും. കുട്ടികളോ കാൽനടയാത്രക്കാരോ പെട്ടെന്ന് മുന്നിൽ വരിക, വാഹനം പെട്ടന്ന് നിർത്തേണ്ടി വരിക, ട്രാഫിക് സി​ഗ്നലുകളും മറ്റ് വാഹനങ്ങളിൽ നിന്നുള്ള സി​ഗ്നലുകളും തിരിച്ചറിയുക തുടങ്ങിയ വിവിധ സാഹചര്യങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഈ വാഹനങ്ങളുടെ പ്രവർത്തനം പരീക്ഷിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ശ്രദ്ധക്കുറവ്, ക്ഷീണം, അമിതവേ​ഗത തുടങ്ങിയ മനുഷ്യസഹജമായ കാരണങ്ങളാലാണ് ഏകദേശം 95 ശതമാനം വാഹനാപകടങ്ങളും സംഭവിക്കുന്നത്. എന്നാൽ പുതിയ സാങ്കേതികവിദ്യ ഉപയോ​ഗിക്കുന്ന ഇത്തരം വാഹനങ്ങൾക്ക് റോഡിനെയും ചുറ്റുപാടുമുള്ളവയെ നിരീക്ഷിക്കാനും ഇത്തരം മനുഷ്യസഹജമായ പിഴവുകൾ ഇല്ലാതെ തന്നെ ​ഗതാ​ഗത സാഹചര്യങ്ങളോട് പ്രതികരിക്കാനും സാധിക്കും. നവീകരത്തിന്റെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ആ​ഗോള കേന്ദ്രമെന്ന നിലയിൽ ദുബായ് തങ്ങളുടെ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്തുകയാണെന്നും ദുബായ് ആർടിഎയുടെ ട്രാൻസ്പോർട്ടേഷൻ സിസ്റ്റംസ് ഡയറക്ടർ അദേൽ ഷാക്രി പറഞ്ഞു.

Content Highlights: Dubai’s Roads and Transport Authority (RTA) plans to increase its driverless vehicle fleet to 4,000 by 2030 as part of its autonomous transport strategy.

To advertise here,contact us