'പ്രൗഡ് ഓഫ് യുഎഇ' സൈക്ലിങ് റേസ്; ദുബായിൽ നാളെ ഗതാഗത തടസ്സത്തിന് സാധ്യതയെന്ന് ആർടിഎയുടെ മുന്നറിയിപ്പ്

സുഗമമായ യാത്രയ്ക്കായി അധികൃതർ നൽകുന്ന നിർദ്ദേശങ്ങളും ഗതാഗത സൂചികകളും കർശനമായി പാലിക്കണം

ദുബായിലെ പ്രധാന റോഡുകളിൽ നാളെ രാവിലെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ മുന്നറിയിപ്പ്. 'പ്രൗഡ് ഓഫ് യുഎഇ' സൈക്ലിങ് റേസ് സംഘടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. രാവിലെ 6:00 മുതൽ 8:30 വരെയായിരിക്കും റോഡുകളിൽ തടസ്സം നേരിടുക.

നാദ് അൽ ഷെബ സെന്ററിൽ നിന്ന് രാവിലെ 6:00-ന് ആരംഭിക്കുന്ന 80 കിലോമീറ്റർ ദൈർഘ്യമുള്ള മത്സരത്തിൽ നൂറുകണക്കിന് സൈക്കിളോട്ടക്കാരാണ് പങ്കെടുക്കുന്നത്. ഗതാഗത തടസ്സം ഒഴിവാക്കാൻ യാത്രക്കാർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്നും അധിക സമയം കരുതി വേണം പുറപ്പെടാനെന്നും ദുബായ് പൊലീസ് നിർദ്ദേശിച്ചു. സുഗമമായ യാത്രയ്ക്കായി അധികൃതർ നൽകുന്ന നിർദ്ദേശങ്ങളും ഗതാഗത സൂചികകളും കർശനമായി പാലിക്കണം.

ദുബായ് പൊലീസ് ജനറൽ കമാൻഡിന്റെ നേതൃത്വത്തിൽ യുഎഇ സൈക്ലിങ് ഫെഡറേഷൻ, ദുബായ് സ്‌പോർട്‌സ് കൗൺസിൽ, ആർടിഎ എന്നിവരുടെ സഹകരണത്തോടെയാണ് സൈക്ലിങ് റേസിന്റെ രണ്ടാമത് എഡിഷൻ നടക്കുന്നത്. 1,40,000 ദിർഹമാണ് മത്സരത്തിലെ ആകെ സമ്മാനത്തുക. യുഎഇയുടെ നേട്ടങ്ങളെ പ്രകീർത്തിക്കുന്നതിനും കായിക വിനോദങ്ങളിലൂടെ ആരോഗ്യകരമായ ജീവിതശൈലി സമൂഹത്തിൽ വളർത്തിയെടുക്കുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

Content Highlights: Dubai’s Roads and Transport Authority has warned motorists of traffic delays on Sunday, October 4, during the ‘Proud of the UAE’ cycling race. The event will take place from 6am to 8:30am, with some roads expected to experience traffic congestion. RTA has advised motorists to plan their journeys in advance and follow directional signs. Gulf News

To advertise here,contact us