റോഡിലെ വായുമലിനീകരണവും ചൂടും അളക്കാൻ എഐ സംവിധാനം; പുതിയ പ​ദ്ധതിയുമായി അബുദാബി മുനിസിപ്പാലിറ്റി

പരമ്പരാഗതമായി ചില പ്രത്യേക കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സ്റ്റേഷനുകൾ വഴിയാണ് വായുവിന്റെ ഗുണനിലവാരം അളന്നിരുന്നത്

അബുദാബി നഗരത്തിൽ യാത്ര ചെയ്യുന്ന ആളുകൾ എത്രത്തോളം വാഹനപ്പുക ശ്വസിക്കുന്നുണ്ടെന്നും പരിസ്ഥിതി മലിനീകരണത്തിന് ഇരയാകുന്നുണ്ടെന്നും കൃത്യമായി കണ്ടെത്താൻ എഐ സാങ്കേതികവിദ്യയുമായി അധികൃതർ. കാൽനടയാത്രക്കാരെ ബാധിക്കുന്ന മലിനീകരണ തോത് തത്സമയം നിരീക്ഷിക്കുന്ന 'എക്‌സ്‌പോഷർ എഐ' (Exposure AI) എന്ന പുതിയ ടൂളാണ് നഗരത്തിൽ നടപ്പിലാക്കുന്നത്. ഡിപ്പാർട്ട്‌‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ടും എംഐടി സെൻസബിൾ സിറ്റി ലാബും സംയുക്തമായാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.

ഓരോ വാഹനങ്ങളും ഉണ്ടാക്കുന്ന മലിനീകരണ തോത് ഡാഷ്‌ക്യാം ദൃശ്യങ്ങൾ ഉപയോഗിച്ച് വിശകലനം ചെയ്യുന്ന 'എമിഷൻ എഐ' (Emission AI) എന്ന സംവിധാനത്തോടൊപ്പം ചേർന്നാണ് ഇത് പ്രവർത്തിക്കുന്നത്. കൃത്യമായ ഒരിടത്ത് മാത്രം സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളെ ആശ്രയിക്കുന്നതിന് പകരം, ജനങ്ങൾ ശരിക്കും അനുഭവിക്കുന്ന വായുമലിനീകരണ തോത് വാഹനങ്ങളിൽ നിന്നുള്ള പുകയുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യാൻ ഈ രണ്ട് സംവിധാനങ്ങളിലൂടെയും സാധിക്കും.

പരമ്പരാഗതമായി ചില പ്രത്യേക കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സ്റ്റേഷനുകൾ വഴിയാണ് വായുവിന്റെ ഗുണനിലവാരം അളന്നിരുന്നത്. എന്നാൽ എക്‌സ്‌പോഷർ എഐ കാൽനടയാത്രക്കാരെ പിന്തുടർന്ന് അവർ ശ്വസിക്കുന്ന വായുവിന്റെ ഗുണനിലവാരം തത്സമയം രേഖപ്പെടുത്തുന്നു. വാഹനങ്ങളുടെ മുൻപിലുള്ള ക്യാമറാ ദൃശ്യങ്ങൾ എഐ ഉപയോഗിച്ച് വിശകലനം ചെയ്ത് ഏത് തരം വാഹനങ്ങളാണ് കൂടുതൽ മലിനീകരണമുണ്ടാക്കുന്നതെന്നും ഏത് റോഡുകളിലാണ് പ്രശ്നം രൂക്ഷമെന്നും കണ്ടെത്താൻ എമിഷൻ എഐ സഹായിക്കും.

അബുദാബിയിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇതിന്റെ തുടർച്ചയായി 'ഡിഎംടി ഫ്യൂച്ചർ ഹബ്ബ്' വഴി കൂടുതൽ പദ്ധതികൾ നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്. വായുമലിനീകരണവും ചൂടും കൂടുതലുള്ള പ്രദേശങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കാൻ എഐ വഴി വഴികാട്ടുന്ന 'ട്രീസ് ഇൻ മൈ ബാക്ക് യാർഡ്', 'റീ-ലീഫ്' എന്നീ പദ്ധതികളും വെളിച്ച മലിനീകരണം കുറയ്ക്കുന്നതിനുള്ള 'സ്റ്റെല്ലാർ ഒയാസിസ്' പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു.

Content Highlights: Abu Dhabi’s Department of Municipalities and Transport is working with MIT to use AI tools to assess traffic emissions and pedestrians’ exposure to air pollution, while also researching urban heat and ways to improve street environments.

To advertise here,contact us