അബുദാബി-ദുബായ് റൂട്ടിൽ യാത്രക്കാരുടെ വലിയ തിരക്ക്; ആറ് പുതിയ വാരാന്ത്യ സർവീസുകളുമായി ഇത്തിഹാദ് റെയിൽ

കഴിഞ്ഞ ബുധനാഴ്ചയാണ് ദുബായിലെ അൽ യലായീസ് സ്റ്റേഷൻ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്

യാത്രക്കാരുടെ വൻ തിരക്ക് പരിഗണിച്ച് അബുദാബിക്കും ദുബായിക്കുമിടയിൽ ഈ വാരാന്ത്യത്തിൽ ആറ് പുതിയ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ. ഒക്ടോബർ മൂന്ന് ശനിയാഴ്ച മൂന്ന് സർവീസുകളിലായി ആയിരത്തിലധികം സീറ്റുകളും ഒക്ടോബർ നാല് ഞായറാഴ്ച മറ്റ് മൂന്ന് സർവീസുകളിലായി ആയിരം സീറ്റുകളുമാണ് അധികമായി ഏർപ്പെടുത്തിയിരിക്കുന്നത്. ട്രെയിൻ യാത്രയോടുള്ള പൊതുജനങ്ങളുടെ വൻ താൽപ്പര്യവും ഉയർന്ന ഡിമാൻഡുമാണ് അധിക സർവീസുകൾ ആരംഭിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.

ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12:14-ന് അബുദാബിയിൽ നിന്ന് ദുബായിലേക്കും 13:43-ന് ദുബായിൽ നിന്ന് അബുദാബിയിലേക്കും വൈകുന്നേരം 16:43-ന് അബുദാബിയിൽ നിന്ന് ദുബായിലേക്കുമാണ് പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചതിന് പിന്നാലെ, വെറും രണ്ട് മണിക്കൂറിനുള്ളിൽ ശനിയാഴ്ചത്തെ സർവീസുകളിലെ പ്രീമിയം കംപാർട്ട്‌മെന്റിലെ മുഴുവൻ സീറ്റുകളും വിറ്റഴിഞ്ഞു. എന്നാൽ കംഫർട്ട് ക്ലാസിൽ ചില സീറ്റുകൾ ഇനിയും ലഭ്യമാണ്. കൂടുതൽ ലെഗ്‌റൂമും ചാരിയിരിക്കാവുന്ന സീറ്റുകളുമുള്ളതാണ് പ്രീമിയം വിഭാഗം.

കഴിഞ്ഞ ബുധനാഴ്ചയാണ് ദുബായിലെ അൽ യലായീസ് സ്റ്റേഷൻ പൊതുജനങ്ങൾക്ക് യാത്രാ സേവനത്തിനായി തുറന്നുകൊടുത്തത്. ആദ്യദിനം തന്നെ നൂറുകണക്കിന് യാത്രക്കാരാണ് ഈ പാതയിൽ യാത്ര ചെയ്തത്. സാധാരണ പ്രവൃത്തിദിനങ്ങളിൽ ഇരു എമിറേറ്റുകൾക്കുമിടയിൽ പത്ത് സർവീസുകളാണ് ഉള്ളത്. ഇതിൽ രണ്ടെണ്ണം രാവിലെയെയും ബാക്കിയുള്ളവ ഉച്ചയ്ക്കും വൈകുന്നേരങ്ങളിലുമാണ് സർവീസ് നടത്തുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന ഈ ട്രെയിനുകളിൽ ഒരു മണിക്കൂറും നാല് മിനിറ്റും കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും.

ഇത്തിഹാദ് റെയിൽ ആപ്പ് വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ യാത്രക്കാർക്ക് മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സ്റ്റേഷൻ കൗണ്ടറുകളിൽ നേരിട്ടെത്തിയും ടിക്കറ്റെടുക്കാൻ സൗകര്യമുണ്ട്. എന്നാൽ യാത്രക്കാർ ശരാശരി 10 ദിവസം മുമ്പ് തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനാൽ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്ത് ബുക്കിംഗ് പൂർത്തിയാക്കണമെന്ന് വക്താവ് നിർദ്ദേശിച്ചു.

സേവർ, വാല്യൂ, ഫ്ലെക്സ് എന്നിങ്ങനെ മൂന്ന് ടിക്കറ്റ് ക്ലാസുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. മാറ്റങ്ങൾ വരുത്താനാകാത്തതും പണം തിരികെ ലഭിക്കാത്തതുമായ റാൻഡം സീറ്റ് ഓപ്ഷനാണ് സേവർ. 20 ദിർഹം അധികം നൽകിയാൽ മാറ്റങ്ങൾ വരുത്താനും ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാനും കഴിയുന്നതാണ് വാല്യൂ ക്ലാസ്. 50 ദിർഹം അധികമായി നൽകുന്ന ഫ്ലെക്സ് ടിക്കറ്റുകളിൽ തിയതി മാറ്റങ്ങൾ വരുത്താനും ടിക്കറ്റ് റദ്ദാക്കി പണം തിരികെ വാങ്ങാനും സാധിക്കും. രണ്ട് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് പകുതി നിരക്കിലും മുതിർന്ന പൗരന്മാർക്ക് 20 ശതമാനം ഇളവിലും ടിക്കറ്റ് ലഭ്യമാണ്.

Content Highlights: Etihad Rail has introduced six additional services between Abu Dhabi and Dubai this weekend in response to exceptional early demand. Three extra services will operate on Saturday, October 3, and three on Sunday, October 4, adding more than 2,000 seats.

To advertise here,contact us